ദുബായിയിൽ സ്വർണ വില റെക്കോഡിൽ,പേടിക്കേണ്ട..'10 ദിവസം കാത്തിരിക്കൂ, പിന്നെ കളിമാറും', വാങ്ങി വെക്കാം
അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്ന് വിട്ട വ്യാപാര യുദ്ധം ആഗോള വിപണിയിൽ കനത്ത അനിശ്വിതത്വത്തിനാണ് വഴിവെച്ചത്. സാമ്പത്തിക മാന്ദ്യ ഭീഷണിയും പണപ്പെരുപ്പ ആശങ്കകളും ശക്തമായതോടെ സ്വർണം വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകർ. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ സ്വീകാര്യത ഉയർന്നതോടെ വിലയും കുതിച്ചുയരുകയാണ്.
ഇന്ന് ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 3354 ഡോളർ രേഖപ്പെടുത്തി. ഇതിന്റെ ചുവടുപിടിച്ച് ദുബായിലും ഇന്ന് വില റെക്കോഡ് തൊട്ടു. അക്ഷയ തൃതീയ അടുത്തിരിക്കെ സ്വർണം വാങ്ങിക്കൂട്ടാം എന്ന് പ്രതീക്ഷിച്ചിരുന്ന സ്വർണപ്രേമികളുടെ ആഗ്രഹങ്ങൾ അസ്ഥാനത്താക്കിയാണ് വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത് 375.25 ദിർഹമാണ്. 24 കാരറ്റ് സ്വർണത്തിനാകട്ടെ 405.25 ദിർഹവും.

കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 17.75 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 22 കാരറ്റ് ഒരു ഗ്രാമിന് 369.75 ദിർഹമായിരുന്നു വില. ഇതോടെ അക്ഷയ തൃതീയയോട് അടുത്ത് വില വീണ്ടും താഴേക്ക് വീഴുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ചാണ് വിലയിൽ വർധനവ് ഉണ്ടായത്.
അതേസമയം യുക്രൈൻ-റഷ്യ സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ചയിൽ സ്വർണ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെന്ന് പറയുകയാണ് കാൻസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ അനിൽ ധനക്. പ്രതീക്ഷിച്ചതിന് വിപരീതമായാണ് സംഭവിച്ചതെങ്കിലും വെടിനിർത്തൽ കരാർ സംബന്ധിച്ച ശുഭസൂചനകൾ വരുന്നതോടെ സ്വർണവില കുറയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഔൺസിന് 3400 തൊടുമെന്നാണ് പ്രവചനം. മാർച്ച് പകുതിയോടെ ഔൺസിന് വില 3000 ഡോളർ ആയിരുന്നു. ഇതാണ് ഒറ്റയടിക്ക് 3200 ഉം പിന്നീട് 3300 ആയത്. ഇങ്ങനെയാണെങ്കിൽ 3354 ഡോളർ എന്നത് 3400 തൊടാൻ അധികം സമയം വേണ്ടിവരില്ലെന്നും വിദഗ്ധർ പറയുന്നു.
വില 3280 ഡോളറിലേക്ക് വീണാൽ പിന്നീട് കുത്തനെ കുറയാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടം കഴിഞ്ഞാൽ 3230 വരെ എത്താനും അതിനും താഴേക്ക് പോയി 3190 ഡോളറിലേക്ക് വീഴാനും സാധ്യതയുണ്ടെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കാത്തിരിക്കണോ അതോ ബുക്ക് ചെയ്തിടണോ?
പൊന്നിന്റെ കുതിപ്പ് സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. വിശേഷ ദിവസം എന്ന് കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയക്കെങ്കിലും ഒരു തരി പൊന്ന് വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. സ്വർണമായത് കൊണ്ട് ഈ വിലയിലും വാങ്ങി വെച്ചാലും നഷ്ടം വരില്ല. എന്നാൽ വില കൈവിട്ട് പോയാൽ എന്ത് ചെയ്യും എന്നാണ് ഇപ്പോഴത്തെ വർധനവിൽ പലരും ചോദിക്കുന്നത്.
അക്ഷയ തൃതീയയോട് അനുബന്ധിച്ച് വില കുറയും എന്നത് കാത്ത് നിൽക്കാതെ ഇപ്പോൾ തന്നെ സ്വർണം ബുക്ക് ചെയ്തിടണോയെന്നാണ് പലരുടേയും സംശയം. അപ്പോൾ ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങാം. എന്നാൽ ചില ജ്വല്ലറി വ്യാപാരികൾ പറയുന്നത് അക്ഷയ തൃതീയ ദിവസമായ ഏപ്രിൽ 30 നോട് അടുപ്പിച്ച് വിലയിൽ കുറവുണ്ടായേക്കുമെന്നാണ്. അതായത് 10 ദിവസത്തിനുള്ളിൽ ഗ്രാമിന് 350 ദിർഹം വരെ എത്താൻ ഉള്ള സാധ്യത ഉണ്ടെന്ന്. 325 മുതൽ 330 ദിർഹം വരെ വില എത്തിയാൽ ഒരുപരിധി വരെ സാധാരണക്കാരന് ആശ്വാസമാകും.
ഇതൊക്കെ കൊണ്ട് ഇനിയും 10 ദിവസം കാത്തിരിക്കുകയാണോ വേണ്ടത്? എന്തായാലും പ്രവചനങ്ങൾ ഫലിച്ചാൽ അക്ഷയ തൃതീയയിലെ കച്ചവടം പൊടിപൊടിച്ചേക്കും. ഇനി മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ സ്വർണം സാധാരണക്കാരൻ മറക്കേണ്ടി വരും.












Click it and Unblock the Notifications