ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കോടീശ്വരൻമാരുടെ ഒഴുക്ക്; ആശങ്ക വേണോ? പിന്നാലെ പോയി ബാങ്കുകളും
ന്യൂഡൽഹി: ഇന്ത്യയിൽ ഓരോ വർഷം കഴിയുന്തോറും കോടീശ്വരൻമാരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ ഈ പട്ടികയിൽ കാര്യമായ വ്യതിയാനങ്ങൾ നമുക്ക് കാണാൻ കഴിയാറില്ല. ഈ സമസ്യക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് കോടീശ്വരന്മാരുടെ ഒഴുക്ക് തുടരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ റിപ്പോർട്ട് ആണ് ഇക്കാര്യത്തിൽ വെളിച്ചം വീശുന്നത്. വൻ തോതിൽ ഇന്ത്യൻ കോടീശ്വരന്മാർ നാടുവിടുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2024ൽ ഏകദേശം 4,300 കോടീശ്വരന്മാർ ഇന്ത്യ വിടുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തിൽ പറയുന്നു. ഇവർ ഭൂരിഭാഗവും ഗൾഫ് രാജ്യമായ യുഎഇയാണ് പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം കുറഞ്ഞത് 5100 ഇന്ത്യൻ കോടീശ്വരന്മാരെങ്കിലും വിദേശത്തേക്ക് മാറിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ചൈനയ്ക്കും ബ്രിട്ടനും ശേഷം ആഗോളതലത്തിൽ കോടീശ്വരൻമാരുടെ കുടിയേറ്റത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയ്ക്ക് നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന്കുടിയേറുന്നതിൽ അധികം പേർ സമ്പന്നർ ഇവിടെ ഓരോ വർഷവും പുതുതായി ഉണ്ടാവുന്നു എന്നതാണ് ഇതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ വലിയൊരു ശതമാനം കോടീശ്വരൻമാരും ഇന്ത്യ വിട്ട ശേഷവും തങ്ങളുടെ ബിസിനസുകൾ ഇവിടെ തന്നെ നിലനിർത്താൻ താൽപര്യപ്പെടുന്നവരാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതും ഇന്ത്യയുടെ അശങ്ക ഒരുപരിധിവരെ ലഘൂകരിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. യുഎഇക്ക് പുറമെ അമേരിക്കയും ഇന്ത്യൻ സമ്പന്നരുടെ പ്രഥമ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ ബാങ്കുകൾ കാലത്തിനൊപ്പം മാറുമ്പോൾ
ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു സുപ്രാധാ ഘടകം കൂടി ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതി സമ്പന്നരുടെയും കോടീശ്വരമാരുടെയും കൂടുമാറ്റത്തിന് ചുവടുപിടിച്ചുകൊണ്ട് ധാരാളം ഇന്ത്യൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് തങ്ങളുടെ പ്രവർത്തനം വിദേശ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് എന്ന കാര്യം മറക്കരുത്.
ഇന്ത്യയിലെ മുൻനിര ബാങ്കുകൾ പലതും ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുഎഇയിൽ നിരവധി ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളാണ് പ്രവർത്തനം ആരംഭിച്ചത്. കൊടക് മഹീന്ദ്ര ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കളെ നഷ്‌ടമാവാതിരിക്കാൻ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം മാത്രം ആഗോള തലത്തിലുള്ള ഏകദേശം 1,28,000 കോടീശ്വരന്മാർ അമേരിക്കയിലേക്കും യുഎഇയിലേക്കും കുടിയേറ്റം നടത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു രാജ്യത്തിൻറെ വിദേശ നിക്ഷേപത്തിന് വലിയ മുതൽക്കൂട്ടാണ് ഇത്തരം കുടിയേറ്റങ്ങൾ. ഇവരിൽ കൂടുതൽ പേരും തങ്ങളുടെ സമ്പാദ്യവുമായാവും അവിടേക്ക് പ്രവേശിക്കുക.












Click it and Unblock the Notifications