ലുലു ഗ്രൂപ്പിനെ വെല്ലാന്‍ യുഎഇയില്‍ എന്നല്ല ജിസിസിയില്‍ തന്നെ ആരുമില്ല: സൗദിയിലൂടെ ആ നേട്ടവും സ്വന്തമാക്കി
റിയാദ്: ജിസിസി രാജ്യങ്ങളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ്. ആറ് ജിസിസി രാജ്യങ്ങളിലായി ലുലു റീട്ടെയിലിന്റെ ആകെ സ്‌റ്റോറുകളുടെ എണ്ണം 250 പിന്നിട്ടു. സൗദി അറേബ്യയിൽ പുതുതായി ആരംഭിച്ച രണ്ട് എക്‌സ്പ്രസ് സ്‌റ്റോറുകളുടെ വരവോടെയാണ് പുതിയ ഉയരങ്ങളിലേക്ക് മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പ് വന്നെത്തിയിരിക്കുന്നത്.
മക്കയിലെ ജബൽ ഒമറിലും റിയാദിലെ സഹാറ മാളിലുമായാണ് പുതിയ സ്‌റ്റോറുകൾ ലുലു ഗ്രൂപ്പ് ആരംഭിച്ചത്. ഇതോടെ സൗദിയിലെ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം 59 ഇടങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ രണ്ട് പുതിയ സ്‌റ്റോറുകളുടെ വരവോടെ സൗദിയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനും ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

ലുലുവിന്റെ നിലവിലുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് ഈ സ്‌റ്റോറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. നേരത്തെ 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 12 പുതിയ സ്‌റ്റോറുകൾ തങ്ങളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കുകയും, അവസാന മൂന്ന് മാസം കൊണ്ട് 9 എണ്ണം കൂടി ആരംഭിച്ച് ലുലുവിന്റെ മൊത്തം സ്‌റ്റോറുകൾ 250 ആയി ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് അവർ മുന്നോട്ട് വച്ചിരുന്നത്.
സൗദിയിലെ രണ്ട് എക്‌സ്പ്രസ് സ്‌റ്റോറുകളുടെ വരവോടെ ഇതും സാധ്യമായിരിക്കുകയാണ്. റിയാദിലെ സഹാറ മാൾ എക്‌സ്പ്രസ് സ്‌റ്റോർ ഏകദേശം 1500 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒന്നാണ്, കൂടാതെ പലചരക്ക്, ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാറ്റഗറികളിലായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഇടം കൂടിയാണ്.
മക്കയിലെ ജബൽ ഒമർ സ്‌റ്റോർ ആവട്ടെ ഏകദേശം 1200 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ളതും ഉപഭോക്താക്കൾക്ക് ഒന്നിലധികം വിഭാഗങ്ങളിൽ ഷോപ്പിംഗ് അനുഭവം നൽകുന്നതുമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സൗദിയിലെ രണ്ട് സുപ്രധാന നഗരങ്ങളായ മക്കയിലും റിയാദിലും സ്വാധീനം വർധിപ്പിക്കാൻ പുതിയ സ്‌റ്റോറുകളിലൂടെ ലുലു ഗ്രൂപ്പിന് സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാന കാര്യം.
അടുത്തിടെ യുഎഇയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ഐലൻഡിലും സമാനമായി ലുലു ഗ്രൂപ്പ് എക്‌സ്പ്രസ് സ്‌റ്റോർ തുറന്നിരുന്നു. അബുദാബിയിലെ ഗ്രൂപ്പിന്റെ 41ആമത്തേതും യുഎഇയിലെ 107ആം സ്‌റ്റോറുമാണ് യാസ് ഐലൻഡിൽ തുറന്ന് പ്രവർത്തിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഉൾപ്പെടെ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖത്തറിൽ സമാനമായി ലുലു ഗ്രൂപ് തങ്ങളുടെ സ്‌റ്റോർ ആരംഭിച്ചിരുന്നു. ഖത്തറിലെ നോർത്ത് പ്ലാസ മാളായ ഉമ്മുൽ അമാദിൽ സ്ഥിതി ചെയ്യുന്ന 24-ാമത് ഔട്ട്‌ലെറ്റ് ഉദ്‌ഘാടനം വളരെ ആഘോഷപരമായാണ് നടന്നത്. ജിസിസി രാജ്യങ്ങളിൽ കൂടുതലായി സാന്നിധ്യം വർധിപ്പിക്കുക എന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കങ്ങൾ.












Click it and Unblock the Notifications