ദുബായിൽ യാത്രാവിലക്ക് നിലവിലുണ്ടോ? അറിയാൻ വഴിയുണ്ട്, നിമിഷങ്ങൾക്കുള്ളിൽ നീക്കാം, അതും ഓൺലൈനായി!
അബുദാബി: ദുബായിൽ യാത്രാവിലക്ക് നിലവിലുള്ളവർക്ക്, വാടക സംബന്ധിയായ സാമ്പത്തിക തർക്കങ്ങളുള്ളവർ ഉൾപ്പെടെ, നിമിഷങ്ങൾക്കകം നിയന്ത്രണങ്ങൾ നീക്കാവുന്ന ഡിജിറ്റൽ സേവനം ആരംഭിച്ച് ദുബായ് പോലീസ്. എമിറേറ്റിൽ കഴിയുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്രദമായ സംവിധാനമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.
സർക്കുലറുകളും യാത്രാവിലക്കുകളും സംബന്ധിച്ച അന്വേഷണം എന്ന ഈ ഓൺലൈൻ സേവനം വഴി ഉപയോക്താക്കൾക്ക് വിലക്കിന്റെ നില പരിശോധിക്കാം. അധികാരിയെ തിരിച്ചറിഞ്ഞ്, ഓഫീസുകൾ സന്ദർശിക്കാതെ തീർപ്പാക്കാത്ത തുകകൾ അടയ്ക്കാനുള്ള സൗകര്യവും ഈ സേവനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ദുബായ് പോലീസ് ഇത് പ്രഖ്യാപിച്ചത്. ഓൺലൈൻ പേയ്‌മെന്റുകൾ പൂർത്തിയായാൽ യാത്രാവിലക്ക് നിമിഷങ്ങൾക്കകം സ്വയമേവ നീങ്ങുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. യുഎഇക്കകത്തും പുറത്തുമുള്ളവർക്ക് ദുബായ് പോലീസ് സ്‌മാർട്ട് ആപ്പ്/വെബ്സൈറ്റ് വഴി സേവനം ഉപയോഗിക്കാം.
യുഎഇ പാസ് വഴിയുള്ള സുരക്ഷിത ലോഗിൻ നിർബന്ധമാണ്. ഈ സംവിധാനം വഴി യാത്രാവിലക്കുകളോ സർക്കുലറുകളോ ഉണ്ടോയെന്ന് പരിശോധിക്കാം. കേസിന്റെ വിവരങ്ങൾ, അധികാരിയുടെയും അടയ്‌ക്കേണ്ട തുകയുടെയും വിശദാംശങ്ങൾ അറിയാം. ഡിജിറ്റലായി തുക അടച്ച് തൽക്ഷണ അറിയിപ്പുകൾ നേടാം. പേയ്‌മെന്റ് കഴിഞ്ഞാൽ വിലക്ക് തനിയെ നീങ്ങുന്നതാണ് ഇതിന്റെ രീതി.
ആദ്യഘട്ടത്തിൽ വാടക തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കേന്ദ്രം പുറപ്പെടുവിച്ച യാത്രാവിലക്കുകളാണ് വെബ്സൈറ്റിൽ ഉൾക്കൊള്ളുന്നത്. ഭാവിയിൽ ദുബായ് കോടതികളും പബ്ലിക് പ്രോസിക്യൂഷൻ വിലക്കുകളും ഉൾപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇത് സിവിൽ ക്രിമിനൽ കേസുകളിൽ വേഗത്തിൽ പരിഹാരം ഉറപ്പാക്കുമെന്നതാണ് ഗുണം.
അതേസമയം, യുഎഇയിലെ യാത്രാവിലക്ക് എന്നാൽ രാജ്യം വിടുന്നതിന് ഏർപ്പെടുത്തുന്ന നിയമപരമായ നിയന്ത്രണമാണ്. അടയ്‌ക്കാത്ത വാടക, വായ്‌പകൾ, മടങ്ങിയ ചെക്കുകൾ പോലുള്ള സിവിൽ-ക്രിമിനൽ കേസുകളിലാണിത് പൊതുവെ ചുമത്താറ്. കോടതി വിധിക്ക് ശേഷമാണ് പലപ്പോഴും ഇത്തരം വിലക്കുകൾ ആവശ്യപ്പെടാറ്. അത് പിന്നീടുള്ള യാത്രകൾക്ക് വിലങ്ങുതടിയായി മാറും.
ഈ വിലക്കുകൾ നിലവിലുള്ളവർക്ക് രാജ്യം വിടുന്നതിന് തടസം നേരിടും. പ്രവാസികൾക്ക് ഉൾപ്പെടെയുള്ളവർ ഇത്തരം ബുദ്ധിമുട്ടുകളിൽ പെട്ട് വലയുന്നത് പതിവ് കാഴ്‌ചയാണ്. എന്നാൽ പുതിയ സംവിധാനം വന്നതോടെ ഇതിനൊരു അറുതിയാവും. പെട്ടെന്ന് തന്നെ പണം അടച്ചു കൊണ്ട് വിലക്കുകൾ നീക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷത.












Click it and Unblock the Notifications