പാചക എണ്ണയില്‍ കൈവച്ച് കുവൈത്ത്; നിരോധനം ഒരു വര്‍ഷത്തേക്ക്... ഇതാണ് കാരണം
കുവൈറ്റ് സിറ്റി: ഉപയോഗിച്ച പാചക എണ്ണയുടെ കയറ്റുമതി നിരോധിച്ച് കുവൈത്ത് ഭരണകൂടം. പാചക എണ്ണയുടെ അവശിഷ്ടങ്ങള്‍ കയറ്റുമതി ചെയ്യുന്നതും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിരോധനം. പാചക എണ്ണയുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍.
വാണിജ്യ മന്ത്രി യുവജനകാര്യ മന്ത്രിയുടെ സഹകരണത്തോടെ ഇറക്കിയ പ്രമേയത്തിലാണ് പുതിയ നിരോധനം സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രമേയത്തില്‍ നിന്ന് മനസിലാകുന്നു. വരുമാന സ്രോതസ് വൈവിധ്യവല്‍ക്കരിക്കുകയാണ് പ്രധാന ലക്ഷ്യം.

ഒട്ടേറെ മലയാളി പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈത്ത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച അവബോധം പ്രവാസികള്‍ക്ക് ആവശ്യമാണ്. അതുണ്ടായില്ലെങ്കില്‍ നിയമക്കുരുക്കുകളില്‍ പെട്ടുപോകാനുള്ള സാധ്യതയുമുണ്ട്. പാചക എണ്ണയുമായി ബന്ധപ്പെട്ട കുവൈത്തിന്റെ പുതിയ തീരുമാനത്തെ കുറിച്ച് വിശദീകരിക്കാം...
ഉപയോഗിച്ച പാചക എണ്ണയും അവയുടെ അവശിഷ്ടങ്ങളും കയറ്റുമതി ചെയ്യുന്നതാണ് ഒരു വര്‍ഷത്തേക്ക് നിരോധിച്ചിട്ടുള്ളത്. വാണിജ്യ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഇവയുടെ വില്‍പ്പന സാധ്യമാകൂ. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇടപാട് നടത്തിയാല്‍ നിയമ നടപടി നേരിടേണ്ടിവരും.
ഉപയോഗിച്ച പാചക എണ്ണയുടെയും അവശിഷ്ടത്തിന്റെയും ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയായിരിക്കണം. ഇടപാടുകള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അനധികൃത വില്‍പ്പന തടയുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. കുവൈത്തിന്റെ വരുമാനത്തിന് ഗുണപരമാകുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
ഉപയോഗിച്ച പാചക എണ്ണയുടെ വേസ്റ്റ് ജൈവ ഇന്ധനമായി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഉല്‍പ്പന്നങ്ങളിലെ സ്വയം പര്യാപ്തത, വരുമാനത്തിലെ വൈവിധ്യ വല്‍ക്കരണം, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയെല്ലാം ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതിക്ക് വേണ്ട പണം ചെറുകിട സംരഭങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.












Click it and Unblock the Notifications