ഗള്‍ഫില്‍ പുത്തന്‍ ഉയരം കീഴടക്കാന്‍ ലുലു: അനുകൂലം ആ മൂന്ന് ഘടകങ്ങള്‍, പക്ഷെ സാധനങ്ങളുടെ വില കൂടുമോ?
റീട്ടെയില്‍ ബിസിനിസ് രംഗത്ത് ഇന്ന് ഏഷ്യയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. ബിസിനസ് പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഒരുങ്ങുകയാണ് കമ്പനി. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് ഓഹരികളുടെ ലിസ്റ്റിങ് നടത്തുന്നത്. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നതെന്നാണ് റിപ്പോർട്ട്.
മൊത്തം 258 കോടി ഓഹരികളായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുക. പുതിയ ഓഹരി ഉടമകളെ ലുലുവിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നാണ് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യു എ ഇ, സൗദി അറേബ്യ തുടങ്ങിയ മറ്റ് ജി സി സി രാജ്യങ്ങളുടെ കാഴ്ചപ്പാടും അഭിലാഷവുമാണ് ഞങ്ങളുടെ വളർച്ചയുടെ അവിഭാജ്യഘടകമെന്നും അദ്ദേഹം പറഞ്ഞു.

ജി സി സി രാജ്യങ്ങളിലെ ശക്താരായ ഭരണാധികള്‍ മികച്ച ബിസിനസ് അന്തരീക്ഷം പ്രാപ്തമാക്കുകയും അതിലൂടെ ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജി സി സി റീട്ടെയിൽ വിപണിയില്‍ കമ്പനി പുത്തന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാലയും പറഞ്ഞു.
"അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജി സി സി റീട്ടെയിൽ 100 ബില്യൺ ഡോളറിൻ്റെ വിപണി അവസരങ്ങൾ സൃഷ്ടിക്കും. അതോടൊപ്പം സൗദി അറേബ്യയിലെ ഞങ്ങളുടെ ബിസിനസ്സ് കൂടുതൽ വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നതോടെ ജനം ആഗ്രഹിക്കുന്ന ഇടത്തൊക്കെ തങ്ങളുടെ സാന്നിധ്യമുണ്ടാകും." സൈഫി രൂപാവാല അഭിപ്രായപ്പെട്ടതായി ദ വീക്കി റിപ്പോർട്ട് ചെയ്യുന്നു.
വർദ്ധിച്ചുവരുന്ന യുവജനസംഖ്യ, വർദ്ധിച്ചുവരുന്ന ചിലവഴിക്കല്‍, വർദ്ധിച്ചുവരുന്ന തൊഴിൽ നിരക്ക് എന്നിവയൊക്കെ പരിഗണിക്കുമ്പോള്‍ സമീപകാല ഭാവിയിൽ ഈ മേഖലയില്‍ റീട്ടെയിൽ ബിസിനസ് രംഗത്ത് നല്ല വളർച്ചയാണ് ഗ്രൂപ്പ് മുന്നില്‍ കാണുന്നത്. 2023 മുതൽ 2028 വരെയുള്ള കാലയളവില്‍ ജി സി സി ഗ്രോസറി റീട്ടെയിൽ മാർക്കറ്റ് 4.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് കണക്കാകുന്നത്.
അതേസമയം, യു എ ഇയിലെയും ജി സി സിയിലെയും ഔട്ട്‌ലെറ്റുകളിലേയും ഉത്പന്നങ്ങളുടെ വിലകളില്‍ യാതൊരു വില വർധനവും ഉണ്ടാകില്ലെന്ന് എംഎ യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിയിൽ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഒരു ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയാണ് ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ യൂസഫലി എംഎ പറഞ്ഞു.
19 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് ഞങ്ങള്‍ യു എ ഇ വിപണിയിലേക്ക് എത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ആദ്യ മുൻഗണന ഉൽപ്പന്നങ്ങളുടെ ലഭ്യതയിലാണ്. രണ്ടാമത്തേത് നല്ല നിലവാരത്തിൽ മത്സരാധിഷ്ഠിത വിലകൾ കൊണ്ടുവരിക എന്നുള്ളതാണ്. ഇപ്പോൾ ഞങ്ങൾ അത് പ്രാബല്യത്തില്‍ വരുത്തി. ഇത് തുടരാന്‍ കഴിയുമെന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും യൂസഫലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗ്ലൂറ്റൻ ഫ്രീ, ഡയബറ്റിക് ഫ്രീ, ഓർഗാനിക്, കെമിക്കൽ രഹിത ഉൽപ്പന്നങ്ങൾ എന്നിങ്ങനെ കമ്പനി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കുകയാണെന്ന് യൂസഫലി പറഞ്ഞു. കോവിഡ് -19 പാൻഡെമിക് സമയത്ത് പോലും യു എ ഇയിൽ ഭക്ഷണത്തിന് ക്ഷാമമുണ്ടായിരുന്നില്ല. ആഗോള വിതരണ ശൃംഖലയിലൂടെ ഞങ്ങൾ അന്നത്തെ സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനാൽ വില വർദ്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications