ഒമാന്‍ ഉഗ്രന്‍ പണി തന്നു; മലയാളികള്‍ക്ക് 'നേട്ടമായേക്കും', നാമക്കല്‍ മുട്ട കയറ്റുമതിക്ക് തിരിച്ചടി
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ നിന്നുള്ള മുട്ട ഇറക്കുമതി ഒമാന്‍ നിര്‍ത്തിവെച്ചു. കടലൂര്‍ ജില്ലയില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഒമാന്റെ നടപടി. നാമക്കലില്‍ പക്ഷിപ്പനി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും സുരക്ഷയുടെ ഭാഗമായിട്ടാണ് ഒമാന്റെ നടപടി. നാമക്കലില്‍ നിന്ന് വന്‍തോതില്‍ മുട്ട കയറ്റി അയക്കുന്നത് ഒമാനിലേക്കാണ്.
എല്ലാ മാസവും 30 മുതല്‍ 35 കണ്ടെയ്‌നറുകള്‍ വരെ ഒമാനിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്ന സ്ഥലമാണ് നാമക്കല്‍. ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന 20-25 ശതമാനം മുട്ടയും ഒമാനിലേക്കാണ്. ഒമാന്‍ ഇറക്കുമതി നിര്‍ത്തിയത് നാമക്കല്‍ മേഖലയിലെ കയറ്റുമതി താളംതെറ്റിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ മുട്ട നാമക്കലില്‍ കെട്ടിക്കിടക്കും. അല്ലെങ്കില്‍ ബദല്‍ വിപണി കണ്ടെത്തേണ്ടി വരും.

10 ദിവസം മുമ്പാണ് കടലൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ശേഷം കോഴികളെ കൂട്ടത്തോടെ നശിപ്പിച്ചിരുന്നു. അണുബാധ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. കേന്ദ്ര-സംസ്ഥാന മെഡിക്കല്‍ സംഘം മേഖലയില്‍ പരിശോധന നടത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അതേസമയം, നാമക്കലില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒമാന്‍ ഇറക്കുമതി റദ്ദാക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും നാമക്കലില്‍ നിന്ന് മുട്ട കയറ്റുമതി ചെയ്യുന്നത് ഒമാനിലേക്കാണ്. ഇറാന്‍-അമേരിക്ക യുദ്ധത്തിനിടെ മിക്ക മേഖലയിലും കയറ്റുമതി പ്രതിസന്ധി നേരിട്ടിരുന്നു എങ്കിലും നാമക്കലില്‍ നിന്ന് ഒമാനിലേക്കുള്ള മുട്ട കയറ്റുമതി തടസില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഒമാന്റെ പുതിയ തീരുമാനം കയറ്റുമതിയെ ബാധിച്ചു എന്ന് മുട്ട കയറ്റുമതി അസോസിയേഷന്‍ സെക്രട്ടറി ജഹാന്‍ ആര്‍ പറഞ്ഞു.
മുട്ടകള്‍ തരം തിരിച്ചാണ് കയറ്റുമതി ചെയ്യുക. എല്ലാ മുട്ടകളും കയറ്റുമതി യോഗ്യമാകില്ല. വലിപ്പമുള്ള മുട്ടകളാണ് കയറ്റുമതി ചെയ്യുക. അല്ലാത്തവ വിദേശ വിപണിയില്‍ നിന്ന് മടക്കി അയക്കും. ചെറിയ മുട്ടകള്‍ നാട്ടില്‍ വിതരണം ചെയ്യുകയാണ് പതിവ്. കേരളത്തിലേക്ക് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നാമക്കലില്‍ നിന്ന് മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.
ഒമാന്റെ മുട്ട ഇറക്കുമതി നിരോധനം നീണ്ടുപോയാല്‍ നാമക്കലില്‍ നിന്നുള്ള മുട്ട കേരളത്തിലേക്കും എത്തിയേക്കും. അധികമായി മുട്ട എത്തിയാല്‍ വില കുറയാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ അടുത്തിടെ വലിയ വിലക്കുതിപ്പ് ഉണ്ടായിരുന്നു. ഒരു മുട്ടയ്ക്ക് 6.50 രൂപയില്‍ നിന്ന് എട്ട് രൂപ വരെ ഉയര്‍ന്നു. ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് നാമക്കലിലെ വ്യാപാരികള്‍. വൈകാതെ മുട്ട ഒമാനിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്ന പ്രതീക്ഷയാണ് ജഹാന്‍ ആര്‍ പങ്കുവെക്കുന്നത്.





Click it and Unblock the Notifications
