ദുബായിലും സ്വർണവില ഇടിഞ്ഞു; 24 മണിക്കൂറിനിടെ കുറഞ്ഞത് 11 ദിർഹത്തോളം..! 600ൽ താഴെയെത്തി
ദുബായ്: ആഗോള തലത്തിലെ ട്രെൻഡുകൾക്ക് അനുസരിച്ച് എല്ലായിടത്തും സ്വർണവിലയിൽ കാര്യമായ മാറ്റമാണ് വരുന്നത്. ഇപ്പോഴിതാ ദുബായിൽ സ്വർണവില ഗ്രാമിന് 600 ദിർഹമിന് താഴെ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്‌ച രാവിലെ ഒരു ഗ്രാം സ്വർണത്തിന് 599.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കാര്യമായ കുറവാണ് ഇത് ഉണ്ടാക്കിയത്.
അതായത് വ്യാഴാഴ്‌ച രാവിലെ രേഖപ്പെടുത്തിയ 610.75 ദിർഹമിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 11 ദിർഹമിന്റെ കുറവാണ് ഉണ്ടായത്. ഒരു ഔൺസിന് 5,000 ഡോളറിന് താഴെയായി മഞ്ഞ ലോഹത്തിന്റെ വില എത്തിയതോടെയാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന്റെ വിലയിൽ അടുത്തിടെയുണ്ടായ ചാഞ്ചാട്ടം യുഎഇയിലും പ്രകടമാണ്.

പല വിഭാഗങ്ങളിലുള്ള സ്വർണത്തിനും വില കുറഞ്ഞു. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണത്തിന് യഥാക്രമം 555.25 ദിർഹം, 532.5 ദിർഹം, 456.5 ദിർഹം, 356.0 ദിർഹം എന്നിങ്ങനെയായി മാറി വില. ഒരു ആഴ്‌ചയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിൽ നിന്ന് തിരിച്ചുവന്ന്, സ്പോട്ട് ഗോൾഡ് ഒരു ഔൺസിന് 4,977.92 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിലും ചാഞ്ചാട്ടം പ്രകടമാണ്, ഫെബ്രുവരി 13 ലെ കണക്കനുസരിച്ച്, ദുബായിൽ വെള്ളിയുടെ സ്പോട്ട് വില ഔൺസിന് 283 ദിർഹമാണ്, സമീപകാല വിപണി പ്രവണതകളെ തുടർന്ന് ഉയർന്ന ചാഞ്ചാട്ടം ഇത് കാണിക്കുന്നു. ഒരു ഗ്രാം വെള്ളിക്ക് ഏകദേശം 9 ദിർഹമാണ് വില. ഇതിലും ഇടിവാണ് നേരത്തെ രേഖപ്പെടുത്തിയത്.
ഇന്നലെ ഓഹരി വിപണിയിലെ തകർച്ചയെ തുടർന്ന് വിൽപ്പന സമ്മർദ്ദം വർധിച്ചതോടെ സ്വർണവില ഏകദേശം മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇത് ഒരു ഔൺസിന് 5000 ഡോളർ എന്ന നിർണായക പിന്തുണ തകർക്കാൻ കാരണമായി. പലിശനിരക്കിലെ മാറ്റം സംബന്ധിച്ച സൂചനകൾക്കായി നിക്ഷേപകർ യുഎസിന്റെ പ്രധാന പണപ്പെരുപ്പ കണക്കുകൾക്കായി കാത്തിരിക്കുകയാണ് നിലവിൽ.
ജനുവരിയിൽ 70,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന പ്രവചനമുണ്ടായിരുന്നെങ്കിലും, ഇന്നലെ പുറത്തുവിട്ട യുഎസ് റിപ്പോർട്ട് പ്രകാരം 1,30,000 പുതിയ തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വിപണിക്ക് ഒരു സന്തോഷവാർത്തയായിരുന്നു. ഈ വാർത്തയാണ് സ്വർണത്തിനും വെള്ളിക്കും നേരിടേണ്ടി വന്ന വിലക്കുറവിന്റെ കാരണമെന്നാണ് വിലയിരുത്തൽ.
2025ലെ മൊത്തം തൊഴിൽ വളർച്ച 5,84,000ൽ നിന്ന് 1,81,000 ആയി (പ്രതിമാസം ശരാശരി 15,000 തൊഴിലവസരങ്ങൾ മാത്രം) പുതുക്കി നിശ്ചയിച്ചു. അതുകൊണ്ട് തന്നെ അമൂല്യ ലോഹങ്ങളുടെ വിലയ്ക്ക് ഇവ അടിത്തറ നൽകുമെന്നാണ് കരുതപ്പെടുന്നത്. ആ വില ദുബായ് ഉൾപ്പെടെയുള്ള ജിസിസി മാർക്കറ്റുകളിലും പ്രകടമാവാനാണ് സാധ്യത.












Click it and Unblock the Notifications