ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവലിന് ഇന്ത്യക്കാർ കുറയും..? കാരണം ഈ വിസ നിയമങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ പണം പോവും
ദുബായ്: ഇന്ത്യക്കാർ കൂടുതലായി ദുബായ് നഗരം ലക്ഷ്യമിട്ട് യാത്ര ചെയ്യുന്ന സമയമാണിത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവിടെ നടക്കുന്ന ഷോപ്പിംഗ് ഫെസ്‌റ്റിവലാണ്. ഡിസംബർ എട്ട് മുതൽ 14 വരെയാണ് ഷോപ്പിംഗ് ഫെസ്‌റ്റിവൽ നടക്കുന്നത്. എന്നാൽ ഈ സമയം ദുബായിലേക്ക് പോവാനായി പെട്ടിവരെ പാക്ക് ചെയ്‌തുവച്ചവരെ പോലും ഇടിത്തീ പോലെ വന്ന പുതിയ വിസാ നിയമങ്ങൾ കുരുക്കിയപ്പോൾ നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ട്രാവൽ ഏജൻസികൾ ഒരുപോലെ വിസ നിരാകരിക്കുന്നതിന്റെ തോത് വൻതോതിൽ ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എമിറേറ്റ്സിലേക്ക് വിനോദ സഞ്ചാരികളായി പോലും എത്തണമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കേണ്ട ഗതികേടിലാണ് ഇന്ത്യക്കാർ. ഇത് വഴിയൊരുക്കുന്നതാവട്ടെ വലിയ അനിശ്ചിതത്വത്തിനും കാര്യമായ സാമ്പത്തിക നഷ്‌ടങ്ങൾക്കുമാണ്.

നേരത്തെ 99 ശതമാനം ഇന്ത്യൻ ടൂറിസ്‌റ്റ് വിസകളും അംഗീകരിക്കപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് വിവിധ ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ വിസ നിയമങ്ങൾ നടപ്പാക്കിയതോടെ അനുമതി കിട്ടാതെ യാത്ര മുടങ്ങുന്നവരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്. പലർക്കും ഇത് കാര്യമായ സാമ്പത്തിക നഷ്‌ടവും വരുത്തിവയ്ക്കുന്നുണ്ട്.
സീസണിലെ തിരക്ക് മുൻകൂട്ടി കണ്ട് മികച്ച എയർലൈനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും താമസ സൗകര്യങ്ങൾ വരെ മുൻകൂറായി ഒരുക്കുകയും ചെയ്‌തവരുടെ വിസകൾ പോലും തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് യാത്രക്കാർക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിവയ്ക്കുന്ന സ്ഥിതിവിശേഷവും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വിസ ഫീസുകൾ മാത്രമല്ല ഇത്തരം മുൻകൂട്ടിയുള്ള ബുക്കിംഗ് മുഖേനയും വലിയ നഷ്‌ടമാണ് ടൂറിസ്‌റ്റുകൾക്ക് നേരിടേണ്ടി വരുന്നത്. ദുബായിൽ നടപ്പിലാക്കിയ പുതിയ വിസ നിയമങ്ങൾ താരതമ്യേന സങ്കീർണവും അതിലേറെ ചിലവേറിയതുമാണ് എന്നതാണ് പലരെയും പിന്നിലേക്ക് വലിക്കുന്ന ഘടകം. ഇത് കൂടുതൽ പേരെ യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കാനും കാരണമാവുമെന്ന് വിലയിരുത്തലുണ്ട്.
ദുബായിലെ പുതിയ വിസ നിയമം
ഉറപ്പായ മടക്ക ടിക്കറ്റ്: സന്ദർശന കാലയളവിന് ശേഷം ദുബായിൽ നിന്ന് മടങ്ങുമെന്നുള്ള യാത്രക്കാരുടെ ഉറപ്പിനെ അടയാളപ്പെടുത്തി കൊണ്ട് ഉറപ്പായ മടക്ക ടിക്കറ്റിന്റെ പകർപ്പ് വിസ രേഖകൾക്ക് ഒപ്പം ഹാജരാക്കണം. നേരത്തെ എയർപോർട്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രമേ ഈ രേഖകൾ നിങ്ങൾ ഹാജരാക്കേണ്ടതുള്ളൂ എന്നായിരുന്നു ചട്ടം. ഇതിലെ മാറ്റം വലിയ രീതിയിൽ ഇന്ത്യൻ ടൂറിസ്‌റ്റുകളെ തിരിച്ചടിക്കും.
താമസ സൗകര്യത്തിന്റെ വിവരങ്ങൾ: ദുബായിലെത്തുന്ന ടൂറിസ്‌റ്റുകൾ നിർബന്ധമായും അവരുടെ താമസ സൗകര്യത്തെ കുറിച്ചുള്ള രേഖകൾ വിസ കിട്ടാനായി ഹാജരാക്കേണ്ടതുണ്ട്. ഇതും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രതികൂല ഘടകമാണ്. കൂടാതെ യാത്രക്കാരന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കെൽപ്പും വിസ രേഖകളിൽ കാണിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.












Click it and Unblock the Notifications