യുഎഇയിൽ ഇന്ന് ചിലയിടത്ത് മഴയ്ക്ക് സാധ്യത; താപനില 20 ഡിഗ്രി വരെ താഴാം, പൊടിക്കാറ്റിനെ സൂക്ഷിക്കണം
ദുബായ്: യുഎഇയിൽ ഒക്ടോബർ 24 ശനിയാഴ്‌ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്കുശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും.
രാജ്യത്ത് പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെൽഷ്യസ് വരെയെത്താം. അതേസമയം, അബുദാബിയിൽ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം. പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്.

രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയെത്താമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം.
ശനിയാഴ്‌ച രാത്രി മുതൽ ഞായറാഴ്‌ച രാവിലെ വരെ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും അന്തരീക്ഷ ഈർപ്പം വർധിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി ചിലയിടങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാം. അബുദാബിയിലും ദുബായിലും ഈർപ്പനില 25 മുതൽ 80 ശതമാനം വരെയായിരിക്കുമെന്നാണ് പ്രവചനം.
അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ ആയിരിക്കുമെന്നും ഒമാൻ കടലിൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും യാത്രകളിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
അതേസമയം, ഒക്ടോബർ 25 ഞായറാഴ്‌ച യുഎഇയിൽ പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. വടക്കൻ, കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ചില പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കുമെങ്കിലും അത് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കില്ല.
ഞായറാഴ്‌ച രാത്രി മുതൽ തിങ്കളാഴ്‌ച രാവിലെ വരെ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇതോടെ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും ചിലയിടങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് രാവിലെ യാത്ര ചെയ്യുന്നവർ ദൃശ്യപരത കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം.


Click it and Unblock the Notifications
