പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോർക്ക കെയർ ഇൻഷുറൻസ് രജിസ്‌ട്രേഷന് ശേഷിക്കുന്നത് രണ്ട് ദിനം കൂടി മാത്രം!
കൊച്ചി: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തീയതി അടുക്കുന്നു. ഈ വർഷം നവംബര്‍ 30 വരെ മാത്രമാണ് പദ്ധതിയിലേക്ക് എൻറോൾ ചെയ്യാനുള്ള അവസരമുള്ളത്. കേവലം രണ്ട് ദിവസം മാത്രം ശേഷിക്കെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം നഷ്‌ടപ്പെടുത്തരുതെന്നാണ് പ്രവാസികളോട് നിർദ്ദേശം.
സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്‌റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡ് എന്നിവയുള്ള പ്രവാസി കേരളീയര്‍ക്ക് നോർക്ക കെയറിലേക്ക് എൻറോൾ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്‌റ്റര്‍ ചെയ്യാം.

നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം സേവനവും ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിംഗ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.
നോര്‍ക്ക കെയര്‍ എൻറോള്‍മെന്റിനുളള അവസാന തീയ തി 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴി വീഡിയോ കാൾ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത് എന്നും അധികൃതർ അറിയിച്ചു. അവസാന ദിനമായ നവംബർ 30 ഞായറാഴ്‌ച ആണെന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. ഈ വർഷത്തെ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാക്കാൻ ആയിരുന്നു സർക്കാർ തീരുമാനം. ഈ ഇൻഷുറൻസിനുള്ള പ്രായ പരിധി: 18-70 വയസ് വരെയാണ് കുട്ടികൾക്ക് പരമാവധി 25 വയസ് വരെയും.
ഏറെകാലമായി പ്രവാസി കേരളീയർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വേണം എന്നത്. നേരത്തെ ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് കേരള സർക്കാർ നോർക റൂട്ട്സ് മുഖേന അവതരിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി.
കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളിലാണ് നോര്‍ക്ക കെയര്‍ സേവനം വഴിയുളള ചികിത്സ ലഭ്യമാകുക എന്നതാണ് പ്രത്യേകത. എങ്കിലും സമീപഭാവിയില്‍ തന്നെ ഈ പദ്ധതിയില്‍ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വിപുലീകരണം നടത്തിയേക്കും.












Click it and Unblock the Notifications