കൂറ്റന്‍ എണ്ണക്കപ്പല്‍ ഹോര്‍മുസില്‍ മുങ്ങി എന്ന് ഇറാന്‍; യമനില്‍ സൗദി സഖ്യസേന വിറയ്ക്കുന്നു
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയ രണ്ട് കപ്പലുകള്‍ മൈനില്‍ ഇടിച്ച് തകര്‍ന്നു, ഒരു കൂറ്റന്‍ കപ്പലും ഇതില്‍പ്പെടും. ഈ കപ്പലില്‍ 20 ലക്ഷം ബാരല്‍ എണ്ണ ഉണ്ടായിരുന്നുവത്രെ. എല്ലാം കടലില്‍ പരന്നു. അമേരിക്കയുടെ ആക്രമണം തുടങ്ങിയ ശേഷം ഇറാന്‍ അടച്ചതാണ് ഹോര്‍മുസ് പാത. ഇതുവഴി ചരക്കുകപ്പലുകള്‍ പോകുന്നത് തടയാന്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ തട്ടിയാണ് കപ്പലുകള്‍ തകരുന്നത്.
മൈനില്‍ തട്ടിയ പിന്നാലെ കപ്പലിന് തീപിടിച്ചു എന്ന് ഇറാന്റെ വിപ്ലവ സേന അറിയിച്ചു. രണ്ട് കപ്പലുകള്‍ തകര്‍ന്നു എങ്കിലും ഒന്ന് പൂര്‍ണമായി മുങ്ങി എന്നാണ് വിവരം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വരാനുണ്ട്. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത്. മാര്‍ച്ച് രണ്ടിന് ഇറാന്‍ ഹോര്‍മുസ് പാത അടച്ചു. ഇതോടെയാണ് ലോകം സാമ്പത്തിക ഞെരുക്കത്തിലേക്ക് വീണത്.

അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്മാറിയാല്‍ ഹോര്‍മുസ് തുറക്കുമെന്നാണ് ഇറാന്‍ പറയുന്നത്. ഏഴ് ആവശ്യങ്ങളാണ് ഇറാന്‍ അമേരിക്കക്ക് മുമ്പില്‍ വെച്ചത്. പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇവ നേരത്തെ അമേരിക്ക അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്മാറി. ഏഴ് ആവശ്യങ്ങള്‍ അടുത്തിടെ ഖത്തര്‍ വഴിയും ഇറാന്‍ അമേരിക്കയെ അറിയിച്ചിരുന്നു. എന്നാല്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.
ഏഴിന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഹോര്‍മുസ് തുറക്കുമെന്ന് ഇറാന്‍ ഇന്നും ആവര്‍ത്തിച്ചു. യുദ്ധത്തിനും ചര്‍ച്ചയ്ക്കും തങ്ങള്‍ തയ്യാറാണ് എന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം നീക്കണം, ഇറാന്റെ ആസ്തികള്‍ വിട്ടുതരണം, ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണം വേണം എന്നിവ ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഹൂതികളുടെ മുന്നേറ്റം; യമനില്‍ സൗദി സഖ്യസേനയ്ക്ക് തിരിച്ചടി
യമനില്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതി സേന വന്‍ മുന്നേറ്റം നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമന്‍ സൈന്യം ബാബുല്‍ മന്തിബ് കടലിടുക്ക് മേഖലയില്‍ നിന്ന് പിന്‍വലിയുകയാണ് എന്ന് പ്രഖ്യാപിച്ചു. സൗദി സഖ്യസേന യമനില്‍ തിരിച്ചടി നേരിടുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. സൗദി പിന്തുണയ്ക്കുന്ന യമന്‍ സര്‍ക്കാരിന്റെ ആസ്ഥാനം ഏദന്‍ നഗരമാണ്. ഈ പ്രദേശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബുല്‍ മന്തിബില്‍ നിന്ന് സൈന്യം പിന്‍വലിയുന്നത്.
യമനിലെ തായിസ് നഗരം പിടിക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. ബാബുല്‍ മന്തിബ് പൂര്‍ണമായും ഹൂതികളുടെ കൈവശമായാല്‍ അതുവഴിയുള്ള ചരക്കുഗതാഗതം വെല്ലുവിളി നിറഞ്ഞതാകും. തായിസ് കഴിഞ്ഞാല്‍ ഹൂതികള്‍ ഏദന്‍ പിടിക്കുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ബാബുല്‍ മന്തിബില്‍ നിന്ന് സേനയെ പിന്‍വലിച്ച് ഏദന് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഇതേ സമയം തന്നെ ഹൂതികള്‍ സൗദിയിലെ വിവിധ നഗരങ്ങളിലേക്കും ആക്രമണം നടത്തുന്നുണ്ട്.





Click it and Unblock the Notifications
