ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു; ചടങ്ങ് നടന്നത് ജിദ്ദയിൽ...
ന്യൂഡൽഹി: ഈ വർഷത്തേക്കുള്ള ഉഭയകക്ഷി ഹജ്ജ് കരാർ ഔപചാരികമായി അംഗീകരിച്ച് ഇന്ത്യയും സൗദി അറേബ്യയും. ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിയുടെയും ന്യൂനപക്ഷകാര്യ ജോയിന്റ് സെക്രട്ടറി നിരുപമ കൊട്രുവിന്റേയും നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഇതിനായി സൗദിയിൽ എത്തിയിരുന്നു.
ജിദ്ദയിൽ വച്ച് നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്ന കരാറിൽ ഒപ്പിടുന്നത് സുഗമമാക്കുന്നതിൽ സ്‌മൃതി ഇറാനിയോടൊപ്പം നിരുപമ കോട്രുവും നിർണായക പങ്ക് വഹിച്ചിരുന്നു.

ചടങ്ങിന്റെ വിശദാംശങ്ങളും, കൂടിക്കാഴ്‌ചയുടെ ഫലമായി എടുത്ത തീരുമാനങ്ങളും സ്‌മൃതി ഇറാനി എക്‌സ് പോസ്‌റ്റിലൂടെ പങ്കുവച്ചിരുന്നു. തങ്ങളുടെ സന്ദർശന വേളയിൽ, സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അൽ റബിയയുമായി ഇന്ത്യൻ പ്രതിനിധികൾ നിർണായക ചർച്ചകളിൽ ഏർപ്പെട്ടതായി സ്‌മൃതി ഇറാനി വ്യക്തമാക്കി.
നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ചർച്ചകളിൽ പരസ്‌പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്‌തതായും മന്ത്രി സ്‌മൃതി ഇറാനി എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.
സ്‌മൃതി ഇറാനിയെയും, തൗഫീഖ് അൽ റബിയയെയും കൂടാതെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം അനുവദിച്ച അതേ ഹജ്ജ് ക്വാട്ട തന്നെയാണ് ഈ വർഷവും ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്. ആകെ 1,75,025 തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുക. അതിൽ 1,40,020 സീറ്റുകൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടകർക്കായി നീക്കിവെച്ചിരിക്കുന്നു.
ഇത് ഈ വർഷം ഹജ്ജ് തീർഥാടനം നടത്താൻ ഉദ്ദേശിക്കുന്ന സാധാരണ തീർത്ഥാടകർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന കാര്യമാണ്. ഇതിന് പുറമെ ബാക്കി വരുന്ന 35,005 തീർഥാടകർ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർ സഹായത്തോടെയാവും ഹജ്ജ് തീർത്ഥാടനം നടത്തുക.












Click it and Unblock the Notifications