ഒമാനിലെ പ്രവാസികൾക്ക് കോളടിച്ചു; സലാം എയറിന്റെ നേരിട്ടുള്ള വിമാന സർവീസ് കോഴിക്കോട്ടേക്ക്
മസ്‌കറ്റ്: ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ശൈത്യകാല വിമാന സമയക്രമത്തിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ഒക്ടോബർ 31 മുതൽ എല്ലാ ശനിയാഴ്‌ചകളിലും സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമുണ്ടാകും.
സലാലയിലും ഒമാനിലെ ദോഫാർ, അൽ വുസ്താ മേഖലകളിലും താമസിക്കുന്ന മലയാളികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. നേരിട്ടുള്ള വിമാനയാത്ര ലഭിക്കുന്നതോടെ ഇടത്താവളങ്ങളിൽ ഇറങ്ങി മറ്റൊരു വിമാനത്തിനായി കാത്തിരിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാകും. യാത്രാസമയം കുറയ്ക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും പുതിയ സർവീസ് സഹായിക്കും.

കോഴിക്കോടിന് പുറമേ സലാലയിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും ബംഗ്ലാദേശിലെ ചട്ടോഗ്രാമിലേക്കും നേരിട്ടുള്ള സർവീസുകൾ സലാം എയർ പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ ബുധനാഴ്‌ചകളിലും ജിദ്ദയിലേക്കും എല്ലാ വ്യാഴാഴ്‌ചകളിലും ചട്ടോഗ്രാമിലേക്കും വിമാന സർവീസ് ഉണ്ടായിരിക്കും.
സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും. യാത്രയ്ക്ക് മുമ്പ് ലഭ്യമായ തീയതികൾ, ടിക്കറ്റ് നിരക്ക്, ബാഗേജ് പരിധി, മറ്റ് യാത്രാനിബന്ധനകൾ എന്നിവ പരിശോധിക്കണം. സാധാരണയിലും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സലാം എയർ സഹായിക്കുമെന്നാണ് കരുതുന്നത്.
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത് കേരളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് അവധിക്കാലങ്ങളിലും കുടുംബപരമായ ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് പുതിയ സർവീസ് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കും.
ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോ കോസ്‌റ്റ് വിമാന കമ്പനിയാണ് സലാം എയർ. 2016-ൽ സ്ഥാപിതമായ ഈ എയർലൈൻ 2017 ജനുവരി മുതലാണ് തങ്ങളുടെ ഔദ്യോഗിക സർവീസുകൾ ആരംഭിച്ചത്. ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെയും വിവിധ ഒമാനി നിക്ഷേപകരുടെയും സംയുക്ത സംരംഭമാണ് ഇത്. കൂടാതെ ഇതിന്റെ പ്രധാന പ്രവർത്തന കേന്ദ്രം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളമാണ്.
പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർക്ക് സലാം എയർ വലിയ രീതിയിൽ ആശ്വാസമാണ്. ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മസ്‌കറ്റിൽ ലേ-ഓവർ ഇല്ലാതെ നേരിട്ടുള്ള സർവീസുകൾ ഇവർ ലഭ്യമാക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.


Click it and Unblock the Notifications
