ഇറാന്‍ യുദ്ധം വീണ്ടും തുടങ്ങുമോ? അമേരിക്കയുടെ മൂന്നാം പടക്കപ്പല്‍ പശ്ചിമേഷ്യയില്‍, 5000 സൈനികരും
ഇറാനുമായുള്ള യുദ്ധം വീണ്ടും ആരംഭിച്ചേക്കുമെന്ന ആശങ്ക പരത്തി അമേരിക്കയുടെ മൂന്നാമത്തെ യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയില്‍. യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് എന്ന യുദ്ധക്കപ്പല്‍ എത്തിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനും ഖത്തറും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമേരിക്കന്‍ സൈനികര്‍ കൂടുതലായി മേഖലയില്‍ എത്തുന്നത്.
ഇറാനുമായി ഇനിയൊരു യുദ്ധം ഉണ്ടായേക്കില്ല എന്ന് കഴിഞ്ഞാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതേ വേളയില്‍ തന്നെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരായ ആക്രമണത്തിന് അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കങ്ങള്‍.

അമേരിക്കയുടെ 26ാം പ്രസിഡന്റിന്റെ പേരിലുള്ള യുദ്ധക്കപ്പലാണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ നങ്കൂരമിട്ടിരിക്കുന്നത്. ആണവായുധം വഹിക്കുന്ന വിമാനങ്ങള്‍ക്ക് തമ്പടിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍. 5000 സൈനികര്‍, 60 യുദ്ധ വിമാനങ്ങള്‍ എന്നിവയെല്ലാം ഈ കപ്പലിലുണ്ട്. വ്യോമ സേനയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക എന്ന ദൗത്യമാണ് ഈ കപ്പലിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുമ്പ് വന്നത് രണ്ടുതവണ
1990ല്‍ ഗള്‍ഫ് യുദ്ധകാലത്ത് മെഡിറ്ററേനിയന്‍ കടലിലും ചെങ്കടലിലും യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് കപ്പല്‍ വിന്യസിച്ചിരുന്നു. ഇറാഖില്‍ അമേരിക്ക നടത്തിയ 2003ലെ അധിനിവേശ കാലത്തും ഈ കപ്പല്‍ പശ്ചിമേഷ്യയിലുണ്ടായിരുന്നു. 2020ന് ശേഷം ഏഷ്യ-പസഫിക് മേഖലയില്‍ വിന്യസിച്ചിരുന്നു. സാന്റിയാഗോയില്‍ നിന്നാണ് ഇപ്പോള്‍ പശ്ചിമേഷ്യയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.
യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍, യുഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യു ബുഷ് എന്നീ യുദ്ധക്കപ്പലുകള്‍ നേരത്തെ പശ്ചിമേഷ്യയിലുണ്ട്. ഇതോടെ മൂന്ന് കപ്പലുകളിലായി 10000 യുഎസ് സൈനികര്‍ തമ്പടിക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം. അമേരിക്കന്‍ സൈനികര്‍ക്ക് പശ്ചിമേഷ്യയില്‍ 19 ഇടങ്ങളില്‍ ആസ്ഥാനമുണ്ട്. ഇതില്‍ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, ഇറാഖ്, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് സ്ഥിരം യുഎസ് സേനാ താവളങ്ങള്‍. ഇതില്‍ ഇറാഖില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു. പശ്ചിമേഷ്യയില്‍ മൊത്തമായി അര ലക്ഷം യുഎസ് സൈനികരുണ്ട് എന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതില്‍ മാറ്റം വരുത്തിയിരുന്നു.




Click it and Unblock the Notifications
