ദുബായിൽ ഈ വർഷം വരുന്നത് ഏഴിലധികം മാളുകൾ; അതിൽ പ്രധാനം ഈ മലയാളി വ്യവസായിയുടേത്..!
ദുബായ്: യുഎഇയിലെ ഷോപ്പിംഗ് മേഖലയിൽ ഈ വർഷം ഒരു വഴിത്തിരിവായേക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് വരാനിരിക്കുന്നത്, പ്രത്യേകിച്ച് ദുബായിൽ. പുതിയ രൂപകൽപ്പനകൾ, തുറന്ന ഇടങ്ങൾ, ആരോഗ്യ-ജീവിതശൈലി ലക്ഷ്യസ്ഥാനങ്ങൾ എന്നിവ ഈ വർഷം കൂടുതലായി നഗരത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്. ആഗോള ടൂറിസം ഹബ്ബ് എന്ന നിലയിലേക്ക് ദുബായ് മാറുമ്പോൾ അതിന് കൂടുതൽ ഇന്ധനം പകരുന്ന ചില സുപ്രധാന നീക്കങ്ങളാണ് നടക്കുന്നത്.
അതിന്റെ ആദ്യ പടിയെന്നോണം സമൂഹ കേന്ദ്രീകൃതവും വിനോദപരവുമായ നിരവധി മാളുകളാണ് യുഎഇയിൽ ഒരുങ്ങുന്നത്. നിലവിൽ ദുബായ് നഗരത്തെ സംബന്ധിച്ച് മാളുകൾക്ക് ഒരു പഞ്ഞവുമില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എമിറേറ്റിലെ ഒട്ടുമിക്ക മേഖലകളിലും വാണിജ്യ, വിനോദ കേന്ദ്രങ്ങളായി മാളുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ വർഷം അഞ്ചിലധികം മാളുകൾ വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അത് കൂടാതെ നിലവിൽ ദുബായിൽ പ്രവർത്തിക്കുന്ന വമ്പൻ മാളുകളിൽ ചിലത് കൂടുതൽ നവീകരണം നടത്തി മുഖം മിനുക്കാനും ആളുകളെ ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിൽ പ്രമുഖ മലയാളി വ്യവസായി പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ റിയൽറ്റിയുടെ മാളും ഉൾപെടുന്നുണ്ട് എന്നതാണ്. കമ്പനിയുടെ റീട്ടെയിൽ മേഖലയിലേക്കുള്ള ആദ്യ ചുവടുവായ്പ്പായ ശോഭ മാൾ 2026 രണ്ടാം പകുതിയോടെ തുറക്കുമെന്നാണ് വിവരം. ജിം, പ്ലേ കോർട്ടുകൾ, പത്തിലേറെ ഡൈനിങ് കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ടാകും.
ദുബായിലെ ശോഭ ഹാർട്ട്‌ലാൻഡിൽ 3,39,000 ചതുരശ്ര അടിയിലാണ് ശോഭ ഹാർട്ട്‌ലാൻഡ് മാൾ വരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ ജിം, കളിസ്ഥലങ്ങൾ, ഡൈനിംഗ് സ്പോട്ടുകൾ എന്നിവയ്ക്ക് പുറമേ ബൂട്ടിക് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ്, ജീവിതശൈലി സൗകര്യങ്ങൾ എന്നിവ ഒരുമിപ്പിക്കുന്ന ഈ മാൾ പ്രദേശവാസികളെയും സന്ദർശകരെയും ഒരുപോലെ ലക്ഷ്യമിടുന്നു.
വാദി അൽ സഫ 2-ലെ ലിവാൻ മാൾ (1,13,674 ചതുരശ്ര അടി) താമസക്കാർക്കും ജീവിതശൈലി ആവശ്യക്കാർക്കും വിനോദങ്ങൾ കൊതിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. വാദി അൽ സഫ 5-ലെ വില്ലാ സ്ക്വയർ (1,24,000 ചതുരശ്ര അടി) കുടുംബങ്ങളെയും ആരോഗ്യപ്രേമികളെയും സമീപവാസികളെയും ആകർഷിക്കും.
ദുബായ് സൗത്ത് റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള സൗത്ത് ബേ മാൾ 2,00,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി വരുന്നു എന്നതാണ് അറിയിച്ചിരിക്കുന്നത്. ഇത് ദുബായ് സൗത്ത് സമൂഹത്തെയും സന്ദർശകരെയും ഉദ്ദേശിച്ചുള്ളതാണ്. ഈ മാളിലും ഇന്നത്തെ കാലത്തിന് ഒത്ത എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉണ്ടാവുമെന്ന് ഉറപ്പാണ്.
ദുബായ് ക്രീക്ക് ഹാർബറിലെ ദുബായ് സ്ക്വയർ മെഗാ-സ്കെയിൽ പദ്ധതിയാണ്; വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും ഷോപ്പിംഗ് ഇഷ്‌ടപ്പെടുന്ന ആളുകൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരമാകുന്ന ഒരു കേന്ദ്രമായിരിക്കും ഇതെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.
അതേമയം, 2026-നെ യുഎഇയിലെ മാൾ പ്രേമികൾക്ക് ഏറ്റവും ആവേശകരമായ വർഷമാക്കി മാറ്റുമെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാവരും ആഘോഷങ്ങൾക്കും നൈറ്റ് ലൈഫിനും ഒക്കെ പ്രാധാന്യം നൽകുന്ന ഈകാലത്ത് മാളുകൾ വലിയൊരു ആശ്രയമാണ്. കുടുംബത്തോടൊപ്പവും അല്ലാതെയും ഒരു കുടക്കീഴിൽ എല്ലാം ലഭ്യമാക്കുന്ന മാളുകൾ ദുബായുടെ മുഖമായി മാറുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications