ദുബായിൽ ഇനി മഴയേയും വെള്ളക്കെട്ടിനെയും ഭയക്കേണ്ട; അത്യാധുനിക റാപ്പിഡ് ഇന്റർവെൻഷൻ വെഹിക്കിൾ പുറത്തിറക്കി
ദുബായ്: അതിശക്തമായ മഴയും വെള്ളപ്പൊക്കവും തടയാൻ ദുബായ് ഏറ്റവും പുതിയ റാപ്പിഡ് ഇന്റർവെൻഷൻ വാഹനം വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നേരിട്ട് ഇതിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം വിലയിരുത്തി. 2024 ഏപ്രിലിലെ റെക്കോർഡ് മഴ വെളിപ്പെടുത്തിയ ഡ്രെയിനേജ് പോരായ്‌മകൾ പരിഹരിച്ച് ദുബായുടെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളെ ഇത് ശക്തിപ്പെടുത്തും.
നാല് പമ്പുകളുള്ള ഈ വാഹനത്തിന് മിനിറ്റിൽ 60,000 ലിറ്റർ വെള്ളം നീക്കം ചെയ്യാനാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് 10 സാധാരണ പമ്പുകളുടെയോ 25 ടാങ്കറുകളുടെയോ ശേഷിക്ക് തുല്യമാണ്. സെക്കൻഡിൽ 1000 ലിറ്റർ വെള്ളം വലിച്ചെടുത്ത് ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു.

1.8 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തതാണിത്. 2024-ലെ കൊടുങ്കാറ്റിൽ വെള്ളം നിറഞ്ഞ ദുബായിലെ പല അടിപ്പാതകളിലും താഴ്ന്ന റോഡുകളിലും ഇത് ഫലപ്രദമാകും. ജലനിരപ്പ് കുറയാൻ കാത്തുനിൽക്കാതെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അധികൃതരെ പ്രാപ്‌തരാക്കും.
മഴവെള്ളം വലിച്ചെടുക്കാനുള്ള ഹോസുകളും ഹോസ് റീൽ ട്രെയിലറും വാഹനത്തിലുണ്ട്. കുടുങ്ങിയവരെ രക്ഷിക്കാൻ ഒരു റെസ്ക്യൂ ബോട്ടും സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ കാഴ്‌ചയിലും രാത്രി പ്രവർത്തനങ്ങളിലും, കുടുങ്ങിയ ഡ്രൈവർമാരെയും ഡ്രെയിനേജുകളെയും കേടായ അടിസ്ഥാന സൗകര്യങ്ങളെയും കണ്ടെത്താൻ തെർമൽ ഡ്രോൺ സഹായകമാകും.
വൈദ്യുതി മുടങ്ങുമ്പോൾ പ്രവർത്തിക്കാൻ വാഹനത്തിൽ ബാക്കപ്പ് ജനറേറ്ററും ലൈറ്റിംഗ് ടവറുമുണ്ട്. ഒരു മൊബൈൽ വെള്ളപ്പൊക്ക നിയന്ത്രണ കേന്ദ്രമാണിത്. പൂർണമായി വിന്യസിച്ചാൽ, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ സമയം 75 ശതമാനത്തിലധികം കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
2024 ഏപ്രിൽ 16-ന്, ദുബായിൽ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ രേഖപ്പെടുത്തിയിരുന്നു. ഒരു വർഷത്തെ മഴ ഒരു ദിവസത്തിൽ താഴെയായി പപെയ്‌തത് ഹൈവേകളെയും ജനവാസ മേഖലകളെയും ദുബായ് വിമാനത്താവളത്തെയും വെള്ളത്തിൽ മുക്കി. തീവ്രമായ കൊടുങ്കാറ്റുകളെ നേരിടുന്നതിൽ നിലവിലുള്ള ഡ്രെയിനേജ് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ ഇത് എടുത്തു കാണിച്ചു.
ഈ വെള്ളപ്പൊക്കത്തെത്തുടർന്ന്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് 30 ബില്യൺ ദിർഹം ചെലവുള്ള തസ്രീഫ് പദ്ധതിക്ക് അംഗീകാരം നൽകി. ഡ്രെയിനേജ് ശേഷി 700 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യം. താത്കാലിക വാഹനങ്ങളെയും ടാങ്കറുകളെയും ആശ്രയിക്കാതെ, ആഴത്തിലുള്ള തുരങ്കങ്ങളിലൂടെയും നവീകരിച്ച നെറ്റ്‌വർക്കുകളിലൂടെയും മഴവെള്ളം തെരുവുകളിൽ നിന്ന് നീക്കാനാകും.
രക്ഷാ വാഹനം പരിശോധിക്കുന്നതിനൊപ്പം ഷെയ്ഖ് ഹംദാൻ സ്‌മാർട്ട് ബസ് സ്‌റ്റേഷനും സോഫ്റ്റ്-മൊബിലിറ്റി പാർക്കിംഗ് സൗകര്യങ്ങളും വിലയിരുത്തി. ഡിജിറ്റൽ സേവനങ്ങൾ, സൗരോർജ്ജം, ജനക്കൂട്ടം നിയന്ത്രിക്കാൻ എഐ ക്യാമറകൾ എന്നിവ സ്‌റ്റേഷനിലുണ്ടാകും. സൈക്കിളുകളെയും സ്‌കൂട്ടറുകളെയും പിന്തുണയ്ക്കുന്ന ഈ ഹബ്ബുകൾ, സുസ്ഥിര ഗതാഗത ഓപ്ഷനുകളിലേക്കുള്ള ദുബായുടെ മുന്നേറ്റത്തെ പ്രതിഫലിക്കുന്നു.
'ഇന്ന് നാം കാണുന്ന ഈ യാത്രാ പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല. ഇത് അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് നഗര ഗതാഗതമെന്ന ആശയത്തിന് പുതിയ നിർവചനം നൽകുന്നു. ഭാവിയെ പ്രവചിക്കാനും യാഥാർത്ഥ്യമാക്കാനും കഴിവുള്ള നഗരമായി മാറാനുള്ള ദുബായുടെ അഭിലാഷത്തെ ഇത് പ്രതിഫലിക്കുന്നു' ഷെയ്ഖ് ഹംദാൻ പറഞ്ഞു.
'നൂതനത്വം പ്രധാന തത്വമായും സാങ്കേതികവിദ്യ പ്രധാന ഉപകരണമായുമെടുത്ത്, ജീവിതങ്ങളെ മെച്ചപ്പെടുത്താനുള്ള വ്യക്തമായ കാഴ്‌ചപ്പാടോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കാര്യക്ഷമത വർധിപ്പിച്ച്, സ്‌മാർട്ടും സുസ്ഥിരവുമായ പരിഹാരങ്ങളെ ശക്തിപ്പെടുത്താനും അതിന്റെ വികസനപരമായ സ്വാധീനം വർധിപ്പിക്കാനും, പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.














Click it and Unblock the Notifications