യുഎഇയിൽ ചൂടിന് ശമനമാവാറായോ? ആശ്വാസ വാർത്ത, ഓഗസ്‌റ്റ് 24 മുതൽ മാറ്റം, 'സുഹൈൽ' വരുന്നു
ദുബായ്: യുഎഇയിലെ കൊടുംചൂടിൽ വലയുകയാണ് ആളുകൾ. ഇത് വേനൽക്കാലം ആണെങ്കിലും ഭൂരിഭാഗം പേർക്കും ശീലമായ കാലാവസ്ഥയാണെങ്കിലും ദുബായ് അടക്കമുള്ള നഗരങ്ങളിലെ താമസക്കാർ അധികവും ചെറിയൊരു ആശ്വാസത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ വേനൽക്കാലത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചന നൽകുന്ന സുഹൈൽ നക്ഷത്രം ഓഗസ്‌റ്റ് 24ന് ഉദിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു.
വേനൽക്കാലത്തെ ഏറ്റവും കടുത്ത ചൂടിന്റെ കാലഘട്ടമായി കണക്കാക്കപ്പെടുന്ന അൽ ഖൈസ് സാധാരണയായി ജൂൺ ആദ്യത്തോടെ ആരംഭിച്ച് ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ ശക്തമാകുകയാണ് ചെയ്യാറുള്ളത്. ഈ കാലയളവിന്റെ അവസാനത്തിൽ ഓഗസ്‌റ്റ് 11 ചൊവ്വാഴ്‌ച നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ കൊടുംചൂടിന്റെ ഏറ്റവും തീവ്രമായ ഘട്ടം അവസാനിക്കുമെന്നാണ് പരമ്പരാഗതമായി കരുതുന്നത്.

പിന്നീട് ഓഗസ്‌റ്റ് 24ന് സുഹൈൽ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും. 'സ്‌റ്റാർ ഓഫ് യെമൻ' എന്നും അറിയപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയം താപനിലയിൽ ക്രമേണ കുറവുണ്ടാകുന്നതിന്റെ സൂചനയായാണ് അറബ് പാരമ്പര്യത്തിൽ കണക്കാക്കുന്നത്. സുഹൈൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഏകദേശം 40 ദിവസത്തെ മാറ്റക്കാലം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഈ ഘട്ടത്തിൽ അതിതീവ്രമായ ചൂടിൽ നിന്ന് കാലാവസ്ഥ പതുക്കെ തണുപ്പിലേക്ക് മാറുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ കാലയളവിനെ 'സുഫ്രിയ' എന്നാണ് പൊതുവെ വിളിക്കുന്നത്. അതേസമയം, യുഎഇയിൽ നിലവിൽ വേനൽച്ചൂട് അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
ഓഗസ്‌റ്റ് 5 ബുധനാഴ്‌ച താപനില 51.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു. കൊടുംചൂടിനൊപ്പം അടുത്തിടെ യുഎഇയുടെ ചില ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്. ചില പ്രദേശങ്ങളിൽ ലഭിച്ച മഴ ഉയർന്ന താപനിലയിൽ നിന്ന് ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകിയിരുന്നു.
വേനൽക്കാലത്തെ ശക്തമായ ചൂട് ഭൂമിയുടെ ഉപരിതലത്തെ ചൂടാക്കുന്നതിലൂടെ ഉയർന്നുനിൽക്കുന്ന മേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. എന്നാൽ ചൂട് മാത്രം മഴയ്ക്ക് കാരണമാകില്ല. അന്തരീക്ഷത്തിലെ ഈർപ്പം, ഈർപ്പമുള്ള വായുപിണ്ഡങ്ങൾ, അന്തരീക്ഷത്തിലെ അസ്ഥിരത, മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമർദ്ദ മേഖലകൾ, അനുകൂലമായ കാറ്റ് തുടങ്ങിയ ഘടകങ്ങളും ഒരുമിച്ച് ഉണ്ടാകണം.
ഈ സാഹചര്യങ്ങൾ ഒത്തുചേരുമ്പോൾ, താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തുനിൽക്കുമ്പോഴും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉൾപ്പെടെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനിടെ സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ യുഎഇയിലെ കൊടുംചൂടിന് ക്രമേണ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രവാസികൾ അടക്കമുള്ള രാജ്യത്തെ താമസക്കാർ. എങ്കിലും അതിന് ഇനിയും രണ്ടാഴ്‌ചയിൽ അധികം കാത്തിരിക്കേണ്ടി വരും.




Click it and Unblock the Notifications