ദുബായിൽ സ്വർണവില കുതിക്കുന്നു; 2 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി, 22 കാരറ്റിന് വില എത്ര?
ദുബായ്: യുഎഇയിലെ സ്വർണ വിലയിൽ വൻ കുതിച്ചു ചാട്ടം. ഈ മാസം സ്വർണവിലയിൽ ശക്തമായ മുന്നേറ്റം തുടരുകയാണ്. ദുബായിൽ സ്വർണം വാങ്ങുന്നവർക്ക് രണ്ട് മാസത്തിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 531.25 ദിർഹമായി ഉയർന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന് ഇടയിൽ അടുത്തിടെ ഉണ്ടായ വലിയ കുതിപ്പുകളിൽ ഒന്നാണിത്.
ഇന്നലെ ഗ്രാമിന് 528.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവിലയിൽ 3 ദിർഹത്തിന്റെ വർധനവാണ് ഉണ്ടായത്. അതേസമയം, 22 കാരറ്റ് സ്വർണവിലയും 3 ദിർഹം ഉയർന്ന് 489 ദിർഹത്തിൽ നിന്ന് 492 ദിർഹമായി.
ജൂൺ 4ന് 24 കാരറ്റ് സ്വർണത്തിന് 538.50 ദിർഹം രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഓഗസ്‌റ്റ് 3ന് രേഖപ്പെടുത്തിയ 485.50 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വില 45.75 ദിർഹം കൂടുതലാണ്.

22 കാരറ്റ് സ്വർണവിലയിലും സമാനമായ വർധനയാണ് ഉണ്ടായത്. ഓഗസ്‌റ്റ് 3ന് 449.50 ദിർഹമായിരുന്ന വില ഒരാഴ്‌ച കൊണ്ട് 492 ദിർഹമായി ഉയർന്നു. അതായത് 42.50 ദിർഹത്തിന്റെ വർധന. ജൂലൈയിൽ വലിയൊരു സമയവും 24 കാരറ്റ് സ്വർണവില ഗ്രാമിന് 500 ദിർഹത്തിന് താഴെയായിരുന്നു. ജൂലൈ 17ന് വില 481.50 ദിർഹമായി താഴ്ന്നിരുന്നു.
പിന്നീട് ജൂലൈ 22ന് 500.75 ദിർഹമായി ഉയർന്നെങ്കിലും ജൂലൈ 31ന് വീണ്ടും 485.25 ദിർഹമായി കുറഞ്ഞു.
എന്നാൽ ഓഗസ്‌റ്റിൽ വില ഉയരുന്നതിന്റെ തോത് വേഗത്തിലാവുകയായിരുന്നു. എങ്കിലും നിലവിലെ 24 കാരറ്റ് സ്വർണവില 90 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 563.75 ദിർഹത്തേക്കാൾ താഴെയാണ്. മെയ് 14നാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായതിന്റെ പിന്നാലെയാണ് ദുബായിലും വില ഉയർന്നത്. ചൊവ്വാഴ്‌ച ആഗോള സ്വർണവില ഒരു ഔൺസിന് 4,400 ഡോളറിന് മുകളിലേക്ക് ഉയർന്നു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വ്യാപാരത്തിനിടെ സ്വർണവിലയിൽ ഏകദേശം 1 ശതമാനം വരെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പുള്ള രണ്ട് വ്യാപാര ദിവസങ്ങളിലായി വില 3.6 ശതമാനം ഉയർന്നിരുന്നു.
തിങ്കളാഴ്‌ച സ്വർണവില 100 ദിവസത്തെ ശരാശരി വിലയ്ക്ക് മുകളിലേക്ക് ഉയർന്നതും വാങ്ങൽ താൽപര്യം വർധിക്കാൻ കാരണമായി. വില കുറഞ്ഞ സമയത്ത് സ്വർണം വാങ്ങുന്ന നിക്ഷേപകരുടെ എണ്ണം വർധിച്ചതും ചൈനയിൽ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് കൂടുതൽ നിക്ഷേപം എത്തിയതും വില ഉയരാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.




Click it and Unblock the Notifications