പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ
ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യുഎഇയിലെ എയർപോർട്ട് അധികൃതർ പുതിയ പ്രവർത്തന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇത് ഇന്ത്യൻ വിമാനക്കമ്പനികളെ സേവനങ്ങൾ വെട്ടിച്ചുരുക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. ഇതോടെ നിരവധി പ്രവാസികളാണ് യാത്ര ചെയ്യാനാവാതെ വെട്ടിലായത്.
പുതിയ നിർദ്ദേശങ്ങളെത്തുടർന്ന്, എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെഒരു അറിയിപ്പ് പുറത്തിറക്കി. 'യുഎഇയിലെ വിമാനത്താവള അധികാരികളുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും 2026 മാർച്ച് 15-ലെ അവരുടെ അഡ്-ഹോക്ക് പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരിക്കുന്നു' എന്ന് അവർ കുറിച്ചു. ഇത് പ്രധാന യുഎഇ ഹബുകളിലേക്കുള്ള നിരവധി വിമാനങ്ങളെയാണ് ബാധിച്ചത്.

എയർലൈനുകൾ നൽകുന്ന വിവരമനുസരിച്ച്, നിയന്ത്രണങ്ങളെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-ദുബായ് മടക്ക യാത്രകളിലൊന്ന് മാത്രമേ അന്ന് സർവീസ് ചെയ്യുന്നുള്ളൂ. ആസൂത്രണം ചെയ്‌ത അഞ്ച് ദുബായ് വിമാനങ്ങളിൽ നാലെണ്ണവും റദ്ദാക്കിയതായും എയർലൈൻ വ്യക്തമാക്കി. ഈ യുദ്ധസമാന സാഹചര്യത്തിൽ വിമാന സർവീസുകളെ സാരമായി ബാധിക്കുന്ന സംഭവ വികാസങ്ങളാണ് അടുത്തിടെ ഉണ്ടായത്.
എയർ ഇന്ത്യ എക്‌സ്പ്രസും തങ്ങളുടെ പ്രവർത്തനങ്ങൾ ഗണ്യമായി കുറച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള ഒരു മടക്കയാത്ര മാത്രമാണ് അവർ നടത്തിയത്. ദുബായിലേക്ക് ഷെഡ്യൂൾ ചെയ്‌തിരുന്ന ആറ് വിമാനങ്ങളിൽ അഞ്ചെണ്ണവും റദ്ദാക്കുകയും ചെയ്‌തിരുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും പ്രവാസികൾ കൂടുതലായി ആശ്രയിക്കുന്ന എയർലൈനുകളാണ്.
അബുദാബിയിലേക്കുള്ള വിമാന സർവീസുകളെയാണ് ഇത് കൂടുതൽ ഗുരുതരമായി ബാധിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന് യുഎഇ തലസ്ഥാനത്തേക്കുള്ള അഞ്ച് ഷെഡ്യൂൾഡ് സർവീസുകളും റദ്ദാക്കേണ്ടി വന്നു. അതേസമയം, മറ്റ് എമിറേറ്റുകളിലേക്കുള്ള ചില സർവീസുകൾ തുടരും. ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജയിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.
റാസ് അൽ ഖൈമയെയും കോഴിക്കോടിനെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാനങ്ങളും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ സ്ലോട്ട് ലഭ്യതയ്ക്കും അന്നത്തെ സാഹചര്യങ്ങൾക്കും വിധേയമായിരിക്കും. റദ്ദാക്കപ്പെട്ട അല്ലെങ്കിൽ താൽക്കാലികമായി നിർത്തിവെച്ച വിമാനങ്ങളിലെ യാത്രക്കാർക്ക് അധിക നിരക്കുകളില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ നേടാനോ ഉള്ള അവസരം നൽകിയിട്ടുണ്ട്.
യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഇരു വിമാനക്കമ്പനികളും ഖേദം പ്രകടിപ്പിച്ചു. നിയന്ത്രണാതീതമായ പ്രവർത്തനപരമായ തടസങ്ങളാണ് വിമാനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന് അവർ വിശദീകരിക്കുന്നു. ദുരിതത്തിലായ യാത്രക്കാരെ സഹായിക്കാനും കുടുങ്ങിയവരെ എത്രയും വേഗം നാട്ടിലെത്തിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർലൈനുകൾ കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ദുബായ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും കാരണം ഇൻഡിഗോയും തങ്ങളുടെ വിമാന ഷെഡ്യൂളുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകളെ ഇത് സാരമായി ബാധിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications