ദുബായിൽ സ്വർണത്തിന് വമ്പൻ ഡിസ്‌കൗണ്ട്; പശ്ചിമേഷ്യയിലെ യുദ്ധം മൂലം കയറ്റുമതി നിന്നു, 30 ഡോളർ വരെ കുറവ്!
പശ്ചിമേഷ്യയിലെ അപ്രതീക്ഷിത യുദ്ധ സാഹചര്യം ലോകത്തിലെ വിവിധ മേഖലകളെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വലുപ്പ ചെറുപ്പമില്ലാതെ തന്നെ ഇതിന്റെ സ്വാധീനം അറിഞ്ഞ മേഖലകൾ ഒരുപാടുണ്ട്. അതിൽ എണ്ണയും സ്വർണവും ഒക്കെ ഉൾപ്പെടുന്നു. എന്നാൽ യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ ഒരു സവിശേഷ സാഹചര്യമാണ് ഇപ്പോൾ. വിമാന സർവീസുകളെയും സ്വർണം കയറ്റി അയക്കാനുള്ള വിതരണക്കാരുടെ ശേഷിയെയും ബാധിച്ചതോടെ ദുബായിൽ സ്വർണത്തിന് വലിയ വിലക്കിഴിവ് ആണിപ്പോൾ ലഭ്യമാവുന്നത്.
ഉയർന്ന ഷിപ്പിംഗ്, ഇൻഷുറൻസ് ചെലവുകൾ നൽകാനും കൃത്യസമയത്ത് ഡെലിവറി ഉറപ്പില്ലാത്തതിനാലും പല വാങ്ങലുകാരും പുതിയ ഓർഡറുകളിൽ നിന്ന് പിന്മാറിയതോടെയാണ് ഡിസ്‌കൗണ്ടുകൾ നൽകി വിറ്റഴിക്കാൻ ഇവർ തയ്യാറാവുന്നത്. സംഭരണ, ധനസഹായ ചെലവുകൾ ഒഴിവാക്കാൻ, വ്യാപാരികൾ ലണ്ടനിലെ ആഗോള മാനദണ്ഡ വിലയേക്കാൾ ഒരു ഔൺസിന് 30 ഡോളർ വരെ വിലക്കിഴിവ് വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഇന്നും പല സ്വർണ ഷിപ്പ്‌മെന്റുകളും കെട്ടിക്കിടന്നു, ഈ ആഴ്‌ചയുടെ മധ്യത്തോടെ ചില ഉരുപ്പടികൾ ദുബായിൽ നിന്ന് വിമാനങ്ങളിൽ കയറ്റിയിരുന്നു. ഏഷ്യയിലേക്കുള്ള സ്വർണ കയറ്റുമതിയുടെയും സ്വിറ്റ്സർലൻഡ്, യുകെ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തിന്റെ കൈമാറ്റത്തിന്റെയും പ്രധാന ഇടനാഴിയാണ് ദുബായ്. ഏഴാം ദിവസത്തിലേക്ക് കടന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടെ ഇറാനിയൻ മിസൈൽ ആക്രമണത്തെ തുടർന്ന് ദുബായുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചതാണ് ഈ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
സ്വർണ കയറ്റുമതിയിൽ ഇടിവ്
സ്വർണം സാധാരണയായി യാത്രാ വിമാനങ്ങളുടെ കാർഗോ അറകളിലാണ് കൊണ്ടുപോകുന്നത്. യുഎഇയിൽ ഏർപ്പെടുത്തിയ വിമാന നിയന്ത്രണങ്ങളെ തുടർന്ന്, വ്യാപാരികളും ലോജിസ്‌റ്റിക്‌സ് സ്ഥാപനങ്ങളും ഇത് കരമാർഗം സൗദി അറേബ്യ, ഒമാൻ പോലുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് എത്തിക്കാൻ മടിക്കുന്നുവെന്നതാണ് കാര്യം. കര അതിർത്തികൾ കടക്കുമ്പോഴുള്ള അപകടസാധ്യതകളും സങ്കീർണതകളുമാണ് ഇതിന് കാരണം.
നിരവധി കാർഗോ ഷിപ്പ്‌മെന്റുകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്‌തിട്ടുണ്ട്. ഇത് ഇന്ത്യയിൽ ഭൗതിക സ്വർണത്തിന്റെ ലഭ്യതയിൽ ഹ്രസ്വകാല പ്രതിസന്ധിക്ക് കാരണമായെന്നാണ് ദുബായിലെ വ്യാപാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എങ്കിലും ഇന്ത്യയെ ഇത് ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.
കാരണം ദുബായിൽ നിന്ന് സ്വർണം വാങ്ങുന്ന പ്രമുഖ ഉപഭോക്താവായ ഇന്ത്യക്ക് നിലവിൽ കാത്തിരിക്കാനാകും. സമീപകാല ആവശ്യം കുറഞ്ഞതിനാലും ജനുവരിയിലെ വലിയ ഇറക്കുമതി സ്‌റ്റോക്കുകൾ വർധിപ്പിച്ചതിനാലുമാണിത്. എങ്കിലും തൽ സ്ഥിതി കൂടുതൽ കാലത്തേക്ക് തുടർന്നാൽ ഇന്ത്യയിൽ സ്വർണ ലഭ്യതയ്ക്ക് പ്രതിസന്ധിയുണ്ടാവും. ഇടിഎഫ് പോലെയുള്ള നിക്ഷേപങ്ങൾക്ക് അല്ല ഭൗതിക സ്വർണത്തിനാണ് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയെന്നതാണ് ഇതിന്റെ കാരണം.
അതിനിടെ ഈ വർഷം ഇതുവരെ സ്‌പോട്ട് ഗോൾഡ് വില അഞ്ചിലൊന്ന് ആയി വർധിച്ചിരുന്നു. ഔൺസിന് 5000 ഡോളറിനു മുകളിൽ ഉയർന്നുവെന്നതാണ് അവസ്ഥ. ഇത്രയൊക്കെ ആണെങ്കിലും വ്യാപാരം അസ്ഥിരമായിരുന്നു, ഡോളർ ശക്തി പ്രാപിച്ചതിനാൽ ഈ ആഴ്‌ച സ്വർണം സമ്മർദ്ദത്തിലായി. മാത്രമല്ല യുദ്ധ സാഹചര്യങ്ങൾ കൊടുമ്പിരികൊഴുമ്പോഴും വലിയ രീതിയിലുള്ള ഉയർച്ച സ്വർണവിലയിൽ ഉണ്ടായിട്ടുമില്ല എന്നതാണ് പ്രധാന കാര്യം.












Click it and Unblock the Notifications