Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗൾഫ് സുരക്ഷിതം, കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത്'; എംഎ യൂസഫലി

ദുബായ്: ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന അഭ്യർത്ഥനയുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്‌ടറുമായ എംഎ യൂസഫലി. നിരന്തരം വരുന്ന യുദ്ധ വാർത്തകൾക്ക് ഇടയിൽ പ്രവാസികളുടെ കുടുംബങ്ങൾ കടുത്ത ആശങ്ക അനുഭവിക്കുന്ന വേളയിലാണ് യൂസഫലിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഗൾഫിൽ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും അനാവശ്യമായ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രത്യേകം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെ എല്ലാവരെയും അറിയിച്ചു. ഇക്കാര്യത്തിൽ ചില മാധ്യമങ്ങളേയും സമൂഹ മാധ്യമങ്ങളെയും അദ്ദേഹം പരോക്ഷമായി വിമർശിക്കുകയും ചെയ്‌തു.

ma yusuff ali

ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും സംഭവങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നാണ് യൂസഫലി ചൂണ്ടിക്കാട്ടുന്നത്. ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് യൂസഫലി പറഞ്ഞത്.

മാറിയ കാലത്തെ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്നതിന് എതിരെയും അദ്ദേഹം വീഡിയോയിലൂടെ ശബ്‌ദമുയർത്തി. എഐ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ സൃഷ്‌ടിച്ചും ഊഹാപോഹങ്ങൾ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും യൂസഫലി മുന്നറിയിപ്പ് നൽകി.

നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർഥിക്കണം. ഇവിടുത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്. ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ പ്രാപ്‌തിയുള്ളവരാണ് ജിസിസി ഭരണാധികാരികൾ. അവർക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ട്; ലുലു ഗ്രൂപ്പ് ചെയർമാൻ പറയുന്നു.

നിലവിലെ സംഘർഷ സാഹചര്യത്തിൽ ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. യുഎഇ സർക്കാർ അതിനു വേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്‌തിട്ടുണ്ടെന്നും തന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്‌തുക്കൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, നിലവിൽ ഗൾഫിലെ സാഹചര്യം സുരക്ഷിതമാണെന്ന് തന്നെയാണ് വിവിധ പ്രവാസി സംഘടനകളും അതിന്റെ പ്രവർത്തകരും ആവർത്തിച്ചു പറയുന്നത്. യുഎസ്-ഇറാൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിവിധ എയർ ബേസുകളിൽ ഉൾപ്പെടെ ആക്രമണം ഉണ്ടായതാണ് ആശങ്ക ഉയർത്തുന്നത്. എങ്കിലും സിവിലിയൻ മേഖലകളിൽ അത്തരം ആക്രമണങ്ങൾ നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+