ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 24 കാരറ്റിന് 600 ദിർഹത്തിലും താഴെയെത്തി..! ചാഞ്ചാട്ടം തുടരുമോ?
ദുബായ്: സ്വർണവില ദുബായിലും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളുടെ ചുവടു പിടിച്ചാണ് വിലയിലെ താഴ്‌ച ഉണ്ടായിരിക്കുന്നത്. 600 ദിർഹം എന്ന നിർണായക നിലവാരത്തിന് താഴെയെത്തിയിരിക്കുകയാണ് വില. കഴിഞ്ഞ ആഴ്‌ചയിൽ ഭൂരിഭാഗം സമയത്തും ഈ നിലവാരത്തിന് മുകളിലായിരുന്ന വില ആഗോള ലാഭമെടുപ്പും ശാന്തമായ വ്യാപാര സാഹചര്യങ്ങളും കാരണം ഇടിവ് നേരിടുകയാണ്.
വ്യാപാരം തുടങ്ങിയപാടെ രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 599.75 ദിർഹം ആയിരുന്നു വില, ഇന്നലത്തെ വിലയായ 607.50 ദിർഹത്തിൽ നിന്ന് ഗണ്യമായി കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 562.50 ദിർഹത്തിൽ നിന്ന് 555.25 ദിർഹം ആയി ഇടിഞ്ഞു. ഇത് ആഗോള വില ചലനങ്ങളെ പ്രതിഫലിക്കുന്ന ഒരു തകർച്ചയാണെന്നതാണ് യാഥാർഥ്യം.

ആഗോളതലത്തിൽ സ്വർണവില ഔൺസിന് 5000 ഡോളറിന് താഴെയെത്തിയതാണ് ഈ വിലയിടിവിന് ഹേതുവായത്. യുഎസ് പണപ്പെരുപ്പ ഡാറ്റ നേരിയ തോതിൽ ഉയർന്നതിനെത്തുടർന്ന് മുൻ സെഷനുകളിൽ ശക്തമായ മുന്നേറ്റം പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാപാരികൾ ലാഭമെടുത്തതാണ് പ്രധാനമായി സ്വർണവിലയെ പിന്നോട്ട് വലിച്ചത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന് പിന്തുണ നൽകിയിരുന്നു. സാധാരണയായി, ബോണ്ടുകളിലും പണത്തിലുമുള്ള വരുമാനം കുറയുമ്പോൾ, നിക്ഷേപകർ സ്വർണം പോലുള്ള ആസ്‌തികളിലേക്ക് ആകർഷിക്കപ്പെടാറുണ്ട്. എങ്കിലും പലവിധ കാരണങ്ങളും കൊണ്ട് വിപണിയിലെ സാഹചര്യം കൊണ്ടും അതുണ്ടായില്ല.
ഇന്നലെ വിലയിടിവ് പ്രധാനമായും ആ നേട്ടങ്ങൾക്ക് ശേഷമുള്ള ലാഭമെടുപ്പും ഏഷ്യയിലെ കുറഞ്ഞ വ്യാപാര അളവും കാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണികളിലൊന്നായ ചൈനയിൽ ചാന്ദ്ര പുതുവർഷ അവധിയായതിനാൽ വ്യാപാര അളവ് കുറഞ്ഞതും ഇതിന് ആക്കം കൂട്ടി. സമീപ മാസങ്ങളിൽ ചൈനയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് പ്രകടമായിരുന്നു.
ഫെബ്രുവരി മാസത്തിൽ ദുബായിലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 589 ദിർഹം ആയിരുന്നു വില. എന്നാൽ, അൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ഇത് 560- ദിർഹം എന്ന നിലവാരത്തിലേക്ക് താഴ്ന്നു. പിന്നീട് ഫെബ്രുവരി പകുതിയോടെ 610 ദിർഹത്തിന് മുകളിലേക്ക് കുതിച്ചുയർന്ന വില വീണ്ടും ഈ ആഴ്‌ച തിരിച്ചിറങ്ങുകയായിരുന്നു.
എന്നാൽ ജനുവരിയിൽ ഇതിലും വലിയ വില മാറ്റങ്ങളാണ് ദൃശ്യമായത്. വില 639 ദിർഹം വരെ ഉയർന്നതിന് ശേഷം മാസാവസാനത്തോടെ 590 ദിർഹം നിലവാരത്തിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു. ഇനിയും ഫെബ്രുവരി അവസാനിക്കാൻ പന്ത്രണ്ട് ദിവസത്തോളം ശേഷിക്കെ എന്തായിരിക്കും വിപണി കരുതി വച്ചിരിക്കുന്നത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഈ ചാഞ്ചാട്ടം തുടരുമോ എന്നും നിക്ഷേപകർ ചോദിക്കുന്നുണ്ട്. അത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടി വരും.












Click it and Unblock the Notifications