യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ശുഭവാർത്ത; ഇനി ഞായറാഴ്‌ചകളിലും പാസ്പോർട്ട് ലഭിക്കും, എങ്ങനെ?
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി പാസ്‌പോർട്ട് വാങ്ങുന്നതിനായി പ്രവൃത്തി ദിവസങ്ങൾ മാത്രം നോക്കി ഇരിക്കേണ്ട. യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും ഞായറാഴ്‌ച പാസ്‌പോർട്ട് ശേഖരിക്കുന്നതിനുള്ള സൗകര്യം ആരംഭിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഈ സേവനം ലഭിക്കുക. സാധാരണ പ്രവൃത്തി സമയങ്ങളിൽ പാസ്‌പോർട്ട് നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പുതിയ സംവിധാനം കൂടുതൽ സൗകര്യമാകും.
ജോലി സമയത്തിനിടെ പാസ്‌പോർട്ട് വാങ്ങാൻ കഴിയാത്തത് പ്രവാസികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിലൊന്നായിരുന്നു. പലർക്കും പാസ്‌പോർട്ട് കൊറിയർ വഴി അയപ്പിക്കുകയോ നേരിട്ട് എത്തി വാങ്ങുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് എല്ലാ കേന്ദ്രങ്ങളിലും ഞായറാഴ്‌ച പാസ്‌പോർട്ട് ശേഖരണ കൗണ്ടർ ആരംഭിച്ചത്.

പാസ്‌പോർട്ട് പുതുക്കൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ കോൺസുലർ സേവനങ്ങളുടെ ചുമതല ജൂലൈയിലാണ് അൽഹിന്ദ് ഗ്ലോബൽ സർവീസസ് ഏറ്റെടുത്തത്. കേരളം ആസ്ഥാനമായുള്ള ഈ കമ്പനിക്ക് 2025 നവംബറിൽ സേവനങ്ങൾ നടത്തുന്നതിനുള്ള കരാർ ലഭിച്ചിരുന്നു. എന്നാൽ കരാർ നടപടികളുടെ നിയമസാധുതയും സുതാര്യതയും ചോദ്യം ചെയ്‌ത് പരാജയപ്പെട്ട രണ്ട് അപേക്ഷകർ കോടതിയെ സമീപിച്ചതോടെ സേവനങ്ങൾ ആരംഭിക്കുന്നത് വൈകുകയായിരുന്നു.
പുനർ ടെൻഡർ നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. നിയമപോരാട്ടം തുടരുന്നതിനിടെ 15 വർഷത്തിനിടെ ആദ്യമായി യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ നേരിട്ട് കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നു. ഇതോടെ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് രേഖകൾ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. വേനൽക്കാല യാത്രകൾ ഉൾപ്പെടെയുള്ള തിരക്കേറിയ സമയത്ത് പലരും മണിക്കൂറുകളോളം ക്യൂ നിൽക്കുകയും യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടിവന്ന സാഹചര്യമായിരുന്നു.
ജൂലൈ 22ന് അൽഹിന്ദ് സേവനങ്ങൾ ആരംഭിച്ചപ്പോൾ വലിയ തോതിൽ അപേക്ഷകൾ കെട്ടിക്കിടന്നിരുന്നു. എന്നാൽ ഇപ്പോൾ കെട്ടിക്കിടന്നിരുന്ന മുഴുവൻ അപേക്ഷകളും തീർപ്പാക്കിയതായി കമ്പനി അറിയിച്ചു. 16 കേന്ദ്രങ്ങളിലും ഇപ്പോൾ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. സേവനങ്ങൾ കൂടുതൽ ക്രമീകരിച്ച രീതിയിൽ സമയബന്ധിതമായി നടത്തിവരുന്നതായും കമ്പനി വ്യക്തമാക്കി.
പാസ്‌പോർട്ട് അപേക്ഷ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് 19 ദിർഹം എന്ന ഏക നിരക്കാണ് അൽഹിന്ദ് ഈടാക്കുന്നത്. അപേക്ഷാ ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകളുടെ പകർപ്പ് എടുക്കൽ, കൊറിയർ ക്രമീകരിക്കൽ തുടങ്ങിയ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടുന്നു. ഇതോടെ അടിസ്ഥാന അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ സമീപിക്കേണ്ട ആവശ്യമില്ല.
അപ്പോയിന്റ്മെന്റ് ബുക്കിങ്ങിന്റെ പേരിൽ അമിത തുക ഈടാക്കുന്ന വ്യാജ സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡി കഴിഞ്ഞ മാസം ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. പാസ്‌പോർട്ട് സേവനങ്ങളിൽ കൂടുതൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തി മൂന്നാം കക്ഷി ഏജന്റുമാരെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും സേവന കേന്ദ്രങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കാനും കോൺസുലേറ്റ് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ ദിവസവും രാവിലെ 9നും രാത്രി 9നും പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും. അൽഹിന്ദിന്റെ 16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.
ബർ ദുബായിലെ കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം നിരവധി അപേക്ഷകരെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും. ഞായറാഴ്‌ചയും പാസ്പോർട്ട് ലഭിക്കുന്നത് ആയിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാവും.


Click it and Unblock the Notifications
