ദുബായ് നഗരഹൃദയത്തിൽ വൻ നിക്ഷേപം; ബുർജ് ഖലീഫ മെട്രോ സ്‌റ്റേഷൻ അടിമുടി മാറും, നവീകരണം ഉടൻ
ദുബായ്: യാത്രക്കാർക്ക് ആശ്വാസമായി മെട്രോയിലെ തിരക്കേറിയ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്‌റ്റേഷൻ വലിയ വികസനത്തിന് ഒരുങ്ങുകയാണ്. സ്‌റ്റേഷനിലെ യാത്രക്കാരുടെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ പദ്ധതിയിലൂടെ മണിക്കൂറിൽ 7250 യാത്രക്കാർ എന്നത് 12,320 ആയും പ്രതിദിനം 220,000 ആയും ഉയർത്താനാവുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ പുതുവർഷ തലേന്ന് അടക്കം അനുഭവപ്പെട്ട തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ വർഷം ജൂണിൽ പ്രഖ്യാപിച്ച ഈ വികസന പദ്ധതി നടപ്പാക്കുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കരാർ ഒപ്പിട്ടത്. ദേശീയ, മതപരമായ അവധി ദിനങ്ങളിലും പ്രധാന പരിപാടികളിലും ഉണ്ടായ വർധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്തായിരുന്നു അധികൃതരുടെ ഈ നീക്കം. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയും ഇത്തരമൊരു മാറ്റത്തിന്റെ ആവശ്യകതയെ കുറിച്ച് അധികൃതർക്ക് ബോധ്യപ്പെടുകയും ചെയ്‌തിരുന്നു.

അതിനിടെ ഇക്കഴിഞ്ഞ പുതുവർഷ ആഘോഷവേളകളിലാണ് ഈ സ്‌റ്റേഷനിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്; ദശലക്ഷക്കണക്കിന് യാത്രക്കാരെയാണ് അന്ന് മെട്രോയിൽ എത്തിച്ചത്. 2026-ലെ പുതുവർഷത്തലേന്ന്, ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകളിലായി 1.24 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വികസന പദ്ധതി സ്‌റ്റേഷന്റെ മൊത്തം വിസ്‌തീർണ്ണം 6700 ചതുരശ്ര മീറ്ററിൽ നിന്ന് 8500 ചതുരശ്ര മീറ്ററായി വർധിപ്പിക്കും. പ്രവേശന കവാടങ്ങൾ, കാൽനടമേൽപ്പാലങ്ങൾ, കൺകോഴ്‌സ്, പ്ലാറ്റ്ഫോം സ്ഥലങ്ങൾ എന്നിവ മെച്ചപ്പെടുത്തും. പുതിയ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കും. യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കാൻ പ്രവേശന, പുറത്തുകടക്കൽ കവാടങ്ങൾ വേർതിരിക്കുകയും ടിക്കറ്റ് ഗേറ്റുകളുടെ എണ്ണം, വാണിജ്യസ്ഥലങ്ങൾ എന്നിവ കൂട്ടുകയും ചെയ്യും.
ആർടിഎയുടെ കണക്കുകൾ പ്രകാരം, 2010-ൽ തുറന്നത് മുതൽ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്‌റ്റേഷനിലെ യാത്രക്കാരുടെ എണ്ണം സ്ഥിരമായി വർധിച്ചു വരികയാണ് ചെയ്യാറുള്ളത്. 2013-ൽ 6.13 ദശലക്ഷം, 2019-ൽ 7.885 ദശലക്ഷം, 2023-ൽ 10.2 ദശലക്ഷം, 2024-ൽ 10.57 ദശലക്ഷത്തിലധികം എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ എണ്ണം.
ഈ മെട്രോ സ്‌റ്റേഷൻ വികസിപ്പിക്കുന്നത് ദുബായുടെ നഗരഹൃദയത്തിലെ സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണ്. ടൂറിസവും വാണിജ്യ പ്രവർത്തനങ്ങളും കൂടുതലായി കേന്ദ്രീകരിച്ച ഇടങ്ങളിൽ ഒന്നാണിത്. അത്കൊണ്ട് തന്നെ ഏത് തിരക്കേറിയ സാഹചര്യത്തിലും, ആഘോഷ വേളയിലും മേഖലയിൽ നിന്നുള്ള യാത്ര, ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ മെട്രോ സ്‌റ്റേഷൻ നവീകരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
കൂടാതെ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, ബുർജ് ഖലീഫയിലേക്കുള്ള അവരുടെ വരവ് കൂടുതൽ എളുപ്പമാവുകയും സുഗമമാവുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യം. നിലവിൽ വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് വിനോദ സഞ്ചാരികളായി എത്തുന്നത്. ഒപ്പം പല ആഗോള കമ്പനികളുടെയും ആസ്ഥാനങ്ങളും ദുബായിലാണ്. വാണിജ്യ മേഖലയെയും ഇത് ഉണർത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications