ദുബായിൽ ഇനി മനുഷ്യന്മാർക്ക് മാത്രമല്ല പാസ്പോർട്ട്; സ്‌റ്റീലിനും സിമന്റിനും അലൂമിനിയത്തിനും കിട്ടും! എങ്ങനെ?
ദുബായ്: നൂതനമായ പല ആശയങ്ങൾക്കും തുടക്കമിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് യുഎഇ, പ്രത്യേകിച്ച് ദുബായ്. ഇപ്പോഴിതാ 2027 ആദ്യം മുതൽ സ്‌റ്റീൽ, അലുമിനിയം, സിമന്റ് എന്നിവയ്ക്ക് ബിൽഡിങ് മെറ്റീരിയൽസ് പാസ്‌പോർട്ട് സംവിധാനം നടപ്പാക്കാൻ ദുബായ് ഒരുങ്ങുകയാണ്. നിർമ്മാണമേഖലയിൽ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, നിർമ്മാണ മാലിന്യങ്ങൾ കുറയ്ക്കുക, കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഉപയോഗകാലം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദുബായ് ഫ്യൂച്ചർ വീക്ക് 2026ന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ദുബായിലെ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഈ സംവിധാനം നിർബന്ധമാക്കും. പദ്ധതിയുടെ ഭാഗമായി ഓരോ നിർമ്മാണ സാമഗ്രിക്കും പ്രത്യേക ഡിജിറ്റൽ തിരിച്ചറിയൽ നമ്പർ നൽകും. അതിൽ സാമഗ്രിയുടെ സാങ്കേതിക സവിശേഷതകൾ, ഗുണനിലവാര മാനദണ്ഡങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടും.

നിർമ്മാതാക്കളും വിതരണക്കാരും ആവശ്യമായ വിവരങ്ങൾ ദുബായ് മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന കേന്ദ്രീകൃത സംവിധാനത്തിൽ സമർപ്പിക്കണം. വിവരങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷമായിരിക്കും മുനിസിപ്പാലിറ്റി പാസ്‌പോർട്ട് അനുവദിക്കുക. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത സാമഗ്രികൾക്ക് സാധുതയുണ്ടാകില്ല. നിലവിലുള്ള പരമ്പരാഗത നിർമ്മാണരീതിയെ വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥയുടെ മാതൃകയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ ആവശ്യമായ സാമഗ്രികൾ വാങ്ങി കെട്ടിടങ്ങൾ നിർമ്മിക്കുകയും പിന്നീട് കെട്ടിടങ്ങൾ പൊളിക്കുമ്പോൾ അവയിൽനിന്നുള്ള മാലിന്യങ്ങൾ പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിലേക്ക് തള്ളുകയുമാണ് ചെയ്യുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിൽനിന്ന് വീണ്ടെടുക്കുന്ന സാമഗ്രികൾ ലബോറട്ടറികളിലെത്തിച്ച് പരിശോധിക്കും. അവ വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്ന് ഇതിലൂടെ കണ്ടെത്താനാകും.
ഉദാഹരണത്തിന്, പഴയ കെട്ടിടത്തിൽനിന്ന് വീണ്ടെടുക്കുന്ന സ്‌റ്റീലിന് അതിന്റെ യഥാർഥ കരുത്തിന്റെ ഒരു നിശ്ചിത ശതമാനം ശേഷിക്കുന്നുണ്ടാകാം. പരിശോധനയിൽ 50 ശതമാനത്തോളം കരുത്ത് നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ, കൂടുതൽ ബലപ്പെടുത്തുകയും ആവശ്യമായ സംസ്‌കരണ നടപടികൾ നടത്തുകയും ചെയ്‌തശേഷം പുതിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഉപയോഗിക്കാം. അപ്സൈക്ലിങ് എന്നറിയപ്പെടുന്ന ഈ രീതി നിർമാണ സാമഗ്രികൾ മാലിന്യമായി മാറുന്നത് തടയുകയും അവയുടെ ഉപയോഗകാലം വർധിപ്പിക്കുകയും ചെയ്യും.
ഡിജിറ്റൽ പാസ്‌പോർട്ട് സംവിധാനത്തിലൂടെ നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും അവയുടെ നീക്കവും അധികൃതർക്ക് നിരീക്ഷിക്കാനാകും. ഒരു കെട്ടിടം പൊളിച്ചുമാറ്റിയശേഷം അതിന്റെ ഡിജിറ്റൽ രേഖകളിൽ ഉൾപ്പെട്ടിട്ടുള്ള സാമഗ്രികളുടെ കാര്യത്തിൽ ബന്ധപ്പെട്ടവർ കണക്ക് നൽകേണ്ടിവരും. പുനരുപയോഗിക്കാവുന്ന സാമഗ്രികൾ വീണ്ടെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യാത്തതിന്റെ കാരണവും വിശദീകരിക്കണം. കെട്ടിടം പൊളിക്കുന്ന സ്ഥലങ്ങളിൽനിന്ന് ലഭിക്കുന്ന പുനരുപയോഗയോഗ്യമായ എല്ലാ സാമഗ്രികളും റീസൈക്കിൾ ചെയ്യേണ്ടതും നിർബന്ധമാകും.
നിർമ്മാണ സാമഗ്രികൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കെട്ടിട നിർമാണച്ചെലവ് താഴ്ത്താനും മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ സ്‌റ്റീൽ, അലുമിനിയം, സിമന്റ് എന്നിവയ്ക്കാണ് സംവിധാനം ബാധകമാകുന്നത്. പിന്നീട് മറ്റ് നിർമ്മാണ സാമഗ്രികളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദുബായ് ഫ്യൂച്ചർ വീക്ക് 2026ന്റെ ഭാഗമായാണ് ബിൽഡിങ് മെറ്റീരിയൽസ് പാസ്‌പോർട്ട് പദ്ധതി അവതരിപ്പിച്ചത്. എമിറേറ്റ്സ് ടവേഴ്‌സിലും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലുമായി നടക്കുന്ന പരിപാടി നവംബർ 21 വരെ തുടരും. ഭാവി സാങ്കേതികവിദ്യകൾ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പല മേഖലകളിൽ നിന്നുള്ള പ്രമുഖരായ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications
