ബിഗ് ടിക്കറ്റിൽ ഒറ്റയ്ക്ക് നേടിയത് 62 കോടിയോളം രൂപ; എന്നിട്ടും 25 സൃഹുത്തുക്കളുമായി പങ്കിട്ട് പ്രവാസി, മാതൃക
ദുബായ്: വർഷങ്ങളായി യുഎഇയിലെ ബിഗ് ടിക്കറ്റ് പ്രവാസികളുടെ പലരുടെയും ജീവിതം രക്ഷപ്പെടുത്തുന്നതും പലതും മാറ്റി മറിക്കുന്നതും നാം കണ്ടിട്ടുണ്ട്. അതിൽ ഇന്ത്യയിൽ നിന്നുള്ളവരും ഏറെയാണ്. പലപ്പോഴും വർഷങ്ങളോളം ബിഗ് ടിക്കറ്റിന് പിന്നാലെ പാഞ്ഞിട്ടാണ് ചിലർക്കൊക്കെ സ്വപ്‌ന നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം എന്തെന്നാൽ ബിഗ് ടിക്കറ്റ് വിജയികൾക്ക് സമ്മാനം ഒരു താൽക്കാലിക സന്തോഷത്തിനപ്പുറം, പ്രിയപ്പെട്ടവരുമായി പങ്കിട്ട് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമായി മാറുന്നു എന്നതാണ്. ഭാഗ്യം ചിലർക്ക് വ്യക്തിപരമായ നേട്ടത്തിനപ്പുറം, ഒരുമിച്ചുള്ള ജീവിതങ്ങൾക്ക് വെളിച്ചം പകരാനുള്ള വഴിയായും മാറുന്നു എന്നതാണ് സത്യം.

കഴിഞ്ഞ നവംബർ 3-ലെ ബിഗ് ടിക്കറ്റ് സീരീസ് 280 നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയ ഇന്ത്യൻ പ്രവാസിയായാ ശരവണൻ വെങ്കിടാചലം അതിന് ഉത്തമ ഉദാഹരണമാണ്. ചെന്നൈ സ്വദേശിയായ 44 വയസുകാരനായ ഈ ഇലക്ട്രിക്കൽ എഞ്ചിനീയർ കഴിഞ്ഞ ആറ് വർഷമായി അബുദാബിയിലാണ് താമസം. ടിക്കറ്റ് നമ്പർ 463221 സ്വന്തമായി വാങ്ങി വിജയിച്ച ശരവണൻ, തന്റെ ഭാഗ്യം ഒറ്റയ്ക്ക് അനുഭവിക്കാൻ കൂട്ടാക്കാതെ കൂടെ നിന്ന സുഹൃത്തുക്കൾക്ക് കൂടി പങ്കുവെക്കാൻ തീരുമാനിച്ചു.
വിജയം നേടിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ തന്നെയാണ് അത് അടിവരയിട്ടത്. 'ശരിക്കും, ഞാൻ ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്, പക്ഷേ എന്റെ 25 സുഹൃത്തുക്കളുമായി ഇത് പങ്കിടും' എന്ന ശരവണന്റെ പ്രഖ്യാപനം പ്രവാസി സമൂഹത്തിന് ഇടയിലെ ഐക്യവും പരസ്‌പര വിശ്വാസവും സ്നേഹവും ഒക്കെ വെളിപ്പെടുത്തുന്നതായിരുന്നു.
സമ്മാനത്തുക ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്‌ത ശരവണൻ, അതിൽ ഒരു ഭാഗം തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചു. ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബാക്കിയുള്ള തുക അദ്ദേഹം വിനിയോഗിക്കുന്നത്. അതിനപ്പുറം അനാവശ്യ ചെലവുകൾക്ക് ഇടം കൊടുക്കുകയോ പണം വെറുതെ കളയാനോ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
'എനിക്ക് ഈ അനുഭവം വളരെയധികം സന്തോഷം നൽകുന്നു, ബിഗ് ടിക്കറ്റ് യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ടീം എല്ലായ്‌പ്പോഴും പിന്തുണ നൽകി, മുഴുവൻ പ്രക്രിയയും സുഗമവും സുതാര്യവും ആക്കി' എന്നായിരുന്നു ശരവണൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിൽ ബിഗ് ടിക്കറ്റിന്റെ വിശ്വാസ്യത കൂടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.
സമ്മാനം അടിച്ചെന്ന് കരുതി അദ്ദേഹം നിർത്തിയിട്ടില്ല. ശരവണൻ ഇപ്പോഴും ബിഗ് ടിക്കറ്റിന്റെ പ്രതിമാസ നറുക്കെടുപ്പുകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ, മറ്റുള്ളവരെയും ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കുചേരാൻ അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. ഇത്രയും വലിയ സമ്മാന തുക ഒറ്റയ്ക്ക് എടുത്ത ടിക്കറ്റ് കിട്ടിയിട്ടും അത് സ്വാർത്ഥമായി ഉപയോഗിക്കാതെ കൂട്ടുകാർക്ക് കൂടി പങ്കിടാൻ തീരുമാനിച്ച ശരവണനെ പോലെയുള്ളവരാണ് യഥാർത്ഥ വിജയികളെന്ന് നിസംശയം പറയാം.












Click it and Unblock the Notifications