സൗദിയിൽ മെർസ് കോവിഡ് കേസുകൾ വീണ്ടും പടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? ജാഗ്രത വേണം
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മൂന്ന് പേർക്ക് കൂടി മെർസ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത് അടുത്തിടെയാണ്. ഏപ്രിൽ 10നും 17നും ഇടയിലാണ് മിഡിൽ ഈസ്‌റ്റ് റെസ്‍പിറേറ്ററി സിൻഡ്രോം എന്ന് പേരിലുള്ള മെർസ് കോവിഡ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചതെന്നാണ് ലോകാരോഗ്യ അറിയിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്‌തിരുന്നു.
നേരത്തെ രോഗം ബാധിച്ച മൂന്ന് വ്യക്തികളും 56നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. കൂടാതെ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ നിലവിലുണ്ടായിരുന്നു താനും. ഇതോടെ സൗദിയിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം നാലായും മരണപ്പെട്ട ആളുകളുടെ എണ്ണം രണ്ടായും ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ശരിക്കും ഈ രോഗം വീണ്ടും പടരുന്നതിൽ ആശങ്കയ്ക്ക് വകയുണ്ടോ എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. എന്നാൽ സൗദിയിലെ പ്രവാസികളെ സംബന്ധിച്ച് മെർസ് കൊറോണ എന്ന രോഗം പുതുമുഖമല്ല. എങ്കിലും ആശങ്കപ്പെടേണ്ട ഒട്ടേറെ ഘടകങ്ങൾ ഈ രോഗവുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് വസ്‌തുത.
മെർസ് കൊറോണ
മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഒരുതരം രോഗമാണ് മെർസ് കൊറോണ. ഒറ്റജങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആളുകൾ ഉൾപ്പെടെ ചിലർ ഈ രോഗം ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത ഉള്ളവരാണെന്ന് ഈ രംഗത്തെ വിദഗ്‌ധർ തന്നെ വ്യക്തമാക്കുന്നു.
ഈ രോഗം പക്ഷേ സാധാരണ കോവിഡ് പോലെ പെട്ടെന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒന്നല്ല എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാൽ പ്രമേഹ രോഗികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ എന്നിവർക്ക് ഇത് അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാമെന്നാണ് മുന്നറിയിപ്പ്.
സാധാരണ കോവിഡ് വൈറസിൽ നിന്ന് വ്യത്യസ്‌തമാണ് ഇത്. രണ്ടും ശ്വാസ കോശത്തെ ബാധിക്കുന്ന രോഗങ്ങൾ ആണെങ്കിലും മെർസ് കൊറോണയിൽ മരണനിരക്ക് കൂടുതലാണ്. എന്നാൽ സാധാരണ കോവിഡ് പോലെ എളുപ്പം ഇത് പകരില്ല എന്നതാണ് വ്യത്യാസം.
ലക്ഷണങ്ങൾ
മെർസിന്റെ ലക്ഷണങ്ങളും സാധാരണ കോവിഡിന്റെ ലക്ഷണങ്ങളും സാമ്യമുള്ളതാണ്. പനി, ചുമ, ശ്വാസതടസ്സം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെർസ് അണുബാധ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖത്തിലേക്ക് നീങ്ങുകയും ഇത് പിന്നീട് ന്യുമോണിയയിലേക്കും മറ്റ് ഗുരുതര അവസ്ഥയിലേക്കും വഴി മാറുമെന്നും വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നു.
ചികിത്സ
സാധാരണ ഗതിയിൽ ഈ രോഗബാധ ഉണ്ടായാൽ മറ്റ് പ്രത്യേക ചികിത്സകൾ ഉണ്ടാവില്ല. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കാനുള്ള മരുന്നുകളാണ് നൽകുക. കൂടുതൽ ഗുരുതരമാവുന്ന സാഹചര്യത്തിൽ ഓക്‌സിജൻ തെറാപ്പി, വെന്റിലേഷൻ എന്നിങ്ങനെയുള്ള ചികിത്സകൾ ആവശ്യമായി വരാറുണ്ടെന്നും ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications