ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വില കുറഞ്ഞു, 24 കാരറ്റിന് എത്ര? കാരണം എണ്ണവില
അബുദാബി: ദുബായിലെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഈ വിലക്കുറവ്, ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം കഴിഞ്ഞ ആഴ്‌ചകളിൽ ഉയർന്ന നിലയിലായിരുന്ന സ്വർണത്തിന്റെ തിരിച്ചിറങ്ങലാണ്. മാത്രമല്ല സ്വർണം വാങ്ങുന്നവർക്ക് താൽക്കാലിക ആശ്വാസം നൽകുന്ന ഒന്ന് കൂടിയാണിത്.
രാവിലെയോടെ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 604.25 ദിർഹം ആയിരുന്നു വില. ഇന്നലെ ഇത് 604.75 ദിർഹം ആയിരുന്നു. 22 കാരറ്റിന് 559.50 ദിർഹമാണ് രേഖപ്പെടുത്തിയത്, മുൻദിവസം ഇത് 560 ദിർഹം ആയിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ രൂപപ്പെട്ട ഉയർന്ന വിലകളിൽ നിന്ന് കുറഞ്ഞുവന്നതിന്റെ തുടർച്ചയാണ് ഈ പുതിയ ഇടിവ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അന്താരാഷ്ട്ര സ്വർണവില കുത്തനെ ഉയർത്തിയപ്പോഴായിരുന്നു ഇത്.

മാർച്ച് മാസം വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് ആയിരുന്നു ദുബായ് വിപണി സാക്ഷ്യം വഹിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വിപണി എത്രമാത്രം മാറിമറിഞ്ഞുവെന്ന് ഇത് വ്യക്തമാക്കുന്നു. മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്ന നിലയിലായിരുന്നു. മാർച്ച് ഒന്നിന് 24 കാരറ്റ് സ്വർണത്തിന് 636 ദിർഹവും മാർച്ച് രണ്ടിന് 641 ദിർഹവും ആയിരുന്നു വില.
ഈ ദിവസങ്ങളിൽ 22 കാരറ്റ് സ്വർണം യഥാക്രമം 589 ദിർഹത്തിലും 593.50 ദിർഹത്തിലും വ്യാപാരം നടന്നു. എന്നാൽ അധികം വൈകാതെ വില താഴാൻ തുടങ്ങുകയായിരുന്നു. സ്വർണവില മാർച്ച് പതിനാല്, പതിനഞ്ച് തീയതികളിൽ വലിയ മാറ്റങ്ങളില്ലാതെ തുടർറുകയായിരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിന് മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയിരുന്നു.
ആഗോള തലത്തിൽ സ്വർണ വിപണികളിൽ വലിയ ചാഞ്ചാട്ടങ്ങൾ തുടരുകയാണ്. മിഡിൽ ഈസ്‌റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ ആഘാതം നിക്ഷേപകർ വിലയിരുത്താൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം. പ്രാദേശിക സംഭവവികാസങ്ങളോട്, പ്രത്യേകിച്ച് ആഗോള എണ്ണ വിതരണത്തിലെ തടസങ്ങളോട് വിപണി അതീവ സംവേദനക്ഷമമായാണ് പ്രവർത്തിക്കുന്നത്.
നിലവിൽ ഒരു ഔൺസിന് ഏകദേശം 5000 ഡോളറിനടുത്താണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. ചില അവസരങ്ങളിൽ 1 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഭാഗികമായി നഷ്‍ടം തിരിച്ചുപിടിച്ചു. മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ശക്തമായതോടെയാണ് എണ്ണവില കുതിച്ചുയരുന്നത്. ഇത് സ്വർണത്തേയും സ്വാധീനിക്കുന്നുണ്ട്.
എണ്ണവില ഉയരുന്നതിനൊപ്പം, പണപ്പെരുപ്പ ആശങ്കകളും വർധിച്ചിട്ടുണ്ട്, കാരണം ക്രൂഡ് ഓയിൽ പോലുള്ള ഉൽപ്പന്നങ്ങളുടെ വിലയിലെ വർധനവ് സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ വഹിക്കുന്ന ആസ്‌തികളെ കൂടുതൽ ആകർഷകമാക്കുന്നു, അതുവഴി സ്വർണത്തിന്റെ ആവശ്യകത കുറയുകയാണ് ചെയ്യുന്നത്. അതാണ് ശരിക്കും വിലയിടിവിലേക്ക് നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications