ദുബായ്-അബുദാബി യാത്ര ഇനി എളുപ്പം; ഒരു മണിക്കൂർ കൊണ്ട് എത്താം, എത്തിഹാദ് റെയിൽ സർവീസ് തുടങ്ങി
അബുദാബി: ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിനുകൾ ബുധനാഴ്‌ച രാവിലെയോടെ കൃത്യസമയത്ത് സർവീസ് പൂർത്തിയാക്കി. ഇതോടെ രണ്ട് എമിറേറ്റുകൾക്കിടയിലെ സ്ഥിരം യാത്രാ ട്രെയിൻ സർവീസുകൾക്ക് തുടക്കമായിരിക്കുകയാണ്. ദുബായിൽ നിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ രാവിലെ 6.14ന് യാത്ര ആരംഭിച്ച് നിശ്ചയിച്ച സമയത്തിനുള്ളിൽ അബുദാബിയിലെത്തി.
ട്രെയിൻ 702 രാവിലെ 7.14ന് പുറപ്പെട്ടു. അടുത്ത സർവീസ് ഉച്ചയ്ക്ക് 1.14നായിരുന്നു നിശ്ചയിച്ചിരുന്നത്. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ആകെ 10 സർവീസുകളാണ് ഇത്തിഹാദ് റെയിൽ നടത്തുക. ജോലിക്കായി ദുബായിൽ നിന്നും അബുദാബിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പുറമെ പുതിയ ട്രെയിൻ സർവീസ് അനുഭവിക്കാനെത്തുന്ന യാത്രക്കാരെയും ഇത് ആകർഷിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ബുക്കിംഗ് എങ്ങനെ?
യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ദുബായ് മെട്രോ, ട്രാം, ബസ് സർവീസുകൾക്കായി നൊൽ വൺ ഡേ പാസ് കൂടി വാങ്ങാനുള്ള സൗകര്യമുണ്ട്. 22 ദിർഹം വിലയുള്ള നൊൽ വൺ ഡേ പാസ് ഉപയോഗിച്ച് ദുബായ് മെട്രോ, ട്രാം, ബസ് എന്നിവയിൽ അർഹമായ സർവീസുകളിൽ പരിധിയില്ലാതെ യാത്ര ചെയ്യാം. ഇത്തിഹാദ് റെയിൽ ആപ്പിലും ടിക്കറ്റ് ബുക്കിങ് സ്ഥിരീകരണ ഇമെയിലിലും ലഭിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടത്.
ഗോൾഡ് നൊൽ വൺ ഡേ പാസിന് 42 ദിർഹമാണ് വില. ഗോൾഡ് പാസ് ഉപയോഗിക്കുന്നവർക്ക് ദുബായ് മെട്രോയിലും ട്രാമിലും ഫസ്‌റ്റ് ക്ലാസ് ക്യാബിനുകളിൽ യാത്ര ചെയ്യാം. ഇത്തിഹാദ് റെയിലിൽ കംഫർട്ട് ക്ലാസ് ടിക്കറ്റ് എടുത്തവർക്കും ഗോൾഡ് പാസ് വാങ്ങാനാകും. ദുബായിലെ അൽ യലായിസ് സ്‌റ്റേഷൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്മന്റ് പാർക്ക്, ദുബായ് സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സ് മെട്രോ സ്‌റ്റേഷനുമായി നേരിട്ടുള്ള നടപ്പാത ബന്ധവും അൽ യലായിസ് സ്‌റ്റേഷനുണ്ട്. സ്‌റ്റേഷന് പുറത്തുള്ള നടപ്പാലത്തിന് ഏകദേശം 400 മീറ്റർ നീളമുണ്ട്.
ഇത് വഴി മെട്രോ സ്‌റ്റേഷനിലെത്താൻ ഏകദേശം അഞ്ച് മിനിറ്റ് വേണ്ടിവരും. അവിടെ നിന്ന് ദുബായ് മെട്രോ റെഡ് ലൈൻ ഉപയോഗിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാം. അൽ യലായിസ് സ്‌റ്റേഷനിൽ നിന്ന് എക്സ്പോ സിറ്റിയിലേക്ക് കാറിൽ ഏകദേശം 10 മിനിറ്റും ജുമൈറ വില്ലേജ് സർക്കിളിലേക്ക് 17 മിനിറ്റും ദുബായ് ഹിൽസിലേക്ക് 18 മിനിറ്റും വേണ്ടിവരും.
പാം ജുമൈറയിലേക്ക് ഏകദേശം 22 മിനിറ്റും മാൾ ഓഫ് എമിറേറ്റ്സിലേക്ക് 25 മിനിറ്റും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 27 മിനിറ്റും ദുബായ് മാളിലേക്ക് 29 മിനിറ്റും യാത്രാസമയം കണക്കാക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ ഏകദേശം 40 മിനിറ്റ് വേണ്ടിവരുമെന്നും കണക്കുകൂട്ടുന്നു.


Click it and Unblock the Notifications
