ദുബായിൽ നിന്ന് സ്വർണം വാങ്ങാമെന്ന മോഹം ഇനി നടക്കില്ല; വില വീണ്ടും ഉയർന്നു, ഗ്രാമിന് 500 ദിർഹത്തിലേക്ക്?
അബുദാബി: ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വീണ്ടും തിരിച്ചടി. സ്വർണവിലയിൽ മുന്നേറ്റമുണ്ടായതോടെയാണ് ഇത്. നിലവിൽ ഗ്രാമിന് 500 ദിർഹം എന്ന നിർണായക നിലവാരത്തിന് അടുത്തേക്ക് എത്തിയിരിക്കുകയാണ് വില. ബുധനാഴ്‌ച രാവിലെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 495.75 ദിർഹമായി, ചൊവ്വാഴ്‌ചത്തെ 492 ദിർഹത്തിൽ നിന്ന് 3.75 ദിർഹം വർധിച്ചു. ഇതോടെ 500 ദിർഹം എന്ന നിലവാരത്തിൽ നിന്ന് വെറും 4.25 ദിർഹം മാത്രമാണ് ഇപ്പോൾ കുറവുള്ളത്.
22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 459 ദിർഹമായി ഉയർന്നു, ഒരു ദിവസം മുമ്പ് ഇത് 455.50 ദിർഹം മാത്രം ആയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 481.50 ദിർഹത്തിൽ നിന്ന് സ്വർണവില വീണ്ടും ഉയരുകയാണ്. അതിനുശേഷം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14.25 ദിർഹത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വ്യാപാര ദിവങ്ങളിലാണ് കൂടുതലും ഈ വർധന രേഖപ്പെടുത്തിയത്. അത് ഇനിയും തുടരുമോ എന്നാണ് ചോദ്യം.

ജൂലൈ 4, 5 തീയതികളിൽ രേഖപ്പെടുത്തിയ 503 ദിർഹം എന്ന മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഇപ്പോഴത്തെ വില 7.25 ദിർഹം താഴെയാണ്. അതേസമയം, 22 കാരറ്റ് സ്വർണവിലയും മാസത്തിലെ ഏറ്റവും താഴ്ന്ന 446 ദിർഹത്തിൽ നിന്ന് 13 ദിർഹം ഉയർന്ന് ഇപ്പോൾ 459 ദിർഹത്തിലെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം കുറഞ്ഞ വില ആയതിനാൽ തന്നെ ആഭരണങ്ങൾ വാങ്ങാനും മറ്റും തിരക്ക് കൂടിയിരുന്നു.
ആഗോള വിപണിയിലും ആനുപാതികമായി സ്വർണവില ഉയർന്നിട്ടുണ്ട്. ഒരു ഔൺസ് സ്വർണത്തിന്റെ വില 4100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഏകദേശം 2 ശതമാനം വർധനയ്ക്ക് പിന്നാലെയാണ് ഈ മുന്നേറ്റം. അതേസമയം, വെള്ളിയുടെ വിലയും ഔൺസിന് 60 ഡോളറിലേക്ക് ഉയരുന്ന പ്രവണതയാണ് കാണുന്നത്. വെള്ളിയും കഴിഞ്ഞ കുറേ മാസങ്ങളിൽ ഉണ്ടായ ഇടിവിൽ നിന്ന് തിരിച്ചുകയറുന്നതായാണ് വില നിലവാരം കാണിക്കുന്നത്.
അടുത്തിടെ വില കുറഞ്ഞതിനെ തുടർന്ന് നിക്ഷേപകരും സ്വർണം വാങ്ങുന്നവരും വീണ്ടും മഞ്ഞ ലോഹത്തിലേക്ക് തിരിഞ്ഞിരുന്നു. സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് ഫണ്ടുകളിലേക്കും കൂടുതൽ നിക്ഷേപം എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അവിടെ നിന്നാണ് പെട്ടന്ന് സ്വർണവില ഇപ്പോൾ വീണ്ടും ഉയരുന്നത്. ഇതേ ട്രെൻഡ് ഈ മാസം മുഴുവനും തുടർന്നാൽ സ്വർണം പഴയ ട്രാക്കിലേക്ക് എത്തുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതും സ്വർണവില ഉയരാൻ കാരണമായ ഘടകങ്ങളിലൊന്ന്. ഹോർമുസ് കടലിടുക്കിന് സമീപം ഇരുരാജ്യങ്ങളും ആക്രമണം നടത്തിയതിന് പിന്നാലെ ചർച്ചകൾ ഉടൻ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. യെമനിലെ ഹൂത്തി വിമതരും ചെങ്കടലിലെ കപ്പൽഗതാഗതത്തിന് ഭീഷണി ഉയർത്തുകയാണ്. അതിനാൽ എല്ലാവരും സ്വർണത്തെ ഉറ്റുനോക്കുകയാണ്.


Click it and Unblock the Notifications