ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം
ദുബായ്: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ലൈവ് ഡ്രോ സീരീസ് 285ൽ 2 കോടി ദിർഹം അഥവാ 50 കോടി രൂപ എന്ന മെഗാ സമ്മാനം നേടി മലയാളിയായ പ്രവാസി. മാർച്ച് 22-ന് വാങ്ങിയ 229425 എന്ന ടിക്കറ്റിലൂടെയാണ് ഷാമോൻ ഷാജി എന്നയാൾ ഈ സമ്മാനത്തിന് അർഹനായത്. ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ഏറെ നേട്ടമുണ്ടാക്കിയ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഒരാൾക്ക് തന്നെ ഇക്കുറിയും സമ്മാനം അടിച്ചുവെന്നതാണ് പ്രത്യേകത.
ഞാനിത് തത്സമയം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് നന്ദി. ഇത് വളരെ ആവേശകരമാണ് എന്നായിരുന്നു സമ്മാനാർഹനായ വിവരം ഫോണിലൂടെ അറിഞ്ഞപ്പോൾ ഷാജി പ്രതികരിച്ചത്. കേരളത്തിൽ നിന്നുള്ള ഈ സംരംഭകൻ മൂന്നു മാസമായി ബിഗ് ടിക്കറ്റിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കേരളത്തിൽ ബിസിനസ് ചെയ്യുകയാണ്.

മാതാപിതാക്കൾ ഇവിടെയുള്ളതുകൊണ്ട് ഒരു സന്ദർശനത്തിനായി വന്നതാണ്; ഷാജി വെളിപ്പെടുത്തി. വിജയം തനിക്ക് പൂർണമായും അപ്രതീക്ഷിതമായിരുന്നു എന്നും, തന്റെ പേര് ഫോൺ സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഭാര്യയും താനും സന്തോഷം കൊണ്ട് അലറിവിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്കിപ്പോഴും രോമങ്ങൾ എഴുന്നുനിൽക്കുന്നു. ഇത് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഞങ്ങൾക്കെല്ലാവർക്കും അതിയായ സന്തോഷമുണ്ട്' ഷാജിയുടെ ഭാര്യ വികാരാധീനയായി പങ്കുവെച്ചു. സമ്മാനത്തുകകൊണ്ട് എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് നിലവിൽ ഉടനടിയുള്ള പദ്ധതികളൊന്നുമില്ലെന്നും, എന്നാൽ ബിഗ് ടിക്കറ്റിൽ വീണ്ടും പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും ഷാജി വ്യക്തമാക്കി.
അതേസമയം, മറ്റൊരു ഭാഗ്യശാലി, 40 വയസുകാരനായ സൂപ്പർവൈസർ മുഹമ്മദ്, താനും 30-ൽ അധികം വരുന്ന സഹപ്രവർത്തകരും ചേർന്നുള്ള ഗ്രൂപ്പിനൊപ്പം സമ്മാനം നേടി. 2005 മുതൽ ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് എല്ലാ മാസവും ഈ ഗ്രൂപ്പിനൊപ്പം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. ടിക്കറ്റ് തിരഞ്ഞെടുക്കുന്നതിൽ വലിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മുഹമ്മദ് പറഞ്ഞത്.
ഇതിന് പുറമേ അഞ്ച് ഭാഗ്യശാലികൾക്ക് 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണക്കട്ടി സമാശ്വാസ സമ്മാനമായി ലഭിച്ചു. അബുദാബിയിൽ നിന്നുള്ള മുഹമ്മദ് ഷക്കീൽ അഹമ്മദ് അലി, കാർത്തിക് കുമാർ കലിയപെരുമാൾ, ഷാർജയിൽ നിന്നുള്ള രാജ്ഗോപാൽ ചന്ദ്രൻ, സൗദി അറേബ്യയിൽ നിന്നുള്ള മുഹമ്മദ് മഖ്ദൂം, ഇന്ത്യയിൽ നിന്നുള്ള സോളമൻ രാജ എന്നിവരാണ് ഈ സമ്മാനത്തിന് അർഹരായവർ.
കൂടാതെ 'ബിഗ് വിൻ' വിഭാഗത്തിൽ പലസ്‌തിനിൽ നിന്നുള്ള മഹ്മൂദ് സൗറോബ്, ഇന്ത്യയിൽ നിന്നുള്ള ഗണേഷ് വെങ്കിട്ടസുബ്രഹ്മണ്യം എന്നിവർക്ക് 1,50,000 ദിർഹം വീതം ലഭിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള സുഹേൽ മിയാ ഒലിമിയക്ക് 1,40,000 ദിർഹമും സിറിയയിൽ നിന്നുള്ള മുഹമ്മദ് അൽമുസ്‌തഫിക്ക് 1,20,000 ദിർഹമും സമ്മാനമായി ലഭിച്ചു.
അതേസമയം, ഷോയുടെ അവതാരകരായ റിച്ചാർഡും ബുഷ്റയും ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രൊമോഷൻ പ്രഖ്യാപിച്ചു. മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ 2.5 കോടി ദിർഹമിന്റെ ഗ്രാന്റ് പ്രൈസാണ് അടുത്തതായി നൽകുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 60 കോടിയിൽ അധികം വരുന്ന സമ്മാനമാണ് ഇത്.












Click it and Unblock the Notifications