ഒമാനിലെ സോഹാർ തീരമേഖലയിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; 2 ഇന്ത്യൻ നാവികരെ കാണാതായി
മസ്‌ക്കറ്റ്: ഒമാനിലെ സോഹാർ തീരമേഖലയിൽ നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. കപ്പലിലുണ്ടായിരുന്ന മറ്റ് ഒമ്പത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ, കപ്പൽഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്‌ചയാണ് സംഭവം. കാണാതായവർക്കായി പ്രാദേശിക തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
നിക്കരാഗ്വയുടെ പതാകയ്ക്ക് കീഴിൽ സഞ്ചരിച്ചിരുന്ന എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിൽ 11 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് രണ്ട് പേരെ കാണാതാവുകയും ഒമ്പത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്‌തു. രക്ഷാപ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട അധികൃതരുമായും കപ്പൽ മാനേജ്മെന്റ് സ്ഥാപനങ്ങളുമായും ഏകോപനം നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഒമാനിലെ ഇന്ത്യൻ എംബസിയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കാണാതായ നാവികരെ കണ്ടെത്തുന്നതിനും രക്ഷപ്പെട്ടവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുമായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. ഇറാൻ-യുഎസ് സംഘർഷം തുടങ്ങിയ ശേഷം മേഖലയിൽ പലതവണയായി കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്.
ഇതിനിടെ, ഇന്ത്യൻ നാവികർ ജോലി ചെയ്‌തിരുന്ന മറ്റൊരു വാണിജ്യക്കപ്പലിനും ആക്രമണമുണ്ടായി. മാർഷൽ ദ്വീപുകളുടെ പതാകയ്ക്ക് കീഴിൽ സഞ്ചരിച്ചിരുന്ന എംടി വാൽതെറ എന്ന കപ്പലിന് നേരെ തിരിച്ചറിയാത്ത ഒരു ആയുധം പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ സംഘർഷം ഉടൻ കുറയ്ക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കണമെന്നും വാണിജ്യക്കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലും സമീപപ്രദേശങ്ങളിലും വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ആഗോള എണ്ണ, പ്രകൃതിവാതക വിതരണത്തിന് നിർണായകമായ സമുദ്രപാതയായതിനാൽ മേഖലയിലെ സുരക്ഷാ സാഹചര്യം അന്താരാഷ്ട്ര കപ്പൽഗതാഗതത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എംടി പെട്രോ ഡോൾഫിൻ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം ഗൾഫ് മേഖലയിലെ വാണിജ്യക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങളുടെ തുടർച്ചയായ സംഭവങ്ങളിലൊന്നാണ്. സമാനമായ ആക്രമണങ്ങൾ സമുദ്രഗതാഗത മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ഇതിന് തൊട്ടുമുമ്പത്തെ ദിവസവും യുഎഇയിലെ ഷാർജ ആങ്കറേജിൽ നങ്കൂരമിട്ടിരുന്ന പനാമ പതാകയുള്ള അസംസ്‌കൃത എണ്ണക്കപ്പലായ എംടി ജെം നമ്പർ 2ന് നേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചിരുന്നു. വീണ്ടും ആക്രമണങ്ങൾ പതിവാകുന്നത് ആശങ്ക ഉണർത്തുന്നുണ്ട്.


Click it and Unblock the Notifications
