യുഎഇയിൽ വേനൽ ചൂടിന് അറുതിയാവുന്നു? ഓഗസ്‌റ്റ് 20 മുതൽ 5 ഡിഗ്രി വരെ കുറയാം, ചിലയിടത്ത് മഴ
ദുബായ്: യുഎഇയിലെ വേനൽക്കാലത്തിന് അവസാനമാകുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ ആശ്വാസം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. താപനില കുറയുന്നതിനൊപ്പം കാറ്റിന്റെ ശക്തി വർധിക്കാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടം ആരംഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ കാറ്റിനൊപ്പം പൊടിക്കാറ്റും കാഴ്‌ചപരിധി കുറയുന്നതും ഉണ്ടാകാം. തുടർന്ന് വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ താപനിലയിൽ ശ്രദ്ധേയമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ മുതൽ കാലാവസ്ഥയിൽ മാറ്റം കൂടുതൽ പ്രകടമാകുമെന്നാണ് പ്രവചനം. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കും. ഇതോടൊപ്പം പൊടിക്കാറ്റിനും ചില പ്രദേശങ്ങളിൽ കാഴ്‌ചപരിധി കുറയുന്നതിനും സാധ്യതയുണ്ട്.

ഓഗസ്‌റ്റ് 20 മുതൽ താപനിലയിൽ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടാകാമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ വിലയിരുത്തൽ. വേനൽക്കാലത്തെ കടുത്ത ചൂടും ഈർപ്പവും നേരിട്ടുകൊണ്ടിരിക്കുന്നവർക്ക് ഈ താപനിലയിടിവ് വലിയ ആശ്വാസമാകാം. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് താപനില കുറയുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധർ അറിയിച്ചു.
കാലാവസ്ഥാ സാഹചര്യങ്ങളിൽ മാറ്റം വരുന്നതോടെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലും അതിന് ശേഷവും ചില പ്രദേശങ്ങളിൽ മഞ്ഞും കനത്ത മൂടൽമഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്‌ധർ പറഞ്ഞു. യുഎഇയിലെ വേനൽക്കാലത്തിന്റെ അവസാനഘട്ടത്തിൽ സാധാരണയായി കണ്ടുവരുന്ന കാലാവസ്ഥാ രീതിയാണിത്. അന്തരീക്ഷത്തിലെ ഈർപ്പം ഉയർന്നുനിൽക്കുന്നതാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ സഹായിക്കുന്നത്.
യുഎഇയിലെ വേനൽക്കാലം പെട്ടെന്ന് അവസാനിക്കുന്നതല്ലെന്നും ഘട്ടംഘട്ടമായാണ് ചൂട് കുറയുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഓഗസ്‌റ്റ് അവസാനത്തോടെയും സെപ്റ്റംബർ മാസത്തിലേക്കും കടക്കുമ്പോൾ താപനിലയിൽ കുറവുണ്ടാകാറുണ്ടെങ്കിലും ചൂട് പൂർണമായി മാറില്ല. സാധാരണയായി സെപ്റ്റംബർ 23ന് ശേഷമാണ് വേനൽക്കാലത്തിന്റെ അവസാനഘട്ടത്തിലേക്ക് രാജ്യം കടക്കുന്നത്.
അതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും തണുപ്പ് അനുഭവപ്പെടാൻ ഇനിയും സമയമെടുക്കും. അന്തരീക്ഷത്തിലെ ഈർപ്പവും കാലാവസ്ഥ അനുഭവപ്പെടുന്ന രീതിയെ സ്വാധീനിക്കും. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ രാജ്യത്തുടനീളം മഴ ലഭിക്കില്ല. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടുകയും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുകയും ചെയ്യാം. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം വരാനിരിക്കുന്ന ശൈത്യകാലത്ത് എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വർഷം അവസാനം വരെയെങ്കിലും എൽ നിനോ സാഹചര്യം തുടരാനിടയുണ്ടെന്നാണ് പറയുന്നത്.




Click it and Unblock the Notifications