യുഎഇ നിവാസികൾക്ക് ഇനി യാത്ര സുഗമം; എത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് പ്രഖ്യാപിച്ചു
ദുബായ്: യുഎഇ നിവാസികൾ ഏറെ നാളായി കാത്തിരുന്ന എത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസിന്റെ സമയക്രമം പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്‌ച പുലർച്ചെ 5.34-ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനാണ് ദേശീയ യാത്രാ റെയിൽ ശൃംഖലയുടെ ഘട്ടംഘട്ടമായ ഉദ്ഘാടനത്തിന് തുടക്കമിടുന്നത്. രാജ്യത്തെ പ്രധാന ദേശീയ റെയിൽ ശൃംഖലയുടെ യാത്രാ സർവീസിന് തുടക്കം കുറിച്ച് കൊണ്ടാണ് ഈ പ്രഖ്യാപനം.
ആദ്യ സർവീസ് ഫുജൈറയിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്‌റ്റേഷനിലേക്ക് വെറും 1 മണിക്കൂർ 45 മിനിറ്റിനുള്ളിൽ എത്തിച്ചേരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ, പൂർണ ശൃംഖല പ്രവർത്തനക്ഷമമാകുമ്പോൾ 400 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാനാകും.

ഘട്ടംഘട്ടമായാണ് യാത്രാ സർവീസുകൾ വ്യാപിപ്പിക്കുകയെന്ന് ആർടിഎ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 മുതൽ ദുബായും അൽ ധൈദും റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. തുടർന്ന് ഡിസംബർ 30-ന് അൽ ധഫ്‌റ മേഖലയിലെ സ്‌റ്റേഷനുകളും, 2027 മാർച്ച് 30-ന് ഷാർജയും സർവീസിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാൻ ഓരോ സ്‌റ്റേഷനിലും വ്യക്തമായ മാർഗനിർദ്ദേശ ബോർഡുകൾ, സഹായത്തിനായി ജീവനക്കാർ, ഭിന്നശേഷിക്കാർക്ക് സൗഹൃദ സൗകര്യങ്ങൾ, പ്രത്യേക പാർക്കിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ട്രെയിനിനുള്ളിൽ സൗജന്യ വൈ-ഫൈ, ഓരോ സീറ്റിലും ചാർജിങ് പോർട്ടുകൾ, ഫോൾഡ്-ഔട്ട് ടേബിളുകൾ, ഓവർഹെഡ് ലഗേജ് റാക്കുകൾ, വലിയ ബാഗുകൾക്കുള്ള പ്രത്യേക സ്‌റ്റോറേജ്, കൂടുതൽ ലെഗ് സ്പേസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാകും.
കാർ യാത്രയ്ക്ക് പകരം റെയിൽ തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങളുണ്ടെന്നാണ് എത്തിഹാദ് റെയിൽ വ്യക്തമാക്കുന്നത്. ഉറപ്പുള്ള സീറ്റ്, സൗജന്യ ഇന്റർനെറ്റ്, ശാന്തമായ യാത്രാ അന്തരീക്ഷം എന്നിവയിലൂടെ യാത്രാസമയം ജോലി ചെയ്യാനോ വിശ്രമിക്കാനോ ഉപയോഗിക്കാമെന്നും ഡ്രൈവിങ്ങിന്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാനാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
യാത്രാ ടിക്കറ്റുകൾ ഇപ്പോൾ എത്തിഹാദ് റെയിൽ മൊബൈൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. യാത്രാ സ്‌റ്റേഷൻ, തീയതി, മടക്കയാത്ര, ക്ലാസ് എന്നിവ തിരഞ്ഞെടുത്ത് പണമടച്ച് ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. യുഎഇയിലെ യാത്രാ സൗകര്യങ്ങൾ വലിയൊരു അളവിൽ മെച്ചപ്പെടുത്തുന്നതാവും എത്തിഹാദ് റെയിൽ.
പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ യുഎഇയിലെ 11 നഗരങ്ങളെയും പ്രധാന മേഖലകളെയും ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയായി ഇത് മാറും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ അൽ യലൈസ്, ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി, ഫുജൈറ, അൽ ധൈദ്, അൽ മിർഫ, അൽ സില, അൽ റുവൈസ് (അൽ ധന്ന), മദീനത് സായിദ്, ലിവ, അൽ ഫായ എന്നിവിടങ്ങളിലായിരിക്കും പ്രധാന സ്‌റ്റേഷനുകൾ.














Click it and Unblock the Notifications