ഇന്ത്യയിലേക്ക് പറക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍; ടിക്കറ്റ് നിരക്കില്‍ ഇത്തിഹാദിന്റെ ഇളവ്
ദുബായ്: ഇത്തിഹാദ് എയര്‍വേസ് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിമാനടിക്കറ്റുകളുടെ നിരക്കുകള്‍ക്ക് ഇരുപത് ശതമാനം വരെ ഇളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇത്തിഹാദ്.കോമിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ഈ കിഴിവ് ബാധകമാകും.
ഒക്ടോബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 15 വരെയുള്ള യാത്രയ്ക്കായി 19 മുതല്‍ 21 വരെയാണ് വില്‍പ്പന നടക്കുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്കാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. 2004 സെപ്റ്റംബര്‍ 26നായിരുന്നു ഇത്. 2004 ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലേക്കും സര്‍വീസ് ആരംഭിച്ചു.

ഇത്തിഹാദിന് ഏറെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. ഇവിടെ ഇരുപത് വര്‍ഷം പിന്നിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇന്ത്യയില്‍ ആദ്യമായി സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇത്തിഹാദിന്റെ എട്ടാമത് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ മാത്രമായിരുന്നു ഇന്ത്യ. അതിന് ശേഷം 80 രാജ്യങ്ങളിലേക്ക് ഞങ്ങള്‍ സര്‍വീസ് നീട്ടി. 2030ഓടെ ഇത് 125 ഡെസ്റ്റിനേഷനുകളായി ഉയര്‍ത്താനാണ് ഞങ്ങളുടെ ശ്രമമമെന്ന് ഇത്തിഹാദ് എയര്‍വേസ് സിഇഒ അന്റോണാള്‍ഡോ നെവസ് പറഞ്ഞു.
ഇന്ത്യയിലെ 11 ഗേറ്റ് വേകളില്‍ നിന്ന് സര്‍വീസ് നടത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലേക്ക് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച കണക്ടിവിറ്റി സൗകര്യം നല്‍കുന്ന വിമാനക്കമ്പനിയായതില്‍ അഭിമാനമുണ്ട്. യൂറോപ്പിലേക്കും, അമേരിക്കയിലേക്കും മികച്ച ഓപ്ഷന്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത്തിഹാദ് നല്‍കുന്നുണ്ടെന്നും നെവസ് വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഇത്തിഹാദ് നിലവില്‍ ഇന്ത്യയിലെ 11 ഗേറ്റ്‌വേകളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് അധിക ഫ്‌ളൈറ്റ് ഫ്രീക്വന്‍സികള്‍ സഹിതം ഇത്തിഹാദ് ഈ വര്‍ഷം അബുദാബിക്കും ഇന്ത്യക്കും ഇടയിലുള്ള സീറ്റ് കപ്പാസിറ്റി വിപുലീകരിച്ചിരുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഇത്തിഹാദ് ഇപ്പോള്‍ ഇന്ത്യയിലേക്ക് ആഴ്ച്ചയില്‍ അന്‍പതിലേറെ അധിക സര്‍വീസുകളാണ് നടത്തുന്നത്. ആഴ്ച്ചയില്‍ മൂന്ന് ത വണ മുംബൈക്കും അബുദാബിക്കും ഇടയില്‍ എയര്‍ബസ് എ380 സര്‍വീസ് ആരംഭിക്കുന്നതോടെ എയര്‍ലൈനിന്റെ ഇരുപത് വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നേരത്തെ ഹിന്ദിയില്‍ വെബ്‌സൈറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍ലൈനായും ഇത്തിഹാദ് മാറിയിരുന്നു.












Click it and Unblock the Notifications