ഇൻസ്‌റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ദുബായ് രാജകുമാരി; കാരണവും വെളിപ്പെടുത്തി
ദുബായ്: ഇൻസ്‌റ്റഗ്രാമിലൂടെ ഭർത്താവുമായുള്ള വിവാഹ മോചനം നടത്തി ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം. തന്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ ഇൻസ്‌റ്റാഗ്രാമിലൂടെ മുത്തലാഖ് ചൊല്ലിയാണ് അവർ വിവാഹ മോചനം പ്രഖ്യാപിച്ചത്. ദമ്പതികൾക്ക് കുട്ടി ജനിച്ച് രണ്ട് മാസം പിന്നിടുമ്പഴേക്കുമാണ് വിവാഹമോചനം ഉണ്ടായിരിക്കുന്നത്.
ജൂലൈ പതിനാറിന് പങ്കുവച്ച ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ചാണ് മുത്തലാഖ് നടത്തിയത്. 'പ്രിയപ്പെട്ട ഭർത്താവിന്, നിങ്ങൾ മറ്റ് ആളുകളുമായി ബന്ധം തുടരുന്ന സാഹചര്യത്തിൽ ഞാൻ വിവാഹ മോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നന്നായിരിക്കുക, നിങ്ങളുടെ മുൻ ഭാര്യ' അവർ പറയുന്നു.

ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങൾ രണ്ടു പേർ' എന്ന് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്‌റ്റ് പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന് പിന്നാലെ പോസ്‌റ്റ് വലിയ രീതിയിൽ വൈറലാവുകയായിരുന്നു.
കഴിഞ്ഞ വർഷം മെയിലായിരുന്നു ദമ്പതികൾ വിവാഹിതരായത്. യുഎഇ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ഷെയ്ഖ മഹ്‌റ. സ്ത്രീ ശാക്തീകരണത്തിനായി നിരന്തരം വാദിക്കുന്ന വ്യക്തി കൂടിയായ ഷെയ്ഖ മഹ്റ, യുകെയിലെ ഒരു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്.
ഇസ്ലാമിക നിയമ പ്രകാരം തൽക്ഷണ വിവാഹമോചന രീതിയെ "തലാഖ്-ഇ-ബിദ്ദത്ത്" എന്നാണ് വിളിക്കുന്നത്. ഭർത്താവ് ഒറ്റയടിക്ക് 'തലാഖ്' എന്ന് മൂന്ന് തവണ ചൊല്ലുന്നതോടെയാണ് വിവാഹബന്ധത്തിന് അവസാനമാവുക. ലോകമെമ്പാടും ഈ രീതിക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഷെയ്ഖ് മഹറ തന്നെ ഈ രീതിയിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ഇസ്ലാമിക നിയമത്തിന്റെ പല വ്യാഖ്യാനങ്ങളിലും പുരുഷന്മാർക്ക് മാത്രമേ തലാഖ് ചൊല്ലാൻ അവകാശമുള്ളൂ എന്നാണ് പറയപ്പെടുന്നത്. സ്ത്രീകൾക്ക് "ഖുല" എന്നറിയപ്പെടുന്ന മറ്റൊരു രീതി അവലംബിച്ച് വിവാഹമോചനം തേടാൻ കഴിയും. ഇത് വഴി ഭർത്താവിൽ നിന്നോ കോടതിയിൽ നിന്നോ സ്ത്രീകൾക്ക് വിവാഹമോചനം തേടാം.
അതേസമയം, ഷെയ്ഖ് മഹറയുടെ പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ അവരുടെ നടപടിയിലെ അതൃപ്‌തി പരസ്യമാക്കിയപ്പോൾ മറ്റ് ചിലർ പിന്തുണയുമായി രംഗത്തുണ്ട്. എന്തായാലും ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇരുവരും പരസ്‌പരം അൺഫോളോ ചെയ്‌തുവെന്നാണ് സൂചന. കൂടാതെ രാജകുമാരി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കിയെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications