യുഎഇയിൽ പുതിയ ഫെഡറൽ ഹൈവേ വരുന്നു; ചിലവ് 6 ബില്യൺ ദിർഹം! 3 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും
ദുബായ്: ആഗോള തലത്തിൽ തന്നെ പുതിയ മാതൃകകൾ തീർക്കുന്ന നടനാണ് യുഎഇ. അതിപ്പോൾ അടിസ്ഥാന സൗകര്യ വികസനം ആയാലും മറ്റ് മേഖലകളിൽ ആയാലും. ഇപ്പോഴിതാ യുഎഇയിലെ എമിറേറ്റുകൾക്ക് ഇടയിലെ ഗതാഗതം മെച്ചപ്പെടുത്താൻ 6 ബില്യൺ ദിർഹമിന്റെ പുതിയ ഫെഡറൽ ഹൈവേയും സംയോജിത മാസ് ട്രാൻസിറ്റ് ശൃംഖലയും ഒരുങ്ങുകയാണ്. ദുബായ്, ഷാർജ, അജ്‌മാൻ എന്നിവയെ ബന്ധിപ്പിച്ച് ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ഊർജ്ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി അധ്യക്ഷനായ 2026-ലെ യുഎഇ ഇൻഫ്രാസ്ട്രക്ച്ചർ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഇതിനുള്ള രൂപരേഖ അവതരിപ്പിച്ചത്. ഗതാഗതക്കുരുക്ക് ലഘൂകരിച്ച് നഗരവൽക്കരണം പിന്തുണയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായുടെ ഭാവിയെ തന്നെ സ്വാധീനിക്കുന്ന നിർണായക പദ്ധതികളിൽ ഒന്നായിരിക്കും ഇത്.

ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയമായ 'നാലാമത്തെ ഫെഡറൽ ഹൈവേ'ക്ക് 6 ബില്യൺ ദിർഹം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 68 കിലോമീറ്റർ നീളമുള്ള ഈ ഹൈവേയിൽ ഓരോ ദിശയ്ക്കും 6-8 പാതകളാണ് ഉണ്ടാവുക. 10 പ്രധാന ഇന്റർചേഞ്ചുകളും 4 ഫ്ലൈഓവറുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ഈ പദ്ധതിയിലൂടെ വാഹന ഗതാഗതം സുഗമമാവും.
ദുബായ്, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിലെ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾക്കായി 10 പ്രധാന റൂട്ടുകളോടെ മാസ് ട്രാൻസിറ്റ് ശൃംഖലയും കൗൺസിൽ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനവും പ്രത്യേക പാതകളും ഈ ശൃംഖലയിൽ ഉൾപ്പെടും. മെട്രോ സ്‌റ്റേഷനുകളുൾപ്പെടെയുള്ള നിലവിലുള്ള ഗതാഗത കേന്ദ്രങ്ങളുമായി ഇത് ബന്ധിപ്പിക്കും.
സ്വകാര്യ വാഹന ഉപയോഗം, കാർബൺ ഉദ്വമനം എന്നിവ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമീപകാല കാലാവസ്ഥാ മാറ്റങ്ങളെ തുടർന്ന് അടിയന്തര പ്രതികരണ, റോഡ് സുരക്ഷാ നടപടികളും കൗൺസിൽ വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങളോടെ ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കണമെന്നാണ് മന്ത്രി ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
ഗതാഗത കാര്യക്ഷമതയും ജനസംഖ്യാ വളർച്ചയും പിന്തുണച്ച് തിരക്കും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്ന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ അജ്‌മാന്റെ കണക്റ്റിവിറ്റി മൂന്നാമത്തെയും നാലാമത്തെയും ഫെഡറൽ റോഡ് ഇടനാഴികളുമായി ശക്തിപ്പെടുത്താനുള്ള പദ്ധതികളും കൗൺസിൽ വിലയിരുത്തുകയും ചെയ്‌തു. വടക്കൻ എമിറേറ്റുകൾക്ക് ഈ വികസനത്തിന്റെ പ്രയോജനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായ യുഎഇയുടെ അടുത്ത നിർണായക പദ്ധതികളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. ദുബായ് ആർടിഎയുടെ റെയിൽ പദ്ധതി അടക്കമുള്ളവയും അധികം വൈകാതെ നടപ്പാവും. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ദുബായും അജ്‌മാനും ഒക്കെ.












Click it and Unblock the Notifications