യുഎഇയിൽ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യത; താപനില 49 ഡിഗ്രി വരെ, സുഹൈൽ വന്നത് ആശ്വാസം!
ദുബായ്: യുഎഇയിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയാണ് (എൻസിഎം) ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ചില ഉൾപ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പൊതുവെ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും.
ഉച്ചയ്ക്ക് കിഴക്കൻ, തെക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാനും തുടർന്ന് ചില ഉൾപ്രദേശങ്ങളിലേക്ക് വ്യാപിച്ച് മഴയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. കാറ്റ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും. എന്നാൽ മേഘാവൃതമായ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാം. ഇതോടെ പൊടിയും മണലും ഉയർന്ന് കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്.

ഉൾപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും മലനിരകളിലും 45 കിലോമീറ്റർ വരെയും എത്താം. ബുധനാഴ്‌ച രാത്രിയിലും വ്യാഴാഴ്‌ച രാവിലെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്‌ച കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മറ്റന്നാൾ മുതൽ ഞായറാഴ്‌ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്ക് മഴയ്ക്കുള്ള സാധ്യതയും എൻസിഎം പ്രവചിച്ചിട്ടുണ്ട്.
അതേസമയം, യുഎഇയിൽ പരമ്പരാഗതമായി വേനൽച്ചൂട് കുറയുന്നതിന്റെ സൂചനയായി കണക്കാക്കുന്ന സുഹൈൽ കാലത്തിന് ഓഗസ്‌റ്റ് 24 തിങ്കളാഴ്‌ച തുടക്കമായിരുന്നു. വർഷംതോറും വലിയ വ്യത്യാസമില്ലാതെ എത്തുന്ന ഈ കാലഘട്ടം അറേബ്യൻ ഉപദ്വീപിൽ തലമുറകളായി വേനലിന്റെ തീവ്രത കുറയുന്നതിന്റെയും മിതമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്.
എന്നാൽ യുഎഇയിൽ സുഹൈൽ നക്ഷത്രത്തെ ഇതുവരെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനായിട്ടില്ല. സൂര്യോദയത്തിന് മുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിന് സമീപം പ്രത്യക്ഷപ്പെടുന്ന നക്ഷത്രം മൂടൽമഞ്ഞും നിലവിലെ കാലാവസ്ഥയും കാരണം ദൃശ്യമാകാത്തതാണ് കാരണം. സാധാരണയായി സുഹൈൽ കാലത്തിന്റെ വരവുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി ചില മാറ്റങ്ങളും കാണാറുണ്ട്.
രാജ്യത്ത് ആധുനിക കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ നിലവിൽ വരുന്നതിന് ഏറെ മുമ്പുതന്നെ, സുഹൈൽ നക്ഷത്രത്തിന്റെ വാർഷിക വരവ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര സൂചകങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. കൃഷി, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളെ സ്വാധീനിക്കുന്ന മാറ്റം കൂടിയായാണ് ഇത് കണക്കാക്കുന്നത്.


Click it and Unblock the Notifications