യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പാക്കേജ്; 11 ദിവസത്തെ യാത്ര, 10446 ദിർഹം മുതൽ ലഭ്യം
ദുബായ്: യുഎഇയിലെ ഏഴ് എമിറേറ്റുകളും സന്ദർശിക്കാവുന്ന 11 ദിവസത്തെ യാത്ര ഇനി സന്ദർശകർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. പുതിയ ദേശീയ ടൂറിസം പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 10,446 ദിർഹം മുതലാണ് പാക്കേജുകളുടെ നിരക്ക്. ഹോട്ടൽ താമസം, യാത്രാ സൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം, ഭക്ഷണം എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ യാത്രാ പാക്കേജുകളാണ് ഇന്ന് മുതൽ ബുക്ക് ചെയ്യാൻ ലഭ്യമായത്.
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്‌ദുല്ല ബിൻ തൗഖ് അൽ മർറിയെ ഉദ്ധരിച്ച് കൊണ്ട് ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങൾ സന്ദർശിക്കാനും കൂടുതൽ ദിവസം ഇവിടെ തങ്ങാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് ഞങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതി ആരംഭിച്ചു. ഇതിന്റെ പേര് UAEGrandTour.com എന്നാണ്. യുഎഇയെ ഒരു സമഗ്ര യാത്രയുടെ ഭാഗമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം; അൽ മർറി പറഞ്ഞു.

രാജ്യത്ത് സഞ്ചരിക്കുന്നതിന് വിവിധ തരത്തിലുള്ള പാക്കേജുകളാണ് നിലവിൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിരിക്കുന്നത്. ഗ്രാൻഡ് ക്ലാസിക്, ഗ്രാൻഡ് അഡ്വഞ്ചർ, ഗ്രാൻഡ് ബീച്ചസ്, ഗ്രാൻഡ് ഇക്കോ ഫ്രണ്ട്‌ലി, ഗ്രാൻഡ് ഫാമിലി എന്നിവയാണ് പ്രധാന പാക്കേജുകൾ. യുഎഇയിൽ 10 രാത്രികൾ താമസിച്ച് ഏഴ് എമിറേറ്റുകളും സന്ദർശിക്കാവുന്ന പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് അൽ മർറി പറഞ്ഞു.
ഗ്രാൻഡ് ക്ലാസിക് പാക്കേജിന് 11 ദിവസവും 10 രാത്രിയും ദൈർഘ്യമുണ്ട്. ഒരാൾക്ക് 10,446 ദിർഹമാണ് നിരക്ക് ആരംഭിക്കുന്നത്. രണ്ട് മുതിർന്നവർക്ക് 20,891 ദിർഹം മുതലാണ് പാക്കേജ്. തിരഞ്ഞെടുത്ത ഫോർ സ്‌റ്റാർ, ഫൈവ് സ്‌റ്റാർ ഹോട്ടലുകളിലെ 10 രാത്രത്തെ താമസം, ദിവസേനയുള്ള പ്രഭാതഭക്ഷണം, യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ഭക്ഷണങ്ങൾ, എയർ കണ്ടീഷൻ ചെയ്‌ത സ്വകാര്യ വാഹനം, ഇംഗ്ലീഷ് സംസാരിക്കുന്ന ഡ്രൈവർ-ഗൈഡ് എന്നിവ പാക്കേജിൽ ഉൾപ്പെടും.
യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളും പ്രവേശന ഫീസും പാക്കേജിന്റെ ഭാഗമാണ്. ദുബൈ ക്രീക്കിലൂടെ പരമ്പരാഗത അബ്ര ബോട്ട് യാത്ര, മരുഭൂമി സഫാരി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മരുഭൂമി സഫാരിയിൽ ഡ്യൂൺ ബാഷിങ്, ഒട്ടക സവാരി, ബാർബിക്യൂ ഡിന്നർ എന്നിവയും ലഭിക്കും.
യാത്രയ്ക്കിടെയുള്ള കുപ്പിവെള്ളവും പ്രാദേശിക നികുതികളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ, ആവശ്യമായ സാഹചര്യങ്ങളിലെ യുഎഇ വിസ ഫീസ്, യാത്രാ ഇൻഷുറൻസ്, ടൂറിസം ദിർഹം ഫീസ്, വ്യക്തിഗത ചെലവുകൾ, ടിപ്പുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടില്ല എന്നത് പ്രത്യേകം ഓർക്കണം.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ച് അവിടെത്തന്നെയാണ് യാത്ര അവസാനിക്കുക. കുറഞ്ഞത് രണ്ട് മുതിർന്നവരെങ്കിലും ഉണ്ടായിരിക്കണം. യാത്രക്കാർക്ക് കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടും ആവശ്യമാണ്. സമീപകാല പ്രതിസന്ധികൾ മൂലമുണ്ടായ തടസങ്ങൾക്ക് ശേഷം യുഎഇയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications
