സൗദിയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഹൂതികൾ; ഉംറ തീർത്ഥാടകർക്കായി പുതിയ നിർദേശവുമായി ഇന്ത്യ
റിയാദ്: സൗദി അറേബ്യയിൽ വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്രാപ്രതിസന്ധി നേരിടുന്ന ഇന്ത്യൻ പൗരന്മാർക്കും പ്രത്യേകിച്ച് ഉംറ തീർഥാടകർക്കുമായി പുതിയ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കുന്നതിനായി സൗദി അധികൃതരുമായി ഏകോപനം നടത്തിവരികയാണെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു.
യെമനിലെ ഹൂതി വിഭാഗം സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സംഘർഷം വർധിച്ചുവരുന്നതിനിടെയാണ് പുതിയ നിർദേശം. വിമാന സർവീസുകൾ തടസപ്പെട്ടതോടെ നിരവധി യാത്രക്കാർക്ക് മടക്കയാത്ര വൈകുകയും മറ്റ് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്‌തിട്ടുണ്ട്.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചതനുസരിച്ച്, ജിദ്ദയിലും മക്കയിലും പ്രവർത്തിക്കുന്ന 24 മണിക്കൂറും സേവനം നൽകുന്ന നിയന്ത്രണ കേന്ദ്രങ്ങൾ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നുണ്ട്. വിവിധ ഇന്ത്യൻ സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെയാണ് സഹായപ്രവർത്തനങ്ങൾ നടത്തുന്നത്.
ആവശ്യവും സാധ്യവുമായ സാഹചര്യങ്ങളിൽ ഭക്ഷണം, അവശ്യ മരുന്നുകൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവയും ലഭ്യമാക്കുന്നുണ്ട്. വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിസയുടെ കാലാവധി, യാത്ര വൈകുന്നത് തുടങ്ങിയ വിഷയങ്ങൾക്കാണ് പ്രത്യേക പരിഗണന നൽകുന്നത്.
വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് സൗദിയിൽ കൂടുതൽ ദിവസം തങ്ങേണ്ടിവരുന്ന ഉംറ തീർഥാടകർക്ക് താമസസൗകര്യങ്ങളിലോ മറ്റ് സേവനങ്ങളിലോ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീർഥാടക സഹായകേന്ദ്രവുമായി ബന്ധപ്പെടാം. ഇതിനായി 1966 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്‌റ്റർ ചെയ്യാനും തുടർനടപടികൾക്കായി പരാതി നമ്പർ കൈപ്പറ്റാനും നിർദേശിച്ചിട്ടുണ്ട്.
തീർഥാടകർ തങ്ങളുടെ ഉംറ സേവനദാതാക്കളുമായും നിരന്തരം ബന്ധം പുലർത്തണം. വിമാന സർവീസുകൾ റദ്ദാക്കിയതും യാത്രക്കാർക്ക് പണം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികളുമായും കോൺസുലേറ്റ് ചർച്ചകൾ നടത്തുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള സർവീസുകൾ തുടരുന്ന വിമാനക്കമ്പനികളുമായി ഇന്ത്യൻ ഉംറ യാത്രാ സംഘാടകരെ ബന്ധിപ്പിച്ച് ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കാനും കോൺസുലേറ്റ് സഹായിക്കുന്നുണ്ട്. എന്നാൽ പുതിയ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമാകുന്നതും ബാധകമായ നിരക്കുകളും ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ മറ്റ് നിബന്ധനകളും അനുസരിച്ചായിരിക്കും.
വിമാന സർവീസുകൾ തടസപ്പെട്ടതുമൂലം ബുദ്ധിമുട്ടുന്നവർ യാത്ര റദ്ദാക്കൽ, പുനഃക്രമീകരണം, പണം തിരിച്ചുകിട്ടൽ, ബദൽ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി തങ്ങളുടെ വിമാനക്കമ്പനികളുമായോ യാത്രാ ഏജന്റുമാരുമായോ ഉംറ സംഘാടകരുമായോ നിരന്തരം ബന്ധപ്പെടണമെന്നും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.
ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര എത്രയും വേഗം സാധ്യമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ, വിമാനക്കമ്പനികൾ, മറ്റ് ഏജൻസികൾ എന്നിവരുമായി ഏകോപനം തുടരുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, സൗദിയിൽ വീണ്ടും ഹൂതി ആക്രമണം ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ തീർത്ഥാടകരുടെ മടക്ക യാത്ര ആശങ്കയിലാണ്.


Click it and Unblock the Notifications
