യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 47 ഡിഗ്രി വരെ, ഇനി മൂടൽമഞ്ഞിനെ സൂക്ഷിക്കണം
ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്‌ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 47°C വരെ ഉയരാനും ശക്തമായ കാറ്റിനെ തുടർന്ന് പൊടിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് കാലാവസ്ഥ പൊതുവെ തെളിഞ്ഞതുമുതൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടാനും ഇതിന്റെ ഫലമായി മഴ ലഭിക്കാനും സാധ്യതയുണ്ട്. കാറ്റ് നേരിയതുമുതൽ മിതമായതുമാകുമെങ്കിലും ചില സമയങ്ങളിൽ ശക്തമാകാം. പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ കാറ്റിനൊപ്പം പൊടി ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 41°C മുതൽ 47°C വരെയായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 37°C മുതൽ 42°C വരെയായിരിക്കും. മലനിരകളിൽ താപനില 30°C മുതൽ 36°C വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയിലും വ്യാഴാഴ്‌ച രാവിലെയും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കും. ഇതോടെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലെ ചില മേഖലകളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
നാളെയും വെള്ളിയാഴ്‌ചയും കാലാവസ്ഥയിൽ അസ്ഥിരത തുടരാനാണ് സാധ്യത. കിഴക്കൻ, തെക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മേഘങ്ങൾ രൂപപ്പെടുകയും മഴ ലഭിക്കുകയും ചെയ്യാം. മേഘങ്ങളുടെ സാന്നിധ്യമുള്ള സമയത്ത് കാറ്റിന്റെ വേഗം 45 കിലോമീറ്റർ വരെ ഉയരാം. ഇത് പൊടി ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. വെള്ളിയാഴ്‌ച പുലർച്ചെയും മൂടൽമഞ്ഞിനോ നേരിയ മഞ്ഞിനോ സാധ്യതയുണ്ട്.
വാരാന്ത്യത്തിലും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷമുള്ള മഴയ്ക്കുള്ള സാധ്യത തുടരും. എന്നാൽ ശനിയാഴ്‌ച താപനില ഉയരാൻ സാധ്യതയുണ്ട്. ഞായറാഴ്‌ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതുമുതൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും മഴയ്ക്ക് സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 35 കിലോമീറ്റർ വരെ ഉയരാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. അതിനിടെ യുഎഇ നിവാസികൾക്ക് മൂടൽ മഞ്ഞ് ഇനിയൊരു ഭീഷണിയാവുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ മൂടൽമഞ്ഞ് കാരണം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. കാഴ്‌ചാപരിധി കുറയുന്നതിനാൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യത്തിനാണ് സാധ്യത. സെപ്റ്റംബറിൽ പൊതുവെ യുഎഇയിൽ മൂടൽമഞ്ഞുണ്ടാവുക പതിവാണ്.


Click it and Unblock the Notifications