ഗ്ലോബൽ ടീച്ചർ പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരിയായ റൂബിൾ നാഗി; അർഹമാക്കിയത് മുംബൈ ചേരികളിലെ പ്രവർത്തനം
ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ, മുംബൈയിൽ നിന്നുള്ള കലാ-സാമൂഹിക ശാസ്ത്ര അദ്ധ്യാപികയായ റൂബിൾ നാഗിക്ക് പ്രത്യേക പുരസ്‌കാരം. 2026-ലെ ഗ്ലോബൽ ടീച്ചർ പ്രൈസ് ആണ് ഇന്ത്യക്കാരിയായ അധ്യാപികയെ തേടി എത്തിയത്. ഒരു മില്യൺ ഡോളർ അഥവാ 9 കോടി രൂപയിൽ അധികം സമ്മാനത്തുകയുള്ള അവാർഡാണ് അധ്യാപികയെ തേടി എത്തിയിരിക്കുന്നത്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, ജെംസ് എഡ്യൂക്കേഷൻ, വർക്കി ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകൻ സണ്ണി വർക്കിയും ചേർന്നാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യയിലെ ചേരികളിലും ഗ്രാമീണ സമൂഹങ്ങളിലും വിദ്യാഭ്യാസം എത്തിച്ചതിനാണ് നാഗിക്ക് ഈ അംഗീകാരം ലഭിച്ചത്.

പഠനത്തിന് കലയെ ഉപയോഗിക്കുന്ന 'മിസാൽ ഇന്ത്യ', 'റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ' എന്നിവയാണ് അവരുടെ പ്രധാന സംരംഭങ്ങൾ. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കഴിഞ്ഞ 20 വർഷമായി നാഗിയുടെ നേതൃത്വത്തിൽ 800-ൽ അധികം പഠനകേന്ദ്രങ്ങൾ സ്ഥാപിതമായി. 600 സന്നദ്ധപ്രവർത്തകരെയും ശമ്പളമുള്ള അദ്ധ്യാപകരെയും അണിനിരത്തി, ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ലാത്ത കുട്ടികളിലേക്ക് എത്താൻ അവർക്ക് സാധിച്ചിരുന്നു.
നാഗിയുടെ ക്ലാസ് മുറികൾക്ക് എപ്പോഴും നാല് ചുമരുകൾ ഉണ്ടാകണമെന്നില്ലെന്നതാണ് പ്രത്യേകത. അവരുടെ "ലിവിംഗ് വാൾസ് ഓഫ് ലേണിംഗ്" എന്ന പദ്ധതിയിലൂടെ, അയൽപക്കങ്ങളിലെ വഴികളും മുറ്റങ്ങളും സമൂഹത്തിന് മുഴുവൻ കാണാവുന്ന സ്ഥിരമായ പാഠപുസ്‌തകങ്ങളായി മാറുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് തുറന്ന ഇടങ്ങളെ പോലും അവർ പഠനത്തിനുള്ള സ്ഥലങ്ങളായി ഉപയോഗപ്പെടുത്തി എന്നർത്ഥം.
അക്കാദമിക് പഠനത്തോടൊപ്പം ജീവിത നൈപുണ്യ വികസനം, തൊഴിൽപരമായ കാഴ്‌ചപ്പാടുകൾ, സർഗ്ഗാത്മക ശേഷികൾ എന്നിവ സംയോജിപ്പിച്ചാണ് അവരുടെ സമീപനം. ഇത് കുട്ടികളിൽ ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവ വളർത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ കുട്ടികളിലേക്ക് എത്താനും, ഓരോ പഠിതാവിനും വിദ്യാഭ്യാസം നേടാൻ മാത്രമല്ല, അതിൽ തുടരാനും വിജയിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കാനും തന്നെ ഇത് സഹായിച്ചെന്നാണ് നാഗി മുൻപ് പറഞ്ഞത്.
വർക്കി ഫൗണ്ടേഷനും യുനെസ്കോയും ചേർന്ന് നടത്തുന്ന ഗ്ലോബൽ ടീച്ചർ പ്രൈസ് ഇപ്പോൾ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് നാഗിയെ തേടി ഈ പുരസ്‌കാരം എത്തിയിരിക്കുന്നത്. ക്ലാസ് മുറികൾക്കപ്പുറം ജീവിതങ്ങളെ രൂപപ്പെടുത്തുന്ന അദ്ധ്യാപകരെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ഈ പുരസ്‌കാരത്തിന് ഒരു ലക്ഷത്തിലധികം നോമിനേഷനുകളാണ് വർഷത്തിൽ ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ജെംസ് എഡ്യൂക്കേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസ് സൗദി അറേബ്യയിൽ നിന്നുള്ള മൻസൂർ ബിൻ അബ്‌ദുള്ള അൽ-മൻസൂറിനായിരുന്നു ലഭിച്ചത്. 3,000 മണിക്കൂറിലധികം സമൂഹസേവനം നടത്തിയ അദ്ദേഹം, നൂറുകണക്കിന് പ്രതിഭാധനരായ അനാഥരുടെയും തടവുകാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഇത്തരം ത്യാഗികളായ അധ്യാപകരെ ലോകം അറിയിക്കുക എന്നതും അവർക്ക് പ്രോത്സാഹനം നൽകുക എന്നതുമാണ് പുരസ്‌കാരം വിതരണം ചെയ്യുന്നതിലൂടെ അവർ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications