യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും
ദുബായ്: കാലാവധി തീർന്ന വിസകളുള്ള താമസക്കാർക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുവദിച്ചിരുന്ന പ്രത്യേക സമയപരിധി മാർച്ച് 31 ചൊവ്വാഴ്‌ച അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന സാഹചര്യത്തിലായിരുന്നു നേരത്തെ മാർച്ച് 31 വരെയുള്ള സമയപരിധി അനുവദിച്ചു നൽകിയത്.
നിലവിൽ തീയതി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഐസിപി അറിയിച്ചിരിക്കുന്നത്. പ്രാദേശിക തടസങ്ങളും വ്യോമാതിർത്തി അടച്ചതും കാരണം യാത്രാസൗകര്യം നിലച്ചതിനെ തുടർന്ന്, താമസാനുമതി രേഖകൾക്ക് കാലാവധി കഴിഞ്ഞ ശേഷം വിദേശത്ത് കുടുങ്ങിയവർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി പ്രകാരം, യോഗ്യരായ താമസക്കാർക്ക് പുതിയ എൻട്രി വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നു. ഫെബ്രുവരി 28 ഓടെ യാത്രാ തടസങ്ങൾ വർദ്ധിച്ച ശേഷം യുഎഇക്ക് പുറത്തായിരിക്കുമ്പോൾ താമസാനുമതിക്ക് കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. ഇത് ആയിരക്കണക്കിന് പ്രവാസികൾക്ക് ഗുണം ചെയ്യുന്ന തീരുമാനം ആയിരുന്നു.
അസാധാരണ സാഹചര്യങ്ങളിൽ യുഎഇ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി, ബുദ്ധിമുട്ടിലായ താമസക്കാരുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും അവരുടെ മടങ്ങിവരവ് സുഗമമാക്കാനുമാണ് ഈ താൽക്കാലിക ക്രമീകരണം ലക്ഷ്യമിട്ടതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ സമയപരിധിക്ക് മുമ്പ് മടങ്ങിയെത്താൻ യോഗ്യരായ താമസക്കാരോട് ഐസിപി അഭ്യർത്ഥിച്ചു.
ഈ ആനുകൂല്യം അവസാനിച്ചാൽ, പുതിയ എൻട്രി വിസ നേടാനുള്ള വ്യവസ്ഥ ഉൾപ്പെടെ സാധാരണ പ്രവേശന നടപടിക്രമങ്ങൾ പുനരാരംഭിക്കും. ഇതിന് ചിലവേറുമെന്ന് മാത്രമല്ല നടപടിക്രമങ്ങൾ അൽപ്പം കൂടി സങ്കീർണമായിരിക്കും. അതൊഴിവാക്കാനാണ് മാർച്ച് 31ന് മുൻപ് തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താൻ താമസക്കാരോട് യുഎഇ ഭരണകൂടം അറിയിച്ചത്.
ഈ സസ്പെൻഷൻ കാലയളവിൽ, വിസ കാലാവധി കഴിഞ്ഞ വിദേശ സന്ദർശകരെയും, യാത്രയ്ക്കായി പെർമിറ്റുകൾ റദ്ദാക്കിയ താമസക്കാരെയും ദിവസേനയുള്ള 50 ദിർഹം പിഴയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ മാർച്ച് 31ന് മുൻപ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അവരോട് ഭരണകൂടം നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിരവധി പേർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി എന്നാണ് വിവരം.
ഇന്ത്യക്കാർ അടക്കമുള്ള വലിയൊരു വിഭാഗം പ്രവാസികളാണ് അപ്രതീക്ഷിത യുദ്ധത്തിൽ വലഞ്ഞത്. പലരും നാട്ടിൽ ഉൾപ്പെടെ കുടുങ്ങിപോയിരുന്നു. വിസാ കാലാവധിക്ക് മുൻപ് യുഎഇയിൽ തിരിച്ചെത്തി പുതുക്കൽ നടപടികൾ പൂർത്തിയാക്കാമെന്ന് കരുതിയവർക്ക് ഇരുട്ടടി നൽകി കൊണ്ടാണ് ഇറാൻ-യുഎസ്, ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications