യുഎഇ നിവാസികൾ അറിയാൻ; ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി വരെ, മൂടൽ മഞ്ഞിന് സാധ്യത
ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച വരെ അഞ്ച് ദിവസത്തേക്ക് ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ്, നേരിയ മഞ്ഞ് എന്നിവയ്ക്കും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടുകയും ഉച്ചയ്ക്ക് ശേഷം അവ ഇടിമിന്നലോടുകൂടിയ മഴമേഘങ്ങളായി മാറുകയും ചെയ്യാം. രാത്രിയിലും ചൊവ്വാഴ്‌ച രാവിലെയും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കും. ഇതിന്റെ ഫലമായി തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉൾനാടൻ മേഖലകളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 29 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ എത്താനും സാധ്യതയുണ്ട്.
ചൊവ്വാഴ്‌ചയും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ബുധനാഴ്‌ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്താനിടയുണ്ട്.
ബുധനാഴ്‌ച കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടും. ഇവയിൽ ചിലത് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മേഘങ്ങളായി മാറാൻ സാധ്യതയുണ്ട്. വ്യാഴാഴ്‌ച പുലർച്ചെ പടിഞ്ഞാറൻ മേഖലകളിൽ നേരിയ മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്‌ചയും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും.
വെള്ളിയാഴ്‌ച രാവിലെ ചില തീരപ്രദേശങ്ങളിൽ നേരിയ മഞ്ഞിന് സാധ്യതയുണ്ട്. വെള്ളിയാഴ്‌ചയും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും വെള്ളിയാഴ്‌ച രാത്രിയിലും ശനിയാഴ്‌ച രാവിലെയും അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിൽ തുടരാനിടയുണ്ട്. നിലവിലെ സാഹചര്യത്തിൽ മഴ പെയ്യാനിടയില്ലാത്തതിനാൽ ചൂട് ഉയരാനിടയുണ്ട്.


Click it and Unblock the Notifications
