സൗദിയിലെ അരാംകോ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂതികൾ; പിന്നാലെ എഫ്ഐഐ സമ്മേളനം മാറ്റി
റിയാദ്: യെമനിലെ ഹൂതി വിമതർ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക ലക്ഷ്യങ്ങൾ എന്നിവയ്ക്ക് നേരെ പുതിയ ആക്രമണം നടത്തിയതായി റിപ്പോർട്ട്. മിഡിൽ ഈസ്‌റ്റിലെ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ, അനൗപചാരികമായി "ദാവോസ് ഇൻ ദി ഡെസേർട്ട്" എന്നറിയപ്പെടുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) സമ്മേളനം അടുത്ത വർഷത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഒക്‌ടോബർ 26 മുതൽ 29 വരെ തീരുമാനിച്ചിരുന്ന നിക്ഷേപ സമ്മേളനത്തിന്റെ പത്താം പതിപ്പ് അടുത്ത വർഷം നടക്കുമെന്ന് സംഘാടകർ തിങ്കളാഴ്‌ച അറിയിച്ചു. പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും. യാൻബുവിലെ അരാംകോ സൗകര്യം, ഷെയ്ബ എണ്ണപ്പാടം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം എന്നിവയുൾപ്പെടെ സൗദിയിലെ കേന്ദ്രങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ പറഞ്ഞു.

എന്നാൽ സൗദി അറേബ്യയിൽ നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സൈനിക സ്ഥാപനങ്ങൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുമായി അടുത്ത ആഴ്‌ചകളിൽ രാജ്യം വർധിച്ചുവരുന്ന ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യമാണ്. അരാംകോയുടെ ആസ്ഥാനത്തും റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ മാസം നടന്ന ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട് പറയുന്നു.
യുഎസ്, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം മേഖലയിലുടനീളം വ്യാപിക്കുകയും ബിസിനസ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും സുരക്ഷാ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിർണായക നിക്ഷേപ പരിപാടികൾ മാറ്റി വച്ചിരിക്കുന്നത്. എഫ്ഐഐ കോൺഫറൻസ് പത്താം പതിപ്പിൽ എത്തി നിൽക്കുമ്പോൾ ആഗോള ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സ് നേതാക്കൾ, നയരൂപകർത്താക്കൾ എന്നിവരുടെ ഒരു പ്രധാന സമ്മേളനമായി മാറിയിരിക്കുകയാണ്.
അനൗപചാരികമായി "ദാവോസ് ഇൻ ദ ഡെസേർട്ട്" എന്നറിയപ്പെടുന്ന, ഭരണകൂടത്തിന്റെ പിന്തുണയുള്ള ഈ പരിപാടി ഹൈഡ്രോകാർബണുകളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിനോദസഞ്ചാരം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾ വികസിപ്പിക്കാനും ശ്രമിക്കുന്ന സൗദി അറേബ്യയുടെ നിക്ഷേപ അഭിലാഷങ്ങൾ സൂചിപ്പിക്കുന്ന ഒന്നാണ്.
ഈ സംഘർഷം ഇതിനകം തന്നെ ഗൾഫിലെ തിരക്കേറിയ ബിസിനസ് പരിപാടികളുടെ കലണ്ടറിനെ തടസപ്പെടുത്തിയിട്ടുണ്ട്. രാജ്യങ്ങൾ ആക്രമണത്തിനിരയായതിനാൽ ഈ വർഷം ആദ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഖത്തറിലും നിരവധി കോൺഫറൻസുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്‌തിരുന്നു.


Click it and Unblock the Notifications
