യുഎഇ കാണാൻ പോവുന്നവർക്ക് സന്തോഷ വാർത്ത; 5 വർഷത്തെ ടൂറിസ്‌റ്റ് വിസ വരുന്നു, നിബന്ധനകൾ അറിയാം
ദുബായ്: യുഎഇയിലേക്ക് വരാനിരിക്കുന്ന ടൂറിസ്‌റ്റുകൾക്ക് ആശ്വാസം നൽകുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയാണ് ടൂറിസ്‌റ്റുകളെ ആകർഷിക്കുന്നത്. ഇപ്പോഴിതാ അധികൃതർ ഈ പാക്കേജിലെ നിബന്ധനകൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ വിസ ഉപയോഗിച്ച് ഏത് രാജ്യക്കാർക്കും സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ നേരിട്ട് അപേക്ഷിക്കാം.
ഈ വിസയ്ക്ക് അഞ്ച് വർഷത്തെ കാലാവധിയാണ് ഉണ്ടാവുക. ഈ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ താമസിക്കാം. ആവശ്യമെങ്കിൽ താമസം വീണ്ടും 90 ദിവസം കൂടി നീട്ടാനും അവസരമുണ്ട്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ആകെ 180 ദിവസത്തിൽ കൂടുതൽ യുഎഇയിൽ താമസിക്കാൻ അനുവദിക്കില്ല.

വിനോദസഞ്ചാരികൾക്കും ഇടയ്ക്കിടെ യുഎഇ സന്ദർശിക്കുന്നവർക്കും കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കാണാൻ പോകുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും ഈ വിസ ഏറെ പ്രയോജനകരമാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് കൂടുതൽ ഗുണകരമാവും.
അപേക്ഷിക്കാൻ കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ വിമാന ടിക്കറ്റ്, കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്‌റ്റേറ്റ്മന്റ് എന്നിവ സമർപ്പിക്കണം. കൂടാതെ, അപേക്ഷയ്ക്ക് മുമ്പുള്ള ആറുമാസക്കാലയളവിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4000 യുഎസ് ഡോളറോ അതിന് തുല്യമായ തുകയോ ഉണ്ടായിരുന്നുവെന്ന് തെളിയിക്കേണ്ടതുമുണ്ട്.
യുഎഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ, കൂടാതെ കസ്‌റ്റമർ ഹാപ്പിനസ് സെന്ററുകളിലൂടെയും അമീർ സർവീസ് സെന്ററുകളിലൂടെയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത ശേഷം നിശ്ചിത ഫീസ് അടച്ചാൽ അപേക്ഷാ നടപടികൾ പൂർത്തിയാകും.
ഈ വിസയ്ക്കുള്ള ആകെ ഫീസ് 3713 ദിർഹമാണ്. ഇതിൽ വിസ ഫീസ്, സർവീസ് ചാർജുകൾ, തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ കൂടി ഉൾപ്പെടുന്നു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചില സാഹചര്യങ്ങളിൽ അന്തിമ തുകയിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. എങ്കിലും വിസ ലഭിക്കുന്നവർ അനുവദിച്ചിരിക്കുന്ന കാലാവധിയേക്കൾ കൂടുതൽ ദിവസം യുഎഇയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
യാത്രാ വിവരങ്ങൾ പരിശോധിച്ച് ഓവർസ്‌റ്റേ ഒഴിവാക്കുന്നത് പിഴയും മറ്റ് നിയമപ്രശ്‌നങ്ങളും ഒഴിവാക്കാൻ സഹായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സന്ദർശകരെ ആകർഷിക്കാനും, സന്ദർശനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും കൂടി ലക്ഷ്യമിട്ടാണ് യുഎഇ പുതിയ അഞ്ച് വർഷ വിസയുമായി രംഗത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications