യുഎഇയിൽ പൊതുമേഖലയിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു; മെയ് 25 മുതൽ 29 വരെ
ദുബായ്: യുഎഇയിൽ ഈദ് അൽ അദ്ഹ അഥവാ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. അറഫാ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ചാണിത്. മെയ് 25 തിങ്കൾ മുതൽ മെയ് 29 വെള്ളി വരെയാണ് അവധി ദിനങ്ങൾ. ജൂൺ 1 വെള്ളിയാഴ്‌ച സാധാരണ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും.
ജ്യോതിശാസ്ത്രപരമായ കണക്കൂട്ടലുകൾ അനുസരിച്ച്, ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്‌ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ദുബായ് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 2026 മെയ് 17-ന് ദുബായിൽ ഒരു പൊതു ചന്ദ്രക്കല നിരീക്ഷണ പരിപാടി സംഘടിപ്പിക്കുമെന്നാണ് വിവരം.

ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ജെബൽ നസ്‌വ ട്രെയിലിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് സൂര്യാസ്‌തമയത്തിന് ശേഷം ചന്ദ്രക്കല ദർശനം പൂർത്തിയാകുമ്പോൾ അവസാനിക്കും. ഹിജ്‌റ മാസങ്ങളുടെ തുടക്കം കുറിക്കുന്ന പ്രധാനപ്പെട്ട ഇസ്‌ലാമിക പാരമ്പര്യങ്ങളിലൊന്നായതിനാൽ, ഈ ചടങ്ങിന് പൊതുജന പങ്കാളിത്തം വലിയ തോതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജ്യോതിശാസ്ത്രപരമായ കണക്കുകൾ പ്രകാരം, ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിനം മെയ് 18 തിങ്കളാഴ്‌ചയായിരിക്കും. എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്‌ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചത്.
ദുൽഹജ്ജ് മാസത്തിലെ പുതുമാസം 2026 മെയ് 17 ഞായറാഴ്‌ച യുഎഇ സമയം രാത്രി 12:01-ന് പിറക്കുമെന്നാണ്. ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാന മാസമായ ദുൽഹജ്ജിലെ പത്താം ദിവസമാണ് ഈദ് അൽ അദ്ഹ വരുന്നത്. പ്രതീക്ഷിക്കുന്ന കലണ്ടർ കണക്കുകൾ പ്രകാരം, അറഫാ ദിനം മെയ് 26 ചൊവ്വാഴ്‌ചയും ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്‌ച സൂര്യോദയത്തോടെയും ആരംഭിക്കാൻ സാധ്യതയുണ്ട്.
ഈദ് അൽ അദ്ഹയ്ക്ക് ഒരു ദിവസം മുമ്പ് ആചരിക്കുന്ന അറഫാ ദിനം ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. ഇത്രയൊക്കെ ആണെങ്കിലും എല്ലാ ഇസ്‌ലാമിക ആഘോഷങ്ങളെയും പോലെ, ഔദ്യോഗിക ചന്ദ്രക്കല ദർശന പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീയതികൾ ഉറപ്പിക്കാനാകൂ.
സ്‌കൂളുകൾക്ക് നീണ്ട അവധി
യുഎഇയിലെ സ്‌കൂളുകൾക്കും ഈദ് അവധി നീട്ടിയിട്ടുണ്ട്. മെയ് 25 മുതൽ മെയ് 29 വരെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും മൂന്നാം അക്കാദമിക് ടേമിന്റെ ഇടക്കാല അവധി ഈദ് അൽ അദ്ഹയോട് അനുബന്ധിച്ച് ലഭിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അവധിക്കാലത്തിന് മുമ്പുള്ള വാരാന്ത്യങ്ങളും ശേഷമുള്ള വാരാന്ത്യങ്ങളും കൂടിച്ചേർന്ന് വിദ്യാർത്ഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും ഒമ്പത് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. നിലവിലെ അധ്യയന വർഷത്തിലെ അവസാന ടേമിനായുള്ള മന്ത്രാലയം അംഗീകരിച്ച അക്കാദമിക് കലണ്ടർ, പരീക്ഷാ തീയതികൾ, ഫലപ്രഖ്യാപനങ്ങൾ, ഔദ്യോഗിക അവധികൾ എന്നിവയുമായി ഈ ഷെഡ്യൂൾ യോജിക്കുന്നു.
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം മെയ് 25 തിങ്കൾ മുതൽ മെയ് 29 വെള്ളി വരെ ഈദ് അൽ അദ്ഹ അവധി ആയിരിക്കും. ജൂൺ 1 തിങ്കളാഴ്‌ച ക്ലാസുകൾ പുനരാരംഭിക്കാനാണ് നിലവിലെ തീരുമാനം. ഇതിൽ മറ്റ് മാറ്റങ്ങൾ എന്തെങ്കിലും വരുകയാണെങ്കിൽ അത് പിന്നീട് അറിയിക്കും.














Click it and Unblock the Notifications