യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ഇതാണ് കാരണം, പരിഹാരം എന്ത്?
ദുബായ്: യുഎഇയിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ ആദായനികുതി വകുപ്പിൽ നിന്ന് വിദേശ ആസ്‌തികൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ടോ ഷെഡ്യൂൾ എഫ്എ അല്ലെങ്കിൽ ഷെഡ്യൂൾ എഫ്എസ്ഐ പൂരിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടോ ഒരു ഇമെയിലോ എസ്എംഎസോ ലഭിക്കാനുള്ള സാധ്യത ഏറെയാണ്, ഇതിന് പിന്നാലെ പലരും പരക്കം പായുകയാണ്. സത്യത്തിൽ അങ്ങനെ അങ്ങനെ പരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യവുമില്ല.
ഈ സന്ദേശം ലഭിച്ചത് നിങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് ഇത് കിട്ടിയിട്ടുണ്ട്. ഈ നോട്ടീസുകൾ മിക്കവാറും യാന്ത്രികമായി വരുന്നവയാണ്. നിങ്ങൾ തെറ്റായി എന്തെങ്കിലും ചെയ്‌തതുകൊണ്ടല്ല എന്നർത്ഥം. മറിച്ച് നിങ്ങളുടെ നികുതി ഫയലിംഗിലെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വിവരങ്ങളിലെ ഈ വൈരുദ്ധ്യം നോട്ടീസ് ലഭിക്കാൻ കാരണമാകുന്നു.

എന്തുകൊണ്ടാണ് പ്രവാസി ഇന്ത്യക്കാർക്ക് ഇത്തരം നോട്ടീസുകൾ ലഭിക്കുന്നത്?
നികുതി വെട്ടിപ്പ് തടയുന്നതിനായി രാജ്യങ്ങൾ വിവരങ്ങൾ കൈമാറുന്ന കോമൺ റിപ്പോർട്ടിംഗ് സ്‌റ്റാൻഡേർഡ് (സിആർഎസ്) എന്ന ആഗോള സംവിധാനം വഴി 100-ലധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് വർഷം തോറും സാമ്പത്തിക വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ സംവിധാനം വഴി വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, അവിടെ നിന്ന് ലഭിക്കുന്ന പലിശയും ലാഭവിഹിതവും വരുമാനവും, കൂടാതെ വിദേശത്ത് നടത്തിയ നിക്ഷേപങ്ങൾ, സ്വത്ത്, മറ്റു ആസ്‌തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യക്ക് ലഭ്യമാകുന്നത്.
ഒരു പ്രവാസി അബദ്ധത്തിൽ ഇന്ത്യയിൽ താൻ ഒരു സാധാരണ പൗരനാണെന്ന് കാണിച്ച് നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. സാധാരണ പൗരനായി കണക്കാക്കപ്പെടുമ്പോൾ, സിആർഎസ് ഡാറ്റയിൽ കാണുന്ന വിദേശ ആസ്‌തികളുമായി പൊരുത്തക്കേട് വരികയും, ഓട്ടോമാറ്റിക്കായി ഈ നോട്ടീസ് അയക്കപ്പെടുകയും ചെയ്യുന്നു.
യുഎഇയിലെ പല പ്രവാസി ഇന്ത്യക്കാരും അറിയാതെ റെസിഡന്റ് സ്‌റ്റാറ്റസിൽ റിട്ടേൺ ഫയൽ ചെയ്യാറുണ്ട്. പാൻ കാർഡ് പ്രവാസി പദവിയിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്തതും, പഴയ റെസിഡന്റ് സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കുന്നതും, പ്രവാസി നികുതി കാര്യത്തിൽ അറിവില്ലാത്ത സിഎയെ ആശ്രയിക്കുന്നതും ഇതിലെ ചില കാരണങ്ങളാണ്. ഇത്തരം പിഴവുകൾ സംഭവിക്കുമ്പോൾ നികുതി സമ്പ്രദായം നിങ്ങളെ ഒരു റെസിഡന്റ് ഇന്ത്യൻ ആയി കണക്കാക്കുന്നു. റെസിഡന്റുകൾ എല്ലാ വിദേശ ആസ്‌തികളും റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.
ആരാണ് പ്രവാസി ഇന്ത്യക്കാരൻ?
ഇന്ത്യൻ നികുതി നിയമപ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ താഴെയോ, അല്ലെങ്കിൽ ആ വർഷം 60 ദിവസത്തിൽ താഴെയും കഴിഞ്ഞ നാല് വർഷങ്ങളിലായി 365 ദിവസത്തിൽ താഴെയും ഇന്ത്യയിൽ ചെലവഴിക്കുന്ന വ്യക്തിയാണ് പ്രവാസി. നിങ്ങളുടെ പാസ്പോർട്ട്, വിസ, എമിറേറ്റ്സ് ഐഡി എന്നിവയല്ല ഇത് നിർണ്ണയിക്കുന്നത്. ഇന്ത്യയിൽ താമസിച്ച ദിവസങ്ങളുടെ എണ്ണം മാത്രമാണ് ഇതിന് മാനദണ്ഡം.
പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ റെസിഡൻറ് സേവിംഗ്‌സ് അക്കൗണ്ടുകൾ തുടർന്നും ഉപയോഗിക്കാൻ അനുവാദമില്ല. ഫെമ നിയമങ്ങൾ അനുസരിച്ച് ഈ അക്കൗണ്ടുകൾ മാറ്റേണ്ടതുണ്ട്: ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് എൻആർഒ അക്കൗണ്ടും, വിദേശത്ത് നിന്നുള്ള വരുമാനത്തിന് എൻആർഇ അക്കൗണ്ടും. റെസിഡന്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടർന്നാൽ, നികുതി സമ്പ്രദായം നിങ്ങളെ റെസിഡന്റായി കണക്കാക്കുകയും വീണ്ടും നോട്ടീസുകൾ ലഭിക്കാൻ കാരണമാവുകയും ചെയ്യും.
എൻആർഐകൾക്ക് ഇത് പരിഹരിക്കാനുള്ള വഴികൾ ഇതാ:
2024-25 സാമ്പത്തിക വർഷത്തേക്ക് ഡേ-കൗണ്ട് നിയമം വഴി നിങ്ങളുടെ എൻആർഐ പദവി ഉറപ്പാക്കുക. സാധാരണയായി എൻആർഐകൾ ഉപയോഗിക്കുന്ന ഐടിആർ-2 പോലുള്ള ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക. ഒരു എൻആർഐ ആണെങ്കിൽ ഷെഡ്യൂൾ എഫ്എ/എഫ്എസ്ഐ പൂരിപ്പിക്കേണ്ടതില്ല. നിങ്ങളുടെ പാനും ബാങ്ക് കെവൈസിയും എൻആർഐ സ്‌റ്റാറ്റസിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. റെസിഡന്റ് സേവിംഗ്‌സ് അക്കൗണ്ടുകൾ എൻആർഓ/എൻആർഇ അക്കൗണ്ടുകളായി മാറ്റുക. ഒരു സാധാരണ സിഎയെ ആശ്രയിക്കാതെ, എൻആർഐ നികുതി വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള വിദഗ്ദ്ധന്റെ ഉപദേശം തേടുക.












Click it and Unblock the Notifications