ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച
റിയാദ്: ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഏപ്രിൽ 10 ബുധനാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ ചെറിയ പെരുന്നാൾ എന്നായിരിക്കുമെന്നത് നാളെ അറിയാം. ഇവിടെ ഒരുദിവസം വൈകിയാണ് വൃതം ആരംഭിച്ചത്. ഇതോടെ ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയാവും ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.
ശവ്വാൽ മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിക്കുകയായിരുന്നു. സൗദിയെ കൂടാതെ യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്‌ച തന്നെയാവും ഈദ് ആഘോഷങ്ങൾ നടക്കുക.

മാർച്ച് 11നായിരുന്നു ഒമാൻ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ റമദാൻ വൃതം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുപ്പതാം ദിവസമാണ്. ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും നാളെ പ്രഖ്യാപിക്കുക. അതേസമയം, ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലെ സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം പെരുന്നാൾ നമസ്‌കാരവും ഈദ്ഗാഹുകളും ഒരുക്കിയിട്ടുണ്ട്.
സൗദിയിൽ ചെറിയ പെരുന്നാളിന്റെ ഭാഗമായി നാല് ദിവസത്തോളം അവധി പ്രഖ്യാപിച്ചിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുക. യുഎഇ സര്‍ക്കാര്‍ ആവട്ടെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്‌ച നീളുന്ന ചെറിയ പെരുന്നാള്‍ അവധിയാണ് അനുവദിച്ചത്. ഇനി ഏപ്രിൽ പതിനഞ്ച് മുതൽ മാത്രമാണ് അവർക്ക് പ്രവർത്തി ദിനം.
പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ത്ത് ആകെ അഞ്ചു ദിവസത്തെ അവധിയാണ് കുവൈത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ലഭിക്കുക. ഒമാനിലാവട്ടെ ഏപ്രിൽ ഒമ്പത് മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി.
അതേസമയം, സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും മാസപ്പിറവി നിരീക്ഷണം നടത്തിയത്. എന്നാൽ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. ഇതോടെയാണ് റമദാൻ മുപ്പത് ദിവസങ്ങൾക്ക് ശേഷമാവും പെരുന്നാൾ ആഘോഷങ്ങളെന്ന് വ്യക്തമായത്. ഒമാനിൽ നാളേക്ക് വൃതം 29 ദിവസം പൂർത്തിയാവുകയേ ഉള്ളൂ.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ അതീവ പ്രാധാന്യത്തോടെ കാണുന്ന ദിനമാണ് ഈദ്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉൽ ഫിത്തർ എന്ന് വിളിക്കുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ആരോഗ്യവും പ്രതിരോധശേഷിയും വാഗ്‌ദാനം ചെയ്‌തതിന് അല്ലാഹുവിന് നന്ദി പറയുന്ന ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്.












Click it and Unblock the Notifications